'പിണറായി വിജയന്റെ പൊലീസ് സ്റ്റേഷനില്‍ കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്? പൊലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യം'; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍

രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍

Update: 2025-05-19 09:21 GMT

ആലപ്പുഴ: മാല മോഷ്ടിച്ചെന്ന് ആരോപിച്ച് പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതിയോട് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്ന് സതീശന്‍ ചോദിച്ചു.

ഇല്ലാത്ത കേസിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷിനല്‍ വച്ച് ദലിത് യുവതി പീഡനത്തിന് ഇരയായ സംഭവം പൊലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇല്ലായ്മയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. പേരൂര്‍ക്കട സ്റ്റേഷനില്‍ വച്ച് 20 മണിക്കൂര്‍ നേരമാണ് ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചത്. പരാതിക്കാര്‍ പരാതി പിന്‍വലിച്ചിട്ടും ദലിത് യുവതിക്കെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടെന്നും നീതി തേടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ അവിടെയും അവര്‍ അപമാനിതയായെന്ന് പൊലീസ് പറഞ്ഞു.

പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നതെന്നും സതീശന്‍ ചോദിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയത്. അവിടെയും ദലിത് യുവതിയെ അപമാനിച്ചു. ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടുന്ന നീതി. പാര്‍ട്ടിക്കാര്‍ക്കെണങ്കിലും എല്ലാ നിയമവും ലംഘിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഇടത് സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ തലസ്ഥാന നഗരിയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. വീട്ടുജോലി ചെയ്യുന്ന പാവപ്പെട്ട സ്ത്രീയെ 20 മണിക്കൂര്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ശേഷം സ്റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടു. തെറ്റുകാരിയല്ലെന്ന് തെളിഞ്ഞിട്ടും പരാതിക്കാര്‍ പരാതി പിന്‍വലിച്ചിട്ടും സ്ത്രീക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരിസരത്ത് കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒരു രാത്രി മുഴുവന്‍ ഒരു സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതാണോ സര്‍ക്കാറിന്റെ നടപടി. മുഖ്യമന്ത്രിയുടെ ഓഫിസില്‍വെച്ചും സ്ത്രീ അപമാനിക്കപ്പെട്ടു. അപമാനകരമായ അനുഭവമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോയ ദലിത് സ്ത്രീക്കുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നീതി ഇതാണോ?. ഇതൊരു പ്രതീകം മാത്രമാണ്. നിരവധി വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്ന പൊലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ് സര്‍ക്കാറിന്റെ നാലാം വാര്‍ഷകത്തില്‍ ബിന്ദുവിനുണ്ടായ സംഭവമെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ദലിത് യുവതിയായ ബിന്ദുവിനെതിരായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍മക്കളെ പോലും അധിക്ഷേപിച്ചു. സര്‍ക്കാരിന് തന്നെ ഇത് നാണക്കേടാണെന്നും വലിയ നീതി നിഷേധമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിന്റെ വീട്ടിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

പൊലീസിന് ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ബിന്ദുവിന് ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ സസ്പെന്‍ഷന്‍ മാത്രം പോരാ. അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണം. ബിന്ദുവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കണം സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥന്‍മാരെ മാറ്റി നിര്‍ത്തി അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടും പരിഹാരമുണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും ബിന്ദുവിന്റെ വേദയന്ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു.

Similar News