മൂന്നാറില്‍ ജനവിധി തേടാന്‍ 'സോണിയ ഗാന്ധി'; പേരുകൊണ്ട് 'കോണ്‍ഗ്രസ്' ആയ 34കാരി മത്സരിക്കുന്നത് താമര ചിഹ്നത്തില്‍; രാഷ്ട്രീയ കൗതുകമുണര്‍ത്തി നല്ലതണ്ണി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ഫ്‌ലെക്‌സ്
ഇടുക്കി: നാട്ടുകാര്‍ക്ക് ഇടയില്‍ രാഷ്ട്രീയ കൗതുകമുണര്‍ത്തി മൂന്നാര്‍ പഞ്ചായത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കാനിറങ്ങി സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ സമുന്നത നേതാവിന്റെ പേരുള്ള സ്ഥാനാര്‍ഥിയെത്തന്നെ ലഭിച്ചത് ബിജെപി പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 34കാരിയായ സോണിയ മൂന്നാര്‍ പഞ്ചായത്തിലെ നല്ലതണ്ണി വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്.
പരേതനായ കോണ്‍ഗ്രസ് നേതാവ് ദുരൈരാജിന്റെ മകളാണ് ഈ സോണിയാ ഗാന്ധി. കല്ലാറിലെ തൊഴിലാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജ് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു. അതിനാലാണ് അദ്ദേഹം മകള്‍ക്ക് ഈ പേര് നല്‍കിയത്.
ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ സുഭാഷാണ് സോണിയയുടെ ഭര്‍ത്താവ്. വിവാഹശേഷമാണ് സോണിയാ ഗാന്ധി ബിജെപിയില്‍ ചേര്‍ന്നത്. മൂന്നാര്‍ ടൗണിലെ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. യുഡിഎഫിന്റെ മഞ്ജുള രമേശും എല്‍ഡിഎഫിന്റെ എസ്. വളര്‍മതിയുമാണ് വാര്‍ഡിലെ മറ്റ് സ്ഥാനാര്‍ഥികള്‍.
പേരുകൊണ്ട് 'കോണ്‍ഗ്രസ്' ആണെങ്കിലും ഈ സോണിയ ഗാന്ധി പഞ്ചായത്തിലെ 16-ാം വാര്‍ഡായ നല്ലതണ്ണിയിലാണു മത്സരിക്കുന്നത്. ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനായതോടെയാണ് സോണിയയും പാര്‍ട്ടി അനുഭാവിയായത്. പഴയ മൂന്നാര്‍ മൂലക്കടയില്‍ ഒന്നര വര്‍ഷം മുന്‍പു നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സുഭാഷ് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.