പൊതുസമ്മതനെ തേടിയുള്ള ഓട്ടത്തില്‍ പരിഗണനയിലുളളത് ആറുപേരുകള്‍; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ബിജെപി; മണ്ഡലത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും; രണ്ടുദിവസത്തിനകം തീരുമാനം

നിലമ്പൂരിലെ സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ

Update: 2025-05-27 18:08 GMT

തിരുവനന്തപുരം: നിലമ്പൂരിലെ സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ ഉണ്ടായേക്കുമെന്ന് സൂചന. ചൊവ്വാഴ്ച നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ അന്തിമ തീരുമാനമായില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ശേഷമാകും തീരുമാനമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.

നിലമ്പൂരില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അനുയോജ്യനായ ആളെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏകദേശ ധാരണയായതായി പാര്‍ട്ടി നേതൃത്വം സൂചന നല്‍കി.

തോമസ് മാത്യൂ, പി ഷബീര്‍, ഷെറോണ റോയ്, എം സ്വരാജ്, മുന്‍ രാജ്യാന്തര ഫുട്‌ബോളറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി തുടങ്ങിയ പേരുകളാണ് നിലമ്പൂരില്‍ പ്രധാനമായും ഉയരുന്നത്. ഒരു പ്രമുഖ മുസ്ലിം ലീഗ് കുടുംബാംഗത്തെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ടെന്ന നിലയിലാണ് പി ഷബീറിനെ ആലോചിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയിയുടെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. 1996ലും 2011ലും നിലമ്പൂരില്‍ മത്സരിച്ച തോമസ് മാത്യു കുറഞ്ഞ വോട്ടുകള്‍ക്കാണ് ആര്യാടന്‍ മുഹമ്മദിനോട് പരാജയപ്പെട്ടത്.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജും പി ഷബീറും ഷെറോണ റോയിയുമുണ്ട്. ഇവരില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നതാണ് ചര്‍ച്ചയിലുള്ളത്. സാമുദായിക പരിഗണനകള്‍ വെച്ച് നോക്കുമ്പോള്‍ ഷെറോണ റോയിക്ക് സാധ്യതകളുണ്ട്. പൊതുസ്വതന്ത്രര്‍ മതിയെന്നാണെങ്കിലാണ് ഷറഫലിയിലേക്കും മുന്‍ കോണ്‍ഗ്രസ് നേതാവ് എം തോമസ് മാത്യൂവിലേക്കുമെല്ലാം പോകുക.

പ്രഖ്യാപനം വരുന്നതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. ജൂണ്‍ ഒന്നിന് വൈകീട്ട് നാലിന് നിലമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. തുടര്‍ന്ന് പഞ്ചായത്ത് കണ്‍വെന്‍ഷന്‍, ബൂത്ത് തല കണ്‍വെന്‍ഷന്‍, കുടുംബ യോഗങ്ങള്‍ എന്നിവ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ ചൊവ്വഴ്ച വൈകീട്ട് ചേര്‍ന്ന മണ്ഡലം തല യോഗത്തില്‍ തീരുമാനമായി.

പി വി അന്‍വര്‍ അടഞ്ഞ അദ്ധ്യായമെന്ന് ടി പി രാമകൃഷ്ണന്‍

അതേസമയം, പി വി അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്‍വര്‍ എല്‍ ഡി എഫില്‍ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ലെന്നും ടി പി അഭിപ്രായപ്പെട്ടു. അന്‍വറിന്റെ നിലപാട് യു ഡി എഫിന് അനുകൂലമായിരിക്കും. ഞങ്ങളെ അത് ബാധിക്കില്ല. ഇക്കാര്യത്തില്‍ എല്‍ ഡി എഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചത് കൊണ്ട് എന്തെങ്കിലും പ്രത്യേക നില യു ഡി എഫിന് ഉണ്ടാകുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നില്ല. നാടിന്റെ പ്രശ്നങ്ങള്‍ മണ്ഡലത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ എല്‍ ഡി എഫ് നിശ്ചയിക്കും. ഏത് സമയത്തും സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിയുമെന്നും പാര്‍ട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

ബിജെപി മത്സരിക്കാന്‍ സാധ്യതയില്ല


അതേസമയം, നിലമ്പൂര്‍ സീറ്റില്‍ ബിജെപി മത്സരിക്കാന്‍ സാധ്യതയില്ല. ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കും. മത്സരിക്കുന്നില്ലെന്നും സീറ്റ് ബിഡിജെഎസിന് വിട്ടുനല്‍കാമെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരം. ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവും, എന്‍.ഡി.എ കമ്മിറ്റിയും ചേര്‍ന്ന ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ബിഡിജെഎസ് മലപ്പുറം ജില്ല പ്രസിഡന്റ് ഗിരീഷ് മേക്കാട് പറഞ്ഞു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ച സീറ്റാണിത്. 2021ല്‍ സീറ്റ് ബിജെപി തിരിച്ചെടുത്തു. പകരം തവനൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കി. 2016ല്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഗിരീഷ് മേക്കാട് 12,284 വോട്ടുകള്‍ നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാല്‍, 2021ല്‍ ബി.ജെ.പിയുടെ ടി.കെ. അശോക്കുമാര്‍ മത്സരിച്ചപ്പോള്‍ വോട്ട് 8595 ആയി കുറഞ്ഞു


ജൂണ്‍ 19നാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍ നടക്കുക. ഇടതു സ്വതന്ത്രനായി വിജയിച്ച പി വി അന്‍വര്‍ രാജിവച്ചതോടെയാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.


Tags:    

Similar News