മാസപ്പടി കേസില്‍ പാര്‍ട്ടിക്ക് ഒരുപ്രശ്‌നവുമില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍; പിണറായിയെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് എം എ ബേബി; ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്ന് എ കെ ബാലന്‍; രാജി ആവശ്യം അപക്വമെന്നും സിപിഎം നേതാക്കള്‍
മാസപ്പടി കേസില്‍ പാര്‍ട്ടിക്ക് ഒരുപ്രശ്‌നവുമില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍
മധുര: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിയാക്കിയതില്‍ പ്രതികരിച്ച് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍. ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പരിച്ഛേദമാണ് കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമെന്ന് എംഎ ബേബി പറഞ്ഞു. സിപിഎമ്മിന് യാതൊരു പരിഭ്രവുമില്ല. പിണറായി സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്. ഈ കടന്നാക്രമണത്തെ പാര്‍ട്ടി ജനങ്ങളെ അണിനിരത്തി നേരിടും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ അപക്വമായ നടപടിയാണെന്നും ബേബി പറഞ്ഞു.
കേസില്‍ പാര്‍ട്ടിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍, പാര്‍ട്ടിക്ക് എതിരായി മാറ്റുമ്പോള്‍ രാഷ്ട്രീയമായി നേരിടുമെന്നും അത് നേരത്തെയെടുത്ത നിലപാടാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നീക്കങ്ങള്‍ സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനാണെന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു. കേസ് പാര്‍ട്ടിയേയും പിണറായിയും ലക്ഷ്യമിട്ടുള്ള നീക്കമെന്ന് എംഎ ബേബിയും, മാസപ്പടി ഇടപാടില്‍ അഴിമതി ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞതാണെന്ന് എകെ ബാലനും പറഞ്ഞു.
സിഎംആര്‍എല്ലിന് എവിടെയെങ്കിലും പരാതിയുണ്ടോയെന്നായിരുന്നു എകെ ബാലന്റെ മറ്റൊരു ചോദ്യം. സേവനം കിട്ടിയില്ലെന്ന് സിഎംആര്‍എല്‍ പരാതിപ്പെട്ടോ? അത് ആരാണ് പറയേണ്ടത്? പരിപൂര്‍ണമായി അഴിമതി ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞ കേസില്‍ വേറെ തലത്തില്‍ ഇടപെടുകയാണ്. അത് കേരളത്തിലെ ജനം തിരിച്ചറിയും. ഹൈക്കോടതി വിധി വരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ സമ്മേളനം നടക്കുമ്പോള്‍ കുറ്റപത്രം കൊടുക്കുന്നത്തിന്റെ കാരണം വ്യക്തമാണ്. ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്നും എ കെ ബാലന്‍ പറഞ്ഞു.