മത-സമുദായ സംഘടനകളുമായി നല്ലബന്ധം നിലനിര്‍ത്തണം; ജനകീയ പ്രശ്‌നങ്ങളില്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍; മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കോണ്‍ഗ്രസുകാരാക്കണം; തദ്ദേശം ജയിക്കാന്‍ സര്‍ക്കുലറുമായി കോണ്‍ഗ്രസ്; മാര്‍ഗ്ഗ രേഖയില്‍ നിറയ്ക്കുന്നത് പ്രതീക്ഷകള്‍

Update: 2025-02-24 02:04 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നോട്ടമുണ്ടാക്കാന്‍ വ്യക്തമായ പദ്ധതികളുമായി കോണ്‍ഗ്രസ്. വാര്‍ഡുകളിലെ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കുടുംബവിവര രജിസ്റ്റര്‍ തയ്യാറാക്കിയാകും പ്രവര്‍ത്തനം. മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ പാര്‍ട്ടിയില്‍ ചേര്‍ത്തും അടിത്തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തപ്പെടുത്തിയും നേട്ടമുണ്ടാക്കാനാണ് നീക്കം. ഇതിന് വേണ്ടി വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് മാര്‍ഗ്ഗ രേഖയും തയ്യാറാക്കി. മത-സമുദായ സംഘടനകളുമായി നല്ലബന്ധം നിലനിര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍ നടത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റോ, പ്രസിഡന്റ് ചുമതലപ്പെടുത്തിയ ഭാരവാഹിയോ അഡ്മിനായി സംഘടനാകാര്യങ്ങള്‍ അറിയിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. പാര്‍ട്ടിനിലപാടുകള്‍, സമരങ്ങള്‍ എന്നിവ ഇതുവഴി പ്രവര്‍ത്തകരിലെത്തിക്കണം. എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തിയുള്ള പ്രവര്‍ത്തനം അനിവാര്യതയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ തദ്ദേശത്തിലെ വിജയം അനിവാര്യതയാണന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് കാര്യക്ഷമമയാ ഇടപെടല്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍, വിമുക്തഭടന്മാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കലാ-കായികരംഗത്തുള്ളവര്‍, മറ്റുപാര്‍ട്ടികളിലെ അസംതൃപ്തര്‍ എന്നിവരെയൊക്കെ പാര്‍ട്ടി അംഗങ്ങളാക്കും. വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തനം ശക്തമാക്കണം. മാലിന്യസംസ്‌കരണ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തി സാധാരണക്കാരെ പാര്‍ട്ടിയുമായി അടുപ്പിക്കണമെന്നാണ് ആവശ്യം. വാര്‍ഡിലെ പ്രധാനവിഷയങ്ങള്‍ മാസത്തില്‍ രണ്ടുതവണയെങ്കിലും യോഗംചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും ഗൗരവത്തിലാകും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരുടെ വിവരം സൂക്ഷിച്ചുവെച്ച് ഹിയറിങ്ങിന് ഹാജരാകുന്നുവെന്ന് ഉറപ്പാക്കണം. ബി.എല്‍.ഒ.മാരുടെ നിയമനത്തില്‍ ഇടപെടാനും നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍, വില്ലേജ്, താലൂക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടുക. മരണം, വിവാഹം, ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ സാന്നിധ്യവും സഹായവും ഉറപ്പാക്കണം. പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും നേട്ടം കൈവരിക്കുന്ന മറ്റുമേഖയിലുള്ളവരെയും വീട് സന്ദര്‍ശിച്ച് അനുമോദനയോഗം നടത്തി ആദരിക്കുണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

ഫ്‌ലാറ്റുകളിലെ താമസക്കാര്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുമായി നല്ലബന്ധം സൂക്ഷിക്കുക. പട്ടികജാതി-വര്‍ഗ നഗറുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കാന്‍ ഇടപെടുക. തൊഴിലുറപ്പ് തൊഴിലാളികള്‍, ആശവര്‍ക്കര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ക്ഷേമനിധിബോര്‍ഡുകളില്‍ തൊഴിലാളികളെ അംഗങ്ങളാക്കുക. ചികിത്സാനിധി സഹായം കിട്ടാന്‍ ഇടപെടണമെന്നും പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News