'കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല'; 'പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?' എന്ന് മുഹമ്മദ് റിയാസ്; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതോടെ പഴയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി വിമര്‍ശനം; 'നിങ്ങള്‍ കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യമായി നിലപാട് മാറ്റുക' എന്ന് കമന്റ്

Update: 2025-10-24 07:39 GMT

കോഴിക്കോട്: എല്‍.ഡി.എഫില്‍ സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടും വിഷയം ചര്‍ച്ച ചെയ്യാതെ രഹസ്യമായി പി.എം ശ്രീയുടെ ധാരണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക് കുറിപ്പ് ചര്‍ച്ചയാകുന്നു. കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്ന് വിമര്‍ശിച്ച സിപിഎമ്മിന്റെ നിലപാട് മാറ്റമാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. 'പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?' എന്ന തലക്കെട്ടില്‍ 15 കാരണങ്ങളാണ് അദ്ദേഹം ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗീയവല്‍ക്കരണത്തിനും കാരണമാകുന്നതോടൊപ്പം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതുമാണ് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 2020 ജൂലൈ 30നാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

2022ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പി.എം ശ്രീ പദ്ധതിയു?ടെ നിഗൂഢ ചരട് മുന്‍നിര്‍ത്തിയാണ് കേരളം ഒപ്പിടുന്നതില്‍നിന്ന് പിന്തിരിഞ്ഞുനിന്നത്. ആര്‍.എസ്.എസ് താല്‍പര്യപ്രകാരം കാവിവത്കരണ അജണ്ടയില്‍ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി -2020) പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്.ബ്ലോക്കുകളില്‍ രണ്ട് സ്‌കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും. എന്നാല്‍, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്‌കൂളുകള്‍ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേര്‍ത്ത് സ്‌കൂളിന്റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളുകളുടെ പേര് പിന്നീട് മാറ്റാന്‍ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണപത്രത്തിലുണ്ട്.

'നിലപാട് ആണ് സാറേ ഇവരുടെ മെയിന്‍' എന്നാണ് റിയാസിന്റെ പോസ്റ്റിന് കീഴില്‍ ഒരാള്‍ കമന്റ് ചെയ്തത്. 'ജോര്‍ജ് കുട്ടിയെ പോലെ, അറക്കല്‍ മാധവന്‍ ഉണ്ണിയെ പോലെ കുടുംബത്തിന് വേണ്ടി എന്ത് തെറ്റും ചെയ്യാന്‍ തയാറാവുന്നവര്‍ മലയാളികള്‍ക്ക് ഹീറോ ആണ്. നിങ്ങള്‍ കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യമായി നിലപാട് മാറ്റുക. ഒരു ഹീറോ ആവുക. പറ്റുമെങ്കില്‍ ഒറ്റുകൊടുത്ത പൈസ ഒപ്പിട്ട് വാങ്ങുമ്പോള്‍ ഒരു റീലും സെറ്റ് ആക്കുക' -മറെറാരാള്‍ പരിഹസിച്ചു. 'നമ്മളെതിര്‍ക്കും പദ്ധതിയെല്ലാം നമ്മുടെതാകും പൈങ്കിളിയെ....' എന്നായിരുന്നു മറ്റൊരു കുറിപ്പ്.

മന്ത്രി റിയാസിന്റെ പഴയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം

എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?

വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗീയവല്‍ക്കരണത്തിനും കാരണമാകുന്നതോടൊപ്പം രാജ്യത്തിന്റെ

ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നതാണ് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം.

പുതിയ ദേശീയ വിദ്യാഭ്യാസ നയം

എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നത്...

ചില കാരണങ്ങള്‍.

1. 'നാനാത്വത്തില്‍ ഏകത്വം' എന്ന മഹത് ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന വൈവിധ്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയില്‍ ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ക്കും പരിമിതകള്‍ക്കും അനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് നിലവില്‍ പിന്തുടര്‍ന്ന് വരുന്നത്. കേന്ദ്രീകൃത വിദ്യാഭ്യാസ രീതിയേക്കാള്‍ പ്രായോഗികമായ രീതിയാണത്. എന്നാല്‍

ഓരോ സംസ്ഥാനങ്ങളും വിദ്യാഭ്യാസ രംഗത്ത് പിന്തുടരുന്ന വ്യത്യസ്ത സമീപനങ്ങളെ പുതിയ നയം അംഗീകരിക്കില്ല.

2. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ചുരുക്കുകയും,മെല്ലെ മെല്ലെ ഇല്ലാതാക്കുകയും ചെയ്യുന്നതലൂടെ,ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസത്തിനെതിരാവുകയാണ് പുത്തന്‍ വിദ്യാഭ്യാസ നയം.

3. കോത്താരി കമ്മീഷന്‍ മുന്നോട്ടു വച്ച, പത്താം ക്ലാസുവരെ പൊതുപഠനവും തുടര്‍ന്ന് രണ്ട് വര്‍ഷം വിവിധ സ്ട്രീമുകളായുള്ള +2 പഠനവുമെന്ന അക്കാഡമിക് രീതി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഫലപ്രദമായി നടന്നു വരുന്നതാണ്. ഈ രീതി ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് നോട്ട് നിരോധനം പോലെ ഒരു തുഗ്ലക് പരിഷ്‌കാരമായി മാറുകയേ ഉള്ളൂ.

4. ഉന്നതപഠനത്തില്‍ സര്‍ക്കാരിനുള്ള പങ്കിന് ഊന്നല്‍ നല്‍കാത്ത ബില്‍ M Phil, PhD കോഴ്‌സുകളിലെ സീറ്റ് വെട്ടികുറക്കല്‍ സംബന്ധിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് മാത്രമല്ല MPhil കോഴ്‌സ് തന്നെ എടുത്തുകളയാന്‍ ശ്രമിക്കുകയാണ്.

