'ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നു; ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നു; സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും'; സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിത നേതാവ്
ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിത നേതാവ്
കോഴിക്കോട്: എളമരം കരിമിന് പിന്നാലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ ഭീഷണിയുമായി സിഐടിയു വനിത നേതാവ്. സി.ഐ.ടി.യുവിന്റെ ആശാ വര്‍ക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമയാണ് ഭീഷണി സ്വരത്തില്‍ വിഷയത്തില്‍ പ്രതികരിച്ചത്. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമ പറഞ്ഞത്. ആശാ വര്‍ക്കര്‍മാരെ അണിനിരത്തി കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
'നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു. സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരരീതി ആയിരുന്നില്ല സി.ഐ.ടി.യുവിന്റേത്. ഭരണകര്‍ത്താക്കളെ തെറി വിളിക്കുന്ന രീതിയില്‍ ആയിരുന്നില്ല അന്നത്തെ സമരം. ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നുവെന്നും ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നുവെന്നും സമരം നടത്തുന്ന ആശമാരെ പ്രേമ വിമര്‍ശിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഗൂഢാലോചന ഉണ്ട്. തൊഴിലാളികളെ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ ആട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആനുകൂല്യങ്ങള്‍ തരാത്തവര്‍ക്കെതിരെ ഒന്നിച്ചു സമരം ചെയ്യാന്‍ തയ്യാറാണെന്നും പ്രേമ പറഞ്ഞു.
ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വര്‍ദ്ധിക്കുന്നുവെന്നും പി.പി. പ്രേമ പറഞ്ഞു. ആശ വര്‍ക്കര്‍മാരെ വേണ്ടന്ന് പറഞ്ഞവരാണ് യുഡിഎഫ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരാണ് ആശമാര്‍ക്ക് വേണ്ടി നിലപാട് എടുത്തത്. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ഒരു തുകയും വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും പി.പി പ്രേമ പറഞ്ഞു.
സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന സമരം തെറ്റാണെന്ന് പറയുന്നില്ല. ആരുടെ സ്‌കീം ആണ് എന്‍.എച്ച്.എം, ആരാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്? ആശമാര്‍ക്ക് ഇന്‍സെന്റ്റീവ് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഒരു വര്‍ഷം ഈ തുക കേരളമാണ് നല്‍കിയതെന്നും ആണെന്നും പ്രേമ പറഞ്ഞു.
ആശാവര്‍ക്കേഴ്സ് ആന്‍ഡ് ഫെസിലിറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സി.ഐ.ടി.യു)എന്ന സംഘടനയാണ് കോഴിക്കോട്ടെ ഇന്‍കം ടാക്സ് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. ആശമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് കുടിശ്ശിക അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യം നടപ്പാക്കുക, വിരമിക്കല്‍ പ്രായം 65 ആക്കുക, ആശമാര്‍ക്ക് ഇ.എസ്.ഐയും പി.എഫും അനുവദിക്കുക, ആശ മാറി സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബദല്‍ സമരം.