'സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക് വരാമെങ്കില്‍ കമ്യൂണിസ്റ്റുകള്‍ക്കും വരാം; സിപിഎമ്മും സിപിഐയും എന്‍ഡിഎയില്‍ ചേരണം'; പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി; കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ലെന്ന് എം വി ഗോവിന്ദന്‍

Update: 2026-01-21 13:00 GMT

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്നും ഒപ്പം നിന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. പിണറായി വിജയനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മും സിപിഐയും എന്‍ഡിഎയില്‍ ചേരണം. സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക് എന്‍ഡിഎയില്‍ വരാമെങ്കില്‍ കമ്യൂണിസ്റ്റുകള്‍ക്കും വരാം. പിണറായി വിജയന്‍ എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകും. എന്‍ഡിഎയില്‍ ചേരുന്നതുകൊണ്ട് ബിജെപി ആകുന്നില്ല. നിരവധി പാര്‍ട്ടികള്‍ എന്‍ഡിഎയിലേക്ക് വരുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിയെ എതിര്‍ത്തോളൂ, പക്ഷേ വികസനത്തെ എതിര്‍ക്കരുത്. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ പണം കേരളത്തിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ രാംദാസ് അത്താവലെയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ലെന്നാണ് എം വി ഗോവിന്ദന്റെ മറുപടി. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കില്‍ എന്‍ഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Similar News