ഇംഗ്ലീഷാണ് യോഗ്യതയെങ്കില്‍ സാറ്റലൈറ്റ് അയച്ച സോമനാഥിനെ നേതാവാക്കിയാല്‍പ്പോരേ; തരൂര്‍ നാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ വിദേശത്താണ്; സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം; ഒരിക്കലും ഒരു സൂപ്പര്‍മാനല്ല നേതാവ്; തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ജെ കുര്യന്‍

തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ജെ കുര്യന്‍

Update: 2025-02-28 06:26 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വിവാദ നായകനായി നില്‍ക്കുന്ന ശശി തരൂര്‍ എംപിയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് ജനനേതാവാകേണ്ടതെന്ന് കുര്യന്‍ വിമര്‍ശിച്ചു. ശശി തരൂര്‍ നാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ വിദേശത്താണ്. ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത. അങ്ങനെയെങ്കില്‍ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട എസ്.സോമനാഥിനെ നേതാവാക്കിയാല്‍ മതിയല്ലോ എന്നും കുര്യന്‍ പറഞ്ഞു.

ജനങ്ങള്‍ അകന്നുപോയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിന് പകരം തിരുവനന്തപുരത്ത് താമസിച്ച് പ്രവര്‍ത്തിക്കുകയാണ് ശശി തരൂര്‍ ചെയ്യേണ്ടതെന്ന് പി.ജെ.കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്ത് കിട്ടാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ശശി തരൂര്‍ കൂടുതല്‍ സമയവും വിദേശത്താണ്. തരൂര്‍ തിരുവനന്തപുരത്ത് താമസിച്ചിട്ട് സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. സാധാരണ ജനങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കണം. അദ്ദേഹം ഇപ്പോള്‍ പറയുന്നതിലൊന്നും ഒരു കാര്യവുമില്ലെന്നും പി.ജെ.കുര്യന്‍ തുറന്നടിച്ചു.

'ശശി തരൂര്‍ കൂടുതല്‍ സമയവും വിദേശത്താണെന്ന് ആര്‍ക്കാണറിയാത്തത് കേരളത്തിലെ നേതാവാകണമെങ്കില്‍ ജനങ്ങളുടെ നേതാവാകണം. എം.പിയായെന്നുവെച്ച് നേതാവാകില്ല. ജനങ്ങളുടെ നേതാവാകണമെങ്കില്‍ പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഒരിക്കലും ഒരു സൂപ്പര്‍മാനല്ല നേതാവ്. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് യോഗ്യതയെങ്കില്‍ അതിനേക്കാള്‍ കൂടിയ യോഗ്യതയുള്ളവര്‍ ഇന്ത്യയില്‍ ഇല്ലേ ഇന്ത്യയില്‍ ബുദ്ധിജീവികളില്ലേ ചന്ദ്രനിലേക്ക് സാറ്റലൈറ്റ് അയച്ച സോമനാഥ് മലയാളിയല്ലേ'. പി.ജെ.കുര്യന്‍ പരിഹസിച്ചു. രാഷ്ട്രീയ നേതൃത്വം എന്നുപറയുന്നത് ജനങ്ങളോടൊത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടാവുന്നതാണ്. അടിത്തട്ടില്‍നിന്ന് പ്രവര്‍ത്തിച്ചുവരുന്നയാളാണ് നേതാവ്. അല്ലാതെ നിര്‍ബന്ധപൂര്‍വം ഉണ്ടാക്കിയെടുക്കുന്നതല്ലെന്നും പി.ജെ.കുര്യന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെഴുതിയ ലേഖനത്തിലും പിജെ കുര്യന്‍ തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തരൂരിന് അര്‍ഹതയ്ക്ക് അതീതമായ പദവികള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും വീണ്ടും പദവികള്‍ക്കായി ആക്രാന്തം കാട്ടുകയാണെന്ന് തരൂര്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന് പുറത്ത് തനിക്ക് മറ്റ് പല സാധ്യതകള്‍ ഉണ്ടെന്നുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍ ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പറയാന്‍ പാടില്ലാത്ത കാര്യമാണ്. യാതൊരു തത്വ മോ നിലപാടോ ആദര്‍ശമോ ഇല്ലാത്ത ഒരാള്‍ക്കു മാത്രമേ ഇങ്ങനെ പറയാന്‍ കഴിയു എന്ന വിമര്‍ശനമാണ് ലേഖനത്തില്‍ കൂര്യന്‍ ഉയര്‍ത്തിയ്ത.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന ഒരാളും പാര്‍ട്ടിക്ക് പുറത്ത് എനിക്ക് വേറെ വഴികള്‍ ഉണ്ടെന്ന് പറയില്ല. യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇങ്ങനെയൊരു നിലപാട് പറയാനോ സ്വീകരിക്കാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാന്‍ തരൂര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി കണ്ടു. പക്ഷേ, അദ്ദേഹം നാട്ടിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് തികച്ചും അജ്ഞനാണ്, അദ്ദേഹമിപ്പോഴും ഒരു ഒരന്യനായി നില്‍ക്കുകയാണ്.

കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി പദവിക്ക് തരൂര്‍ അര്‍ഹനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റ് പല നേതാക്കളും ഈ സ്ഥാനത്തിന് അര്‍ഹരാണ്. അവര്‍ക്കെല്ലാം നല്ല പ്രവര്‍ത്തന പാരമ്പര്യവും ജനസമ്മിതിയുള്ളവരുമാണ്. തരുര്‍ ക്ഷമയോടെ കാത്തിരിക്കണം. തന്നെക്കുറിച്ചുള്ള അമിത ആത്മവിശ്വാസത്തില്‍ നിന്നാണ് തരൂര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാര്യം തരൂര്‍ മറക്കരുത്, ഈ പാര്‍ട്ടിയില്‍ അദ്ദേഹത്തേക്കാള്‍ യോഗ്യതയും കഴിവുമുള്ള നിരവധി പേര്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹരായുണ്ടെന്നും കുര്യന്‍ എഴുതിയിട്ടുണ്ട്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരുര്‍ വിജയിച്ചത് ന്യൂനപക്ഷങ്ങളുടെ വോട്ടിലാണ്. പരമ്പരാഗതമായി കോണ്‍ഗ്രസ് വിശ്വാസികളായ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ പിന്തുണ കിട്ടിയതുകൊണ്ടാണ് വിജയിക്കാനായത്. അല്ലാതെ അദ്ദേഹത്തിന്റെ പ്രതിഭകൊണ്ടോ മിടുക്കുകൊണ്ടോ മാത്രം അല്ല വിജയമുണ്ടായത്. പാര്‍ട്ടിക്ക് അനുവദിച്ച വിദേശകാര്യ പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് അദ്ദേഹത്തിന് നല്‍കി. ആ പദവി വഹിക്കാന്‍ അദ്ദേഹം തികച്ചും യോഗ്യനാണ്. ഈ പാര്‍ട്ടിയില്‍ പ്രാഗത്ഭ്യവും കഴിവുമുള്ള നിരവധി പേരുണ്ട്. നേതൃക്ഷാമം തീരെ ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തരൂരിന് അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പദവികള്‍ നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന കാര്യം മറക്കരുതെന്നും കുര്യന്‍ പറയുന്നു.

എഴുത്തുകാരന്‍ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം കൊണ്ട് തനിക്ക് എല്ലാ സ്ഥാനങ്ങളും വേണമെന്ന നിലപാടിലാണ് തