എമ്പുരാന്‍ വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉല്‍പാദിപ്പിക്കുന്ന സിനിമ; കലയെ കലയായി കാണണമെന്ന് എം വി ഗോവിന്ദന്‍; ഗുജറാത്ത് വംശഹത്യ സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഹമ്മദ് റിയാസ്; റീ എഡിറ്റിന് മുമ്പേ സിനിമ കണ്ട് ഇരുവരും
എമ്പുരാന്‍ വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉല്‍പാദിപ്പിക്കുന്ന സിനിമ
തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍, റീ എഡിറ്റിന് മുമ്പേ കാണാനെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭാര്യ പി.കെ. ശ്യാമളയ്ക്കൊപ്പമാണ് ഗോവിന്ദന്‍ തിരുവനന്തപുരത്തെ തീയ്യേറ്ററില്‍ സിനിമ കാണാനെത്തിയത്.
സിനിമ ഒരു തുടര്‍ച്ചയാണല്ലോയെന്നും മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂര്‍ത്തിയാകുകയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉല്‍പാദിപ്പിക്കുന്ന സിനിമയാണ് ഇത്. കലയെ കലയായി കാണണം. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയില്‍. ഫാഷിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാര്‍ക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവര്‍ പറയും.
താന്‍ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമയെന്നാണ് തനിക്ക് തോന്നിയതെന്ന് ചിത്രം കണ്ടശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കലയെ കലയായി കാണണം. സിനിമ സാമൂഹികജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന കലാരൂപമാണ്. ഭരണകൂടഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മകമായ നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടല്‍കൂടി വിവാദത്തിന്റെ ഭാഗമായി നടന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചിത്രം കണ്ടിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പെരുന്നാള്‍ ദിനത്തില്‍ ഭാര്യ വീണാ വിജയനൊപ്പമാണ് ചിത്രം കണ്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ചത്. ഗുജറാത്ത് വംശഹത്യ രാജ്യംകണ്ട വംശഹത്യകളില്‍ ഏറ്റവും ഭയാനകവും കടുത്ത പ്രയാസം സൃഷ്ടിക്കുന്നതുമാണ് എന്ന് മുഹമ്മദ് റിയാസ് സിനിമ കണ്ട ശേഷം പറഞ്ഞു. അതിന് നേതൃത്വം കൊടുത്തത് ആരാണെന്ന് കേരളത്തിലെ ഒന്നാംക്ലാസിലെ കുട്ടിക്കുവരെ മനഃപാഠമാണ്. അതൊരു സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. അതില്‍ വിറങ്ങലിച്ച് അസഹിഷ്ണുതയോടെ നിലപാട് സ്വീകരിച്ചിട്ട് കാര്യമില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഏത് ആശയമാണ്, ഗുജറാത്ത് വംശഹത്യ ഏത് ആശയത്തിന്റെ ഭാഗമായാണ് എന്നൊക്കെ മലയാളിക്ക് മനഃപാഠമാണ്. അത് ഒരു സിനിമയില്‍ വരുമ്പോള്‍, ആ സിനിമ അങ്ങനെയങ്ങ് മുന്നോട്ടുപോവേണ്ട എന്ന നിലപാട് സംഘപരിവാര്‍ ശക്തികള്‍ സ്വീകരിച്ചതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.