'ഗണേഷ് കുമാര്‍ എന്നില്‍ എന്റെ പിതാവിനെ കാണുന്നുണ്ടോ? ഗണേഷ് പറഞ്ഞത് നാക്കു പിഴ ആയിരിക്കാം; കൂടുതല്‍ വിവാദത്തിന് ആഗ്രഹിക്കുന്നില്ല'; വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

Update: 2026-01-23 13:55 GMT

തൃശൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയിലാണ് പ്രതികരണം. ഗണേഷ് കുമാര്‍ എന്നില്‍ എന്റെ പിതാവിനെ കാണുന്നുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കൂടുതല്‍ വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് പറഞ്ഞത് നാക്കു പിഴ ആയിരിക്കാമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാര്‍ത്ഥിക്കുമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷ ആസ്ഥാനത്തായോ എന്ന് മാത്രമേ ചോദിച്ചോള്ളൂവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയില്‍ ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മണ്‍മറഞ്ഞ ഉമ്മന്‍ചാണ്ടിയെ പോലും ലക്ഷ്യം വെക്കുന്നത് നോക്കിയിരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പ്രസ്താവന പിന്‍വലിച്ച് ഗണേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഗണേഷിന്റെ ഭാഷ ഭീഷണിയുടേതാണെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ സരിതയുടെ കത്തില്‍ 4 പേജ് കൂട്ടിചേര്‍ത്ത ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കെ സി ജോസഫ് പ്രതികരിച്ചു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ ചൂടന്‍ ചര്‍ച്ചയക്ക് വിഷയമായ സോളാര്‍, ചാണ്ടി ഉമ്മന്റെ പത്തനാപുരം പ്രസംഗത്തോടെ വീണ്ടും സജീവമാകുകയാണ്. ഉമ്മന്‍ ചാണ്ടിയെ കുടുക്കിയത് ഗണേഷ് എന്നായിരുന്നു ചാണ്ടിയുടെ ആരോപണം. പറഞ്ഞ കാര്യത്തില്‍ ചാണ്ടി ഉമ്മന്‍ ഉറച്ച് നില്‍ക്കുകയും ഗണേശ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വിമര്‍ശനം തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നത്. ഉമ്മന്‍ ചാണ്ടി ആരുടെയും കുടുംബം തകത്തില്ലെന്നും ഗണേഷിന്റെ കുടുംബ പ്രശ്‌നം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓലപ്പാമ്പ് കാണിച്ച് ഗണേഷ് പേടിപ്പിക്കണ്ടെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ 4 പേജ് കൂട്ടിയ ഗൂഢാലോചനയക്ക് പിറകില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് കെ സി ജോസഫ് തുറന്നടിച്ചു.

Similar News