ഓണക്കാലമല്ലെ, പിണക്കം മറന്ന് രാജ്ഭവനിലെത്തി മന്ത്രിമാര്‍; ഗവര്‍ണറെ കണ്ട് ഓണക്കോടിയും സമ്മാനിച്ചു; ഓണം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന് ക്ഷണം; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി മഞ്ഞുരുകലിന് വേദിയാകുമോ?

സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി മഞ്ഞുരുകലിന് വേദിയാകുമോ?

Update: 2025-09-02 13:03 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സമാപന ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലോക്കറെ ഔദ്യോഗികമായി ക്ഷണിച്ച് സര്‍ക്കാര്‍. മന്ത്രിമാരായ വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി പരിപാടിയിലേക്ക് ക്ഷണിക്കുകയും ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറുകയും ചെയ്തു.

സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള തര്‍ക്കത്തിന്റെ പിണക്കം മറന്നാണ് ഗവര്‍ണറെ മന്ത്രിമാര്‍ നേരിട്ടുവന്ന് കണ്ടതും പരിപാടിയിലേക്ക് ക്ഷണിച്ചതും. സര്‍വകലാശാലകളിലെ വിസി നിയമന തര്‍ക്കം, കാവിക്കൊടിയേന്തിയ ഭാരതാംബ തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെച്ച പരിപാടിയില്‍ നിന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. ഇത് എല്ലാം സംബന്ധിച്ചുള്ള പോര് തുടരുന്നതിനിടെയാണ് മന്ത്രിമാര്‍ നേരിട്ടെത്തി ഗവര്‍ണറെ കണ്ടത്. ഓണം വാരാഘോഷത്തിന്റെ സമാപന ദിവസത്തെ ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും.

ഗവര്‍ണറെ ഓണാഘോഷത്തില്‍ നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മന്ത്രി വി ശിവന്‍കുട്ടി ഇത് നിഷേധിക്കുകയും ഗവര്‍ണറെ ക്ഷണിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഓണം വാരാഘോഷ ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഭാരതാംബ വിഷയത്തിന് പിന്നാലെയുണ്ടായ രാജ്ഭവന്‍ - സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറെ സര്‍ക്കാര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ 9വരെയാണ് നടക്കുന്നത്. സെപ്റ്റംബര്‍ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്റെ ഉത്സവപതാക ഉയര്‍ത്തും. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓ്ണ്‍ വൈകിട്ട് ഏഴിനും മന്ത്രി നിര്‍വഹിക്കും.

3 ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, തമിഴ്‌നടന്‍ രവി മോഹന്‍ എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

Tags:    

Similar News