'നിലമ്പൂരില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വരും, അനുയോജ്യമായ ആളെ തീരുമാനിക്കും'; യുഡിഎഫില്‍ അകത്തും പുറത്തും പൊട്ടിത്തെറിയെന്ന് എം വി ഗോവിന്ദന്‍; പി വി അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് ടി പി രാമകൃഷ്ണന്‍

നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി

Update: 2025-05-27 11:20 GMT

തിരുവനന്തപുരം: നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി പൊതുസ്വതന്ത്രനെന്ന് സൂചന. നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തെരയുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊതു സമ്മതനായ സ്ഥാനാര്‍ത്ഥി നിലമ്പൂരില്‍ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അനുയോജ്യമായ ആളെ തീരുമാനിക്കുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. യുഡിഎഫില്‍ അകത്തും പുറത്തും പൊട്ടിത്തെറിയെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പി വി അന്‍വര്‍ എല്‍ ഡി എഫിനെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്ന് മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. അന്‍വര്‍ എല്‍ ഡി എഫില്‍ കോളിളക്കം സൃഷ്ടിച്ചിട്ടില്ല. അന്‍വറിന്റെ നിലപാട് സി പി എമ്മിനെ ബാധിക്കില്ല. നിലമ്പൂരില്‍ നാടിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാകുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു.

അതേ സമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആണെന്ന് പറയാന്‍ ഒരു ഭയപ്പാടും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഏത് സര്‍ക്കാരിനെക്കാളും വ്യത്യസ്തമായ സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. സര്‍ക്കാരിന് തലയുയര്‍ത്തിപ്പിടിച്ചു പറയാന്‍ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്, അതെല്ലാം അങ്ങനെ തന്നെ പറയും. ജനങ്ങള്‍ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി വി അന്‍വര്‍ ഒരു സോപ്പു കുമിളയാണ്. അന്‍വറിനെ പണ്ടേ സിപിഐ തിരിച്ചറിഞ്ഞതാണ്. മുന്‍ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. നീതിബോധമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്കും നിരക്കാത്ത ആളാണ് അന്‍വര്‍. അന്‍വറിനെ പോലെയുള്ള ഒരാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഇടതിനോ സ്വീകാര്യമല്ല. ആര്യാടന്റെ തഴമ്പ് തനിക്കില്ലെന്ന് ഷൗക്കത്തിന് തന്നെ അറിയാം. ജനങ്ങള്‍ മാത്രമാണ് നിലമ്പൂരിലെ എല്‍ഡിഎഫിന്റെ സമവാക്യം. ജാതിമത സമവാക്യങ്ങള്‍ അല്ല അവിടെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.'നിലമ്പൂരില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വരും, അനുയോജ്യമായ ആളെ തീരുമാനിക്കും'; യുഡിഎഫില്‍ അകത്തും പുറത്തും പൊട്ടിത്തെറിയെന്ന് എം വി ഗോവിന്ദന്‍; പി വി അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് ടി പി രാമകൃഷ്ണന്‍

Similar News