'ദിവ്യ എസ്. അയ്യര്‍ക്ക് സൈകോഫാന്‍സി, നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗം'; അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്; വിമര്‍ശിക്കുമ്പോള്‍ ധാര്‍ഷ്ട്യം കാണിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പി.ജെ. കുര്യന്‍

രൂക്ഷ വിമര്‍ശനവുമായി പി.ജെ. കുര്യന്‍

Update: 2025-04-19 09:52 GMT

പത്തനംതിട്ട: സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടു വിവാദത്തിലായ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. ദിവ്യക്ക് സൈകോ ഫാന്‍സിയാണെന്നും അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതെന്നും കുര്യന്‍ കുറ്റപ്പെടുത്തി.

വിമര്‍ശിക്കുമ്പോള്‍ ദിവ്യ എസ്. അയ്യര്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. ഭരണപക്ഷത്തിന്റെ ആളായി മുദ്രകുത്തപ്പെട്ടാല്‍ കിട്ടുന്ന ഗുണം പ്രതീക്ഷിച്ചാണോ ദിവ്യയുടെ പോസ്റ്റ് എന്ന് പി.ജെ. കുര്യന്‍ ചോദിച്ചു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ പരിമിതികളുണ്ട്. ദിവ്യയുടെ അഭിപ്രായം ഒരു പൊതുയിടത്തിലാക്കി. അതിനര്‍ഥം വിമര്‍ശന വിധേയമാണെന്നാണ്. വിമര്‍ശിക്കുന്നവരെ കുറിച്ച് പറഞ്ഞിട്ടുള്ളത് ചിലമ്പുകയും പുലമ്പുകയുമാണെന്ന്. അത് ധാര്‍ഷ്ട്യത്തിന്റെ ഭാഷല്ലേ?യെന്നും അദ്ദേഹം ചോദിച്ചു.

കുടുംബത്തിലെ അംഗത്തെയാണ് പ്രശംസിച്ചതെന്ന് ദിവ്യ പറയുന്നു. അപ്പോള്‍ ഏതാണ് കുടുംബം. ഭരണ വര്‍ഗമാണോ കുടുംബം. എന്തൊരു വികലമായ കാഴ്ചപ്പാടാണിത്. വ്യക്തിപരമായ വിധേയത്വം പാടില്ല. ഇത് സൈകോ ഫാന്‍സിയാണ്. അധികാരത്തില്‍ ഇരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് പുകഴ്ത്തിയത്. അതിനായി പല തവണ പറഞ്ഞു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ അവരെ ചേര്‍ത്തുപിടിച്ച് സംസാരിക്കുന്നു. അതില്‍ ഒരു വിഭജനം ഉണ്ടായിരിക്കുന്നു.

ഭരണപക്ഷത്തിന്റെയോ ഇടതുപക്ഷത്തിന്റെയോ ആളായി അവര്‍ മുദ്രകുത്തപ്പെട്ടു. അതിന് അവര്‍ക്ക് ചില നേട്ടം ലഭിക്കും. ആ നേട്ടം കണ്ടുകൊണ്ടാണോ ഇത് ചെയ്തതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഒരിക്കലും അത്തരം നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗമാണെന്നും പി.ജെ. കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടത്. 'കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആര്‍ കവചം! ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ദിവ്യ പങ്കുവെച്ച പോസ്റ്റ്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയായിരുന്നു. കെ. മുരളീധരന്‍, വി.എം. സുധീരന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ അടക്കം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. പിണറായി വിജയന് പാദസേവ ചെയ്യുന്ന മഹതിയാണ് ദിവ്യ എന്നാണ് മുരളീധരന്‍ കുറ്റപ്പെടുത്തിയത്. ദിവ്യക്ക് ഔചിത്യമില്ലെന്നും ഔചിത്യമില്ലെങ്കില്‍ പിന്നെ എന്തുപറയാനാണെന്നും വി.എം. സുധീരനും പ്രതികരിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം തള്ളിക്കൊണ്ടാണ് ദിവ്യ രംഗത്തെത്തിയത്. 'മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ എവിടൊക്കെയോ ചിലമ്പുന്നതും പുലമ്പുന്നതും കേള്‍ക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങള്‍ വിട്ടു പോകുമ്പോള്‍, അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോള്‍ സ്‌നേഹാദരവു അര്‍പ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാന്‍ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും. ഏവരോടും, സസ്‌നേഹം -ദിവ്യ വ്യക്തമാക്കി.

വിവാദത്തില്‍ ദിവ്യയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും രംഗത്തു വന്നിരുന്നു. ദിവ്യക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശം അങ്ങേയറ്റം അപക്വമായ മനസ്സുകളുടെ ജല്‍പനമായി മാത്രമേ കാണേണ്ടതുള്ളൂവെന്നാണ് പിണറായി പറഞ്ഞത്.

കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട ദിവ്യ എസ്. അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് വിജില്‍ മോഹനും റവലൂഷനറി യൂത്ത് ഫ്രണ്ട് തൃശൂര്‍ ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടം അഞ്ചിന് എതിരാണ് ദിവ്യയുടെ നടപടിയെന്നും സര്‍വിസ് ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

Tags:    

Similar News