5. പുതിയ നയം മുന്നോട്ട് വെയ്ക്കുന്ന 'സാമ്പത്തിക സ്വയംഭരണം' എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് ഉയര്‍ത്തിയും ചെലവ് ചുരുക്കിയും തങ്ങളുടെ സാമ്പത്തികാവിശ്യങ്ങള്‍ക്കുള്ള പണം ചിലവ് കണ്ടെത്തുന്ന രീതിയാണ്. അറിവ് ധനികരുടെ മാത്രം കുത്തകയായി മാറുകയാണിവിടെ ചെയ്യുന്നത്.

6. വിദേശ സര്‍വകലാശാല ബില്‍ വഴി ഇന്ത്യയിലെ സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ക്ക് ചെലവേറിയ വിദ്യാഭ്യാസം

ഉറപ്പാക്കുമ്പോള്‍ പണമില്ലാത്തവര്‍ എന്തുചെയ്യുമെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

7. വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പില്ലാതെ ദുരിതമനുഭവിക്കുന്ന, പണവിതരണം പ്രവര്‍ത്തനരഹിതമായ ഈ മഹാമാരിക്കാലത്തെ മറികടക്കാന്‍ NEP ഒരു പരിഹാരവു0 മുന്നോട്ടു വെയ്ക്കുന്നില്ല.

8. ചോയ്സ് അധിഷ്ഠിത ക്രെഡിറ്റ് സംവിധാനം നടപ്പിലാക്കിയ ഇടങ്ങളിലെല്ലാം പരാജയപ്പെട്ട അനുഭവമാണുള്ളത്. അടിസ്ഥാനപരമായി ഒരു വിഷയത്തിന്റെ ആരോഗ്യകരമായ പഠനത്തിന് എതിരാണത്.

9. കോഴ്സിനുള്ളിലെ എക്‌സിറ്റ് പ്ലാനുകള്‍ പരാജയപ്പെട്ട ഒരു സിസ്റ്റത്തിന്റെ പ്രവര്‍ത്തനമാണ് സൂചിപ്പിക്കുന്നത്. അത് എല്ലാവര്‍ക്കും പഠിക്കാന്‍ ഉതകുന്ന ഒരിടം സൃഷ്ടിക്കുന്നില്ല. ഫാന്‍സി വാക്കുകളിലൂടെ അത് മറയ്ക്കാന്‍ സാധിക്കില്ല.

10. ഗവേഷണത്തിനായുള്ള നിയന്ത്രണ അതോറിറ്റി ചില പ്രത്യേക വിഷയങ്ങളിലേക്കുള്ള ഗവേഷണ ഗ്രാന്റിലൂടെ, കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.

11. അവസാനമായി നടപ്പാക്കിയ വിദ്യാഭ്യാസ നയത്തിന്റെ 34 വര്‍ഷത്തിനു ശേഷവും, തദ്ദേശീയ സാങ്കേതികവിദ്യ എങ്ങനെ നിര്‍മ്മിക്കാമെന്നതിനെ കുറിച്ചോ, ഗവേഷണ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനെക്കുറിച്ചോ ഒരു രൂപരേഖയും ബില്‍ മുന്നോട്ട് വെയ്ക്കുന്നില്ല.

12. സ്വകാര്യ പങ്കാളികള്‍ക്ക് വിദ്യാഭ്യസരംഗം തുറന്ന് നല്‍കാന്‍ സഹായകമായ നിര്‍ദേശങ്ങളാണ് പുതിയ നയത്തില്‍ ഉടനീളമുള്ളത്.

13. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യ സങ്കല്‍പ്പങ്ങള്‍ നിരസിക്കുന്നതാണ് പുതിയ നയം.

14. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജാതി വിവേചനങ്ങളെ ഇല്ലാതാക്കാനും, സംവരണ അട്ടിമറി മറികടക്കാനുമുള്ള യാതൊരു നിര്‍ദേശവും പുതിയ നയത്തിലില്ല. അരികുവല്‍കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രാതിനിധ്യത്തിലെ വലിയ കുറവ് പരിഹരിക്കാനാവശ്യമായ ഇടപെടലുകലും പുതിയ നയത്തില്‍ കാണാനാകില്ല.

15. GDP വിഹിതത്തില്‍ നിന്നും കേന്ദ്ര ബജറ്റില്‍ നിന്നും വിദ്യാഭ്യാസ മേഖലയ്ക്കുള്ള സാമ്പത്തിക നീക്കിവെയ്പ്പ് വര്‍ദ്ധിപ്പിക്കാനുള്ള യാതൊരു ശുപാര്‍ശയും പുതിയ നയത്തിലില്ല.

ഈ നിലയില്‍, ഇതുവരെ തുടര്‍ന്നു വന്ന വികേന്ദ്രീകരണ വിദ്യാഭ്യാസ നയത്തില്‍ നിന്ന് യാതൊരു മുന്നൊരുക്കവും കൂടാതെ കേന്ദ്രീകരണ നയങ്ങളിലേക്ക് ചുവട് മാറ്റുക വഴി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളെ തകര്‍ക്കാന്‍ കാരണമായേക്കാവുന്ന NEPയെ ഗൗരവമായ വിമര്‍ശനത്തിന് വിധേയമാക്കാന്‍ അക്കാഡമിക് സമൂഹവും ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്.

-പി.എ മുഹമ്മദ് റിയാസ്-

Tags:    

Similar News