ഭീഷണി വിലപ്പോവില്ലെന്ന് വി ഡി സതീശന്‍ കട്ടായം പറഞ്ഞതോടെ വെട്ടിലായത് നിലമ്പൂര്‍ മുന്‍ എം എല്‍ എ; ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും പി വി അന്‍വര്‍ ഫുള്‍ഹാപ്പിയല്ല; പൂര്‍ണ ഘടകകക്ഷി എന്ന ആവശ്യത്തിന് യുഡിഎഫ് പച്ചക്കൊടി വീശാതെ വന്നതോടെ അസോഷ്യേറ്റ് ഘടകകക്ഷി എന്ന കച്ചിത്തുരുമ്പില്‍ പിടിക്കാന്‍ അന്‍വര്‍
ഭീഷണി വിലപ്പോവില്ലെന്ന് വി ഡി സതീശന്‍ കട്ടായം പറഞ്ഞതോടെ വെട്ടിലായത് നിലമ്പൂര്‍ മുന്‍ എം എല്‍ എ
മലപ്പുറം: പി വി അന്‍വറിന്റെ ശാഠ്യങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും, അദ്ദേഹത്തിന് വേണമെങ്കില്‍ യുഡിഎഫുമായി സഹകരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ വെട്ടിലായത് നിലമ്പൂര്‍ മുന്‍ എംഎല്‍എ. ഇല്ലത്ത് നിന്നിറങ്ങുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന നിലയിലായി അന്‍വര്‍. ഒരുപകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും അന്‍വര്‍ പൂര്‍ണമായി ഹാപ്പിയല്ല. എന്നാല്‍, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നിലപാടില്‍ അന്‍വര്‍ അല്‍പം അയവുവരുത്തി. താന്‍ അസന്തുഷ്ടനല്ലെന്നും എന്നും ഹാപ്പിയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അബ്ദുള്‍ വഹാബ് എംപിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം അന്‍വര്‍ പ്രതികരിച്ചു. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.
ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് പറഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ എന്ന നിലയിലാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ പറഞ്ഞത് യുഡിഎഫിന്റെ ഭാഗമായിയല്ലെന്നും തൃണമൂല്‍ പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും നിലപാടാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമല്ല. അപ്പോള്‍ യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ കുറിച്ച് അഭിപ്രായം പറയാം. മുന്നണിയുടെ ഭാഗമാകുമ്പോള്‍ മുന്നണിയുടെ അഭിപ്രായത്തിനൊപ്പം നില്‍ക്കും. ലീഗുമായുള്ള എല്ലാ കൂടിക്കാഴ്ച്ചകളും പോസിറ്റീവാണെന്നും ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് മധ്യസ്ഥതയില്‍ എന്നും പ്രതീക്ഷയുണ്ടെന്നും ലീഗിന്റെ നീക്കങ്ങള്‍ എന്നും വിജയം കണ്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം 29ന് ഉണ്ടാകുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് ഘടകകക്ഷിയാക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചെങ്കിലും അംഗീകരിക്കാനാകില്ലെന്ന് അന്‍വര്‍ നിലപാടെടുത്തതോടെ ചര്‍ച്ച വഴിമുട്ടി. പൂര്‍ണ്ണ ഘടകകക്ഷിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നാണ് പി വി അന്‍വര്‍ മുന്നോട്ട് വെച്ചത്. രണ്ട് ദിവസത്തിനകം തീരുമാനം ആയില്ലെങ്കില്‍ മത്സരവുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് ഇന്ന് നിലമ്പൂരിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, അന്‍വര്‍ യുഡിഎഫിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 'ഹാപ്പിയായിട്ടാണ് മടക്കം' എന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രവീണ്‍കുമാര്‍ പ്രതികരിച്ചത്. 'ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. അന്‍വര്‍ യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീരുമാനം എടുക്കേണ്ടത് യുഡിഎഫും അന്‍വറുമാണ്. അനുനയിപ്പിക്കാന്‍ അദ്ദേഹം രോഷാകുലനല്ല. ഹാപ്പിയായിട്ടാണ് മടക്കം', പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമാണെന്നും രണ്ടു ദിവസം ഉണ്ടല്ലോയെന്നുമാണ് നേരത്തെ അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചര്‍ച്ച ഇനിയും തുടരും. ബസ്സില്‍ എന്തായാലും യാത്ര തുടരും. അത് സീറ്റില്‍ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്‌നമല്ലെന്നും ബസിലുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. എന്തായാലും അന്‍വറിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി യുഡിഎഫ് സ്വന്തം നിലപാടില്‍ ഉറച്ചുനിന്നതോടെ, ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കുകയല്ലാതെ തരമില്ല എന്ന നിസ്സഹായവസ്ഥയിലാണ് മുന്‍ എം എല്‍ എ.