സ്വതന്ത്രന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ ചിറക്കര പഞ്ചായത്തില്‍ നാടകീയ നീക്കങ്ങള്‍; യുഡിഎഫ് പിന്തുണയോടെ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായി; പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക്

Update: 2025-12-27 12:22 GMT

കൊല്ലം: കൊല്ലം ചിറക്കര പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രസിഡന്റ് ആയതിന് പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. എട്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്റ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഉല്ലാസ് കൃഷ്ണന്‍ ആണ് പ്രസിഡന്റ്. എന്‍ഡിഎ -6, യുഡിഎഫ് -5, എല്‍ഡിഎഫ്-5, സ്വതന്ത്രന്‍- 1 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. സ്വതന്ത്രന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. സ്വതന്ത്രന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ എന്‍ഡിഎയ്ക്കും യുഡിഎഫിനും ആറു വീതം വോട്ടായി. ഇതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചത്.

അതേസമയം, കൊല്ലം തഴവ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചു. സിപിഐയുടെ നിസാം തോപ്പിത്തറയാണ് വൈസ് പ്രസിഡന്റ്. സിപിഎമ്മിന്റെ ആര്‍. സുജയാണ് പ്രസിഡന്റ്. യുഡിഎഫ് -9, എല്‍ഡിഎഫ് -10 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ഒരു വോട്ട് അസാധുവായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 10 വോട്ടും ഉണ്ടായിരുന്നതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

കൊല്ലത്ത് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാഗ്യ പരീക്ഷണങ്ങള്‍ യുഡിഎഫിനെ തുണച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടന്ന ഇടങ്ങളില്‍ ദൂരിഭാഗവും യുഡിഎഫ് വിജയിച്ചു. എട്ട് സീറ്റുകള്‍ വീതം യുഡിഎഫിനും എല്‍ഡിഎഫിനും ഉണ്ടായിരുന്ന മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. യുഡിഎഫ് -8 എല്‍ഡിഎഫ് -8 എന്നതായിരുന്നു സീറ്റ് നില. ഒരു ബിജെപി അംഗം വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിലേക്ക് പോയത്. ഗായത്രി ദേവിയാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സാം വര്‍ഗീസ് ആണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. അതേസമയം, യുഡിഎഫിന് ഭൂരിപക്ഷമുള്ള അലയമണ്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം പ്രസിഡന്റായി. പട്ടിക ജാതി സംവരണമായതിനാല്‍ യുഡിഎഫില്‍ മത്സരിക്കാന്‍ ആളുണ്ടായിയില്ല. ഇതോടെയാണ് സിപിഎമ്മിലെ എസ്.ആനന്ദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റായി മുന്‍ എംഎല്‍എ ആര്‍.ലതാദേവിയും വൈസ് പ്രസിഡന്റായിഎസ്.ആര്‍.അരുണ്‍ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.

Similar News