നവംബര്‍ 13 ന് കല്‍പ്പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്; നവംബര്‍ 13 ന് മുമ്പുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്ന് വി ഡി സതീശന്‍
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം
പാലക്കാട്: കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത് സംസ്ഥാനത്ത് നവംബര്‍ 13 ലെ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13 ന് തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കല്‍പ്പാത്തി രഥോത്സവത്തിന്റെ സമയത്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഷാഫി പറമ്പില്‍ എംപിയും പറഞ്ഞിരുന്നു. പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം. ഇവ രണ്ടും ഒരുമിച്ച് വരുന്നത് പാലക്കാട്ടുകാരെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കല്‍പ്പാത്തി തേര് ദിവസം വോട്ടെടുപ്പ് നടത്തുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂര്‍ പൂരം കലക്കാന്‍ നടത്തിയവര്‍ക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുകയെന്നും ഷാഫി പറഞ്ഞു.
നവംബര്‍ 13ന് നടക്കുന്ന പാലക്കാട് തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്ന് ബിജെപിയും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 13നാണ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 23നാണ്. ഈ മാസം 25 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 28 നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 ആണ്.