'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോള്‍ പല മാറാടുകളും ഉണ്ടാകും'; എ കെ ബാലന്റെ പരാമര്‍ശം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിര്‍ത്താനുള്ള സിപിഎം ശ്രമമെന്ന് സംഘടന
പാലക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോള്‍ പല മാറാടുകളും ഉണ്ടാകുമെന്നുമുള്ള സിപിഎം നേതാവ് എ.കെ ബാലന്റെ വിവാദ പരാമര്‍ശത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ജമാഅത്തെ ഇസ്ലാമി കേരള ഘടകം. 'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോള്‍ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗും ആര്‍എസ്എസും സ്വീകരിക്കുന്നത്' എന്നായിരുന്നു പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് എ കെ ബാലന്‍ പറഞ്ഞത്.
'ഒന്നാം മാറാടും രണ്ടാം മാറാടും നടക്കുമ്പോള്‍ ഇവര് നോക്കിനില്‍ക്കുകയായിരുന്നു. തലശ്ശേരി കലാപം നടക്കുന്ന സമയത്തും ഇവര് നോക്കിനിന്നു. അതിനെ ശരീരംകൊടുത്തുകൊണ്ടും ജീവന്‍ബലികൊടുത്തുകൊണ്ടും നേരിട്ട പ്രസ്ഥാനമാണ് എന്റേത്. അതുകൊണ്ട് തന്നെ കേരളത്തെ വര്‍ഗീയകലാപത്തിന്റെ കുരുതിക്കളമാക്കുന്നതിനോട് യോജിക്കാനാവില്ല എന്നും എ.കെ ബാലന്‍ വ്യക്തമാക്കി. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആര്‍എസ്എസും ജമാഅത്തും പാലക്കാട് കലാപത്തിന് ആഗ്രഹിച്ചെന്നും അദ്ദേഹം ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും എ.കെ ബാലന്‍ പറഞ്ഞു. എന്നാല്‍ എന്താണ് സംഭവമെന്ന് അദ്ദേഹം വിശദീകരിച്ചില്ല. അത് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മറുപടി.
പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമി നിയമ നടപടിക്ക് ഒരുങ്ങുന്നത്. ബാലന്റെ ഈ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്ലാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സി പി എം നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി പി എം വലിയ രീതിയില്‍ പ്രചരിപ്പിച്ച 'അമീര്‍-ഹസന്‍-കുഞ്ഞാലിക്കുട്ടി' സഖ്യം എന്ന വര്‍ഗീയ തിയറിയുടെ തുടര്‍ച്ചയാണിതെന്നും ജമാഅത്തെ ഇസ്ലാമി വിമര്‍ശിച്ചു.
ഭൂരിപക്ഷ സമുദായത്തിനിടയില്‍ ഇസ്ലാം ഭീതിയും (ഇസ്ലാമോഫോബിയ) മുസ്ലിം വെറിയും സൃഷ്ടിച്ച് വോട്ട് തട്ടാനുള്ള അപകടകരമായ തന്ത്രമാണ് സി പി എം പരീക്ഷിക്കുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്ക് പകരം വംശീയമായ അധിക്ഷേപങ്ങളാണ് ഭരണകക്ഷിയില്‍ നിന്നുണ്ടാകുന്നതെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി. സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിര്‍ത്താനാണ് സി പി എം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം അറിയിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
