കൈവിട്ട ആ ഒരൊറ്റ വോട്ട്! മൂപ്പൈനാടില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത് അവിശ്വസനീയമായ വിധത്തില്‍; വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും നറുക്കെടുപ്പില്‍ യുഡിഎഫിന് ലോട്ടറി; രണ്ടരപ്പതിറ്റാണ്ടിന്റെ യുഡിഎഫ് കോട്ട തകര്‍ക്കാനിറങ്ങിയ ഇടത് മുന്നണിക്ക് സ്വന്തം അംഗം കൊടുത്തത് മുട്ടന്‍ പണി!
മൂപ്പൈനാടില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത് അവിശ്വസനീയമായ വിധത്തില്‍
കല്‍പ്പറ്റ: വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും വയനാട്ടിലെ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) നഷ്ടമായി. നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. സുധ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇത്തവണ ഭരണം പിടിക്കാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ മങ്ങലേറ്റത്.
കക്ഷിനില അനുസരിച്ച് എല്‍ഡിഎഫിനായിരുന്നു പഞ്ചായത്തില്‍ വ്യക്തമായ മുന്‍തൂക്കം. ഒമ്പത് അംഗങ്ങളുള്ള എല്‍ഡിഎഫിന് എട്ട് അംഗങ്ങളുണ്ടായിരുന്ന യുഡിഎഫിനെ അനായാസം പരാജയപ്പെടുത്താമായിരുന്നു. എന്നാല്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കേശവന് എട്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്നണിയിലെ ഒമ്പതാം വാര്‍ഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. ഇതോടെ ഇരുമുന്നണികള്‍ക്കും എട്ട് വീതം വോട്ടുകള്‍ ലഭിച്ച് മത്സരം തുല്യനിലയിലായി.
വോട്ടുനില തുല്യമായതിനെത്തുടര്‍ന്ന് വിജയിയെ കണ്ടെത്താനായി അധികൃതര്‍ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. സുധ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ അപ്രതീക്ഷിത വിജയത്തോടെ മൂപ്പൈനാട് പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു, അതേസമയം എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.