സ്ഥാനമാനങ്ങള്‍ കണ്ടല്ല പാര്‍ട്ടിയിലേക്ക് വന്നതെന്ന് കെ. സുധാകരന്‍; സണ്ണി ജോസഫ് മികച്ച സംഘാടകനെന്ന് വി ഡി സതീശന്‍; എഐസിസി തീരുമാനം അംഗീകരിക്കുന്നതായി എ.കെ. ആന്റണി; കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സണ്ണി ജോസഫ്

സ്ഥാനമാനങ്ങള്‍ കണ്ടല്ല കോണ്‍ഗ്രസിലേക്ക് വന്നതെന്ന് സുധാകരന്‍

Update: 2025-05-08 14:17 GMT

ന്യൂഡല്‍ഹി; കെ. സുധാകരന് പിന്‍ഗാമിയായി കെപിസിസി പ്രസിഡന്റ് ആയി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ച എഐസിസി തീരുമാനത്തെ അനുകൂലിച്ചും അംഗീകരിച്ചും പ്രതികരണങ്ങളുമായി പ്രമുഖ നേതാക്കള്‍. പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും സ്ഥാനമാനങ്ങള്‍ കണ്ടല്ല താന്‍ പാര്‍ട്ടിയിലേക്ക് എത്തിയതെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചു. സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. എഐസിസി തീരുമാനം അംഗീകരിക്കുന്നതായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും വ്യക്തമാക്കി.

സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡര്‍ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് പ്രതികരിച്ചു. അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ടീം പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ഒരാളുടെയും നോമിനി അല്ല. മതേതര കോണ്‍ഗ്രസിന്റ പ്രതിനിധിയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സുധാകരന്‍ പിന്തുണ നല്‍കിയിരുന്നു. താന്‍ പ്രസിഡന്റ് ആയാല്‍ തലയില്‍ കൈ വെച്ചു അനുഗ്രഹിക്കും എന്നു പറഞ്ഞതായും സണ്ണി ജോസഫ് പറഞ്ഞു.

നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെത്തി. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.

'പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കും. സ്ഥാനം കണ്ടല്ല ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്, പാര്‍ട്ടിയെ കണ്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ഞാന്‍ കോണ്‍ഗ്രസിലുണ്ടാവും.' കെ. സുധാകരന്‍ പറഞ്ഞു. താന്‍ തുടരണമെന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് 'അങ്ങനെയൊക്കെ ഉണ്ടാകും' എന്നാണ് സുധാകരന്‍ പറഞ്ഞത്.

സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആണെന്നും മൂന്നാം തവണയും എംഎല്‍എ ആവുക എന്നത് ചെറിയ കാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സങ്കീര്‍ണമായ വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുന്ന ആളുകൂടിയാണ് സണ്ണി ജോസഫ്. ആന്റോ ആന്റണിയുടെ പേര് ചര്‍ച്ചയാക്കിയത് മാധ്യമങ്ങളാണെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പുതിയ കെപിസിസി പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും എ.കെ. ആന്റണി അഭിനന്ദിച്ചു. എഐസിസി തീരുമാനത്തെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു. ഈ തീരുമാനത്തെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ജനാധിപത്യ വിശ്വാസികളും പൂര്‍ണമായും സ്വാഗതം ചെയ്യുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ധീരമായ നേതൃത്വം നല്‍കിയ കെ. സുധാകരനെ വര്‍ക്കിങ് കമ്മിറ്റിയിടെ ക്ഷണിതാവായി നിയമിച്ചതിനേയും സ്വാഗതം ചെയ്യുന്നു. സുധാകരന്റെ കാലഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വമ്പിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന നേതൃത്വത്തെയാണ്, പുതിയ നേതൃത്വത്തിന് അതിന് സാധിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് മുഖ്യമന്ത്രി അധികാരത്തിലെത്തും.' ആന്റണി പറഞ്ഞു.

അതിനിടെ, കെ സുധാകരനെ അനുകൂലിച്ച് കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നില്‍ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റായി സുധാകരന്‍ തുടരട്ടെ എന്ന് ഫ്‌ലക്‌സില്‍ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്‌ളക്‌സിലുണ്ട്. സേവ് കോണ്‍ഗ്രസ് കാസര്‍കോട് എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂര്‍ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകള്‍ പതിച്ചു. ജനനായകന്‍ കെഎസ് തുടരണം എന്നാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ''കോണ്‍ഗ്രസ് പോരാളികള്‍ 'എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രചരിച്ചത്.

Similar News