'ജ്യോതി മല്‍ഹോത്രയെ എത്തിച്ചത് വി മുരളീധരന്റെ പിആര്‍ വര്‍ക്കിന്; ശരീരഭാഷ തന്നെ പ്രതിരോധത്തിലായതിന്റെ സൂചന'; കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍

Update: 2025-07-10 13:12 GMT

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചാരക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനത്തില്‍ ബിജെപി നേതാവ് വി മുരളീധരന് എതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന യാത്രയില്‍ ജ്യോതി മല്‍ഹോത്ര കാസര്‍കോട് നിന്നുതന്നെ പങ്കെടുത്തതടക്കം ചൂണ്ടിക്കാട്ടിയാണ് മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്.

ജ്യോതി മല്‍ഹോത്രക്കൊപ്പമുള്ള വി മുരളീധരന്റെ വന്ദേഭാരത് യാത്ര വിവാദത്തില്‍ വി മുരളീധരന്റെ ശരീരഭാഷ തന്നെ പ്രതിരോധത്തിലായതിന്റെ സൂചനയുണ്ടെന്ന് സന്ദീപ് വാര്യര്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.ജ്യോതി മല്‍ഹോത്രയെ വന്ദേ ഭാരത ഉദ്ഘാടനത്തിലേക്ക് എത്തിച്ചതില്‍ ഇടപെട്ടത് ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.

ബിജെപിയാണ് ജ്യോതി മല്‍ഹോത്രയ്ക്ക് വന്ദേ ഭാരത ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള പാസ് നല്‍കിയത്. വി.മുരളീധരന്‍ എന്തിനെയാണ് ഭയക്കുന്നത് അന്വേഷണത്തിന് തയ്യാറാകണമെന്നും വി.മുരളീധരന്റെ ഭാര്യയുടെ എന്‍.ജി.ഒയില്‍ അന്വേഷണം വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ആവര്‍ത്തിച്ചു പറയുന്നു, വന്ദേ ഭാരത ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് പാസുകള്‍ നല്‍കിയത് ബിജെപി ഓഫീസില്‍ നിന്നായിരുന്നു. വി മുരളീധരന് വേണ്ടപ്പെട്ടവര്‍ക്കാണ് പാസുകള്‍ കൂടുതലായി കിട്ടിയത്. ബാക്കി സുരേന്ദ്ര അനുകൂലികള്‍ക്കും. അന്ന് തന്നെ വടകര എംപിയായിരുന്ന ശ്രീ കെ.മുരളീധരന്‍ ഈ ഉദ്ഘാടനത്തെ വി മുരളീധരന്റെ പി ആര്‍ ഷോ ആക്കി മാറ്റിയതിനെതിരെ പ്രതികരിച്ചിരുന്നു.

ജ്യോതി മല്‍ഹോത്രയെ ഡല്‍ഹിയില്‍ നിന്നും കാസര്‍കോട് എത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമപ്രവര്‍ത്തകനായിരുന്ന , മറ്റുപല കേസുകളിലും ആരോപണ വിധേയനായ , സംഘപരിവാര്‍ നേതൃത്വത്തിലെ പലര്‍ക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് മുരളീധരന് പറയാമോ ഇദ്ദേഹത്തിന്റെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ ?

മുരളീധരന്റെ പി ആര്‍ വര്‍ക്കിന് വേണ്ടിയാണോ ജ്യോതി മല്‍ഹോത്ര കാസര്‍കോട് എത്തിയത് എന്ന് അന്വേഷിക്കട്ടെ. രാജ്യമെമ്പാടും നിരവധി വന്ദേ ഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങിയതിനു ശേഷം, കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കാസര്‍കോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മല്‍ഹോത്ര എത്തിച്ചേരണമെങ്കില്‍ അതിന് പിറകില്‍ ഉണ്ടായ ചേതോവികാരം എന്തായിരിക്കാം ?

വി മുരളീധരന്‍ മന്ത്രി ആയിരിക്കുമ്പോള്‍ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളില്‍ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പുറത്തു വരാനിരിക്കുകയാണ്.

വി മുരളീധരന്റെ മുഖം കണ്ടാല്‍ അറിയാം , അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നല്‍കിയത് ആരെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോള്‍ ജ്യോതി മല്‍ഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്‌പോര്‍ട്ട് എടുത്തു പോയിട്ടുണ്ടല്ലോ.. കൂടുതല്‍ പറയിപ്പിക്കരുത്.

Similar News