സൂഡിയോക്ക് എതിരായ ബഹിഷ്‌കരണം തുടരും; എസ്‌ഐഒ പ്രതിഷേധത്തെ ഇത്ര കണ്ട് വിവാദമാക്കേണ്ടതില്ല; പരിഹസിക്കുന്നത് മുസ്ലിം വിദ്യാര്‍ത്ഥി സംഘടന ആയതിനാലെന്ന് മുഹമ്മദ് ഷഫാഖ്

സൂഡിയോ ബഹിഷ്‌കരണം തുടരുമെന്ന് മുഹമ്മദ് ഷഫാഖ്

Update: 2025-06-08 07:44 GMT

കോഴിക്കോട്: സൂഡിയോക്ക് എതിരായ ബഹിഷ്‌കരണം തുടരുമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ). എസ്‌ഐഒ പ്രതിഷേധത്തെ ഇത്ര കണ്ട് വിവാദമാക്കേണ്ട കാര്യമില്ല. മുസ്ലിം വിദ്യാര്‍ത്ഥി സംഘടന ആയതിനാലാണ് ഇതിനെ ഭീകരവല്‍ക്കരിക്കുന്നതും പരിഹസിക്കുകയും ചെയ്യുന്നത്. സംഘപരിവാറില്‍ നിന്ന് വേറെ സമീപനം പ്രതീക്ഷിക്കുന്നില്ലെന്നും എസ്‌ഐഒ സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കോഴിക്കോട് ജില്ലാപ്രസിഡന്റുമായ മുഹമ്മദ് ഷഫാഖ് പറഞ്ഞു.

പലസ്തീനിലെ വംശഹത്യയെ പിന്തുണയ്ക്കുന്ന എല്ലാ സംവിധാനങ്ങളെയും ബഹിഷ്‌കരിക്കും. മാനവിക മൂല്യങ്ങള്‍ക്ക് വില നല്‍കുന്നവര്‍ ഈ തീരുമാനത്തോട് ഐക്യദാര്‍ഢ്യപ്പെടും. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കുക എന്നതാണ് നിലപാട്. ടാറ്റ കമ്പനി വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. നിസ്സഹകരണം എന്നത് സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമുറ ആയിരുന്നു. എസ്‌ഐഒ നടത്തിയത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആണെന്നും ഷഫാഖ് പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഇസ്രയേലിന് എതിരെ പറഞ്ഞു. അത് എന്ത് കൊണ്ടാണ് ചര്‍ച്ചയാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ബഹിഷ്‌കരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ഷഫാഖ് കൂട്ടിച്ചേര്‍ത്തു.

സുഡിയോയുടെ കോഴിക്കോട് ഔട്ട്‌ലെറ്റിന് മുന്‍പില്‍ രണ്ട് ദിവസം മുമ്പാണ് എസ്‌ഐഒയുടെ പ്രതിഷേധ റാലി നടന്നത്. ഇസ്രയേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയില്‍ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന ആഗോള തലത്തിലെ ആഹ്വാനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. പലസ്തീനിലെ ഇസ്രയേലിന്റെ കൂട്ടക്കുരുരുതിക്ക് ടാറ്റ ഗ്രൂപ്പിനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ആരോപണം. ഇസ്രയേലുമായി പല സുപ്രധാന കരാറുകളും ടാറ്റക്കുണ്ടെന്നും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളില്‍ ടാറ്റയും പങ്കാളികളാണെന്നും ആരോപണമുണ്ട്. ബലിപെരുന്നാള്‍ പ്രമാണിച്ച് സുഡിയോയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങരുതെന്ന നിലപാടും എസ്‌ഐഒ ഉന്നയിച്ചിരുന്നു.

പലസ്തീനിലെ ഇസ്രയേല്‍ ആക്രമണങ്ങളെ ആഗോള തലത്തില്‍ എതിര്‍ക്കുന്ന കൂട്ടായ്മയായ ബിഡിഎസി(ബോയ്‌കോട് ഡൈവെസ്റ്റ്മെന്റ് സാങ്ഷന്‍സ്)ന്റെ ആഹ്വാന പ്രകാരമാണ് കേരളത്തിലും പ്രതിഷേധം നടന്നത്. ഇതിന്റെ ഭാഗമായിരുന്നു കോഴിക്കോട്ടെ സുഡിയോ ഔട്ട്‌ലെറ്റിലേക്ക് നടന്ന പ്രതിഷേധറാലി. സുഡിയോ മാത്രമല്ല ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടികാട്ടി അഡിഡാസ്, എച്ച് ആന്റ് എം, ടോമി ഹില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയ്ന്‍, വിക്ടോറിയാസ് സീക്രട്, ടോം ഫോര്‍ഡ്, സ്‌കെചേര്‍സ് അടക്കം നിരവധി അന്താരാഷ്ട്ര ബ്രാന്റുകള്‍ക്കെതിരെയും ബഹിഷ്‌കരണാഹ്വാനം നിലനില്‍ക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെന്‍ഡ് ലിമിറ്റഡിന് കീഴില്‍ 2016-ലാണ് സുഡിയോ ആരംഭിച്ചത്. നിലവില്‍ ഇന്ത്യയില്‍ കമ്പനിക്ക് 750 ഔട്ട്ലെറ്റുകളുണ്ട്.

Tags:    

Similar News