നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; അന്തിമ വോട്ടര്‍ പട്ടിക 5ന് പ്രസിദ്ധീകരിക്കും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നാല്‍ ഇലക്ഷന്‍ നടത്തുന്നതിന് സജ്ജം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2025-05-02 15:08 GMT

മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നാല്‍ ഇലക്ഷന്‍ നടത്തുന്നതിന് ജില്ലയിലെ സംവിധാനങ്ങള്‍ സജ്ജമാണ്. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക മെയ് 5ന് പ്രസിദ്ധീകരിക്കുമെന്നും തുടര്‍ന്നും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിച്ചതു മുതല്‍ വെള്ളിയാഴ്ച വരെ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി ലഭിച്ചത് 20,803 അപേക്ഷകളാണ്. ഏപ്രില്‍ 8ന് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ 15296 അപേക്ഷകളും തുടര്‍ന്ന് 5507 അപേക്ഷകളുമാണ് ലഭിച്ചത്. 2024 ഏപ്രില്‍ 21 മുതല്‍ 2025 ഏപ്രില്‍ 24 കാലയളവിലായിരുന്നു കഴിഞ്ഞ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍.

കഴിഞ്ഞ ഫെബ്രുവരി 3 മുതല്‍ 7 വരെ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍, വിവിപാറ്റ് മെഷീനുകള്‍ എന്നിവയുടെ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കി. 408 ബാലറ്റ്യൂണിറ്റുകളുടെയും 408 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 408 വിവിപാറ്റ് യൂണിറ്റുകളുടെയും പരിശോധന പൂര്‍ത്തീകരിച്ചു.

ഫെബ്രുവരി 13, 14, 17 തീയതികളില്‍ ഇആര്‍ഒ, എഇആര്‍ഒ, സെക്ടറല്‍ ഓഫീസര്‍, സെക്ടറല്‍ പോലീസ് എന്നിവര്‍ക്ക് വേണ്ടി പ്രത്യേക പരിശീലനവും നല്‍കി. ഫെബ്രുവരി 18, ഏപ്രില്‍ 15 തീയതികളില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ബിഎല്‍ഒമാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു.

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 7 മുതല്‍ ഒമ്പത് വരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കറിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പോളിങ് ബൂത്തുകളടക്കം സന്ദര്‍ശിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തി.

1100 വോട്ടര്‍മാര്‍ക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ 59 പോളിങ് ബൂത്തുകളാണ് പുതിയതായി വന്നത്. മണ്ഡലത്തില്‍ ആകെ 263 ബൂത്തുകളാണ് നിലവിലുള്ളത്. ബൂത്തുകളുടെ എണ്ണം കൂടിയതിനാല്‍ അധികമായി വരുന്ന ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ എന്നിവയുടെ പ്രാഥമിക പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags:    

Similar News