പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി; ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥിയായെന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി; 38കാരന്‍ അറസ്റ്റില്‍

Update: 2025-12-02 11:49 GMT

കോട്ടയം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി സ്ഥാനാര്‍ഥിയായി മത്സര രംഗത്ത് എത്തിയതോടെ അറസ്റ്റില്‍. ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് പ്രചാരണം തുടങ്ങിയതോടെ യുവാവിനെ തേടി പൊലീസ് എത്തുകയായിരുന്നു. കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുമ്മനം പുത്തന്‍പറമ്പില്‍ രാഹുലി (38) നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2020ല്‍ രാഹുലിന്റെ സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്നു. ഈ കേസില്‍ അന്ന് രാഹുലിനെയും പോലീസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കേസില്‍ കോടതിയില്‍ നിന്നും ജാമ്യം എടുത്ത രാഹുല്‍ മുങ്ങി നടക്കുകയായിരുന്നു എന്നാണ് പോലീസ് കേസ്. അഞ്ചുവര്‍ഷത്തോളമായി ഇയാള്‍ കോടതിയില്‍ ഹാജരാകാതെ നടക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ ലോങ്ങ് പെന്‍ഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് രാഹുല്‍ തിരുവാര്‍പ്പ് പഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇയാളുടെ സുഹൃത്ത് അനന്തു സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുകയാണ്.

Similar News