'ഷൗക്കത്ത് വലതുപക്ഷത്തെ ഇടതുപക്ഷപാതി; സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചു; രണ്ടുകൊല്ലത്തിനിടെ സി.പി.എമ്മിനെ എന്തെങ്കിലും വിമര്‍ശിച്ചോ? ഗോഡ് ഫാദറില്ലാത്തതിനാല്‍ ജോയിയെ തഴഞ്ഞു'; സമ്മര്‍ദ്ദ തന്ത്രം പൊളിഞ്ഞതോടെ അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍

സമ്മര്‍ദ്ദ തന്ത്രം പൊളിഞ്ഞതോടെ അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍

Update: 2025-05-26 14:22 GMT

മലപ്പുറം: യുഡിഎഫ് പ്രവേശനത്തിനായി ഉയര്‍ത്തിയ സമ്മര്‍ദ്ദ തന്ത്രം പൊളിഞ്ഞതോടെ നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ വിഎസ് ജോയ് തഴയപ്പെട്ടുവെന്നുമാണ് പിവി അന്‍വര്‍ കുറ്റപ്പെടുത്തിയത്.

നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ആര്യാടന്‍ ഷൗക്കത്ത് ശ്രമിച്ചെന്ന ഗുരുതര ആരോപണവും അന്‍വര്‍ ഉയര്‍ത്തി. ആര്യാടന്‍ ഷൗക്കത്തിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് സിപിഎം പ്രാദേശിക ഘടകങ്ങള്‍ തീരുമാനമെടുത്തതോടെയാണ് അതില്ലാതായതെന്നാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

'പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ടിഎംസി മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ'. കോണ്‍ഗ്രസ് തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ട് എന്താണ് കാര്യമെന്ന ചോദ്യവും അന്‍വര്‍ ഉയര്‍ത്തി. ഈയൊരു ഘട്ടത്തില്‍ പെട്ടെന്ന് മുന്നണി പ്രവേശനം വേണമെന്ന് പറഞ്ഞ് തിരക്ക് കൂട്ടേണ്ടതില്ലെ, താന്‍ അതിന് സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. 'ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച തീരുമാനം തീര്‍ത്തും കോണ്‍ഗ്രസിന്റേതാണ്. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ഇതായിരുന്നെന്ന് കരുതുന്നില്ല'. ഷൗക്കത്തിന് വിജയ സാധ്യത കുറവാണെന്നും ഇതിനെക്കൂറിച്ച് കൂടുതല്‍ പഠിച്ച ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്‌നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തില്‍ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യന്‍ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി.

വിഎസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു. യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ പിന്തുണക്കാന്‍ തക്ക നിലയിലുള്ള ഒരു നേതൃത്വം കോണ്‍ഗ്രസില്‍ ഇല്ലാതെ പോയി. ജോയിക്ക് ഗോഡ് ഫാദര്‍ ഇല്ലാതെ പോയി. ജോയിയെ മാറ്റി നിര്‍ത്തുന്നതിലൂടെ മലയോര കര്‍ഷകരെയാകെയാണ് മാറ്റി നിര്‍ത്തുന്നത്. കേരളത്തിലിന്ന് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന മേഖലയാണ് മലയോര കര്‍ഷകരുടേത്. അവരെ അവഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാന്‍ഡിനെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് എ.ഐ.സി.സി ഔദ്യോഗിക പ്രഖ്യാപനവും വന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് തീരുമാനം അറിയിച്ചത്. പി.വി. അന്‍വറിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാന്‍ഡ് ശരിവെക്കുകയായിരുന്നു. നിലമ്പൂരില്‍ യു.ഡി.എഫിന് വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നും യോഗത്തില്‍ വിലയിരുത്തി.

അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആര്യാടന്‍ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. വി.എസ് ജോയിയും ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും അന്‍വറിന് തിരിച്ചടിയായി.

ആര്യാടന്‍ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വര്‍ നിലമ്പൂര്‍ പിടിച്ചെടുത്തത്. പിണറായിസത്തെ തകര്‍ക്കാനായി ആര് യു.ഡി.എഫ് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്നായിരുന്നു നേരത്തേ അന്‍വര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മലക്കം മറിയുകയായിരുന്നു.

Similar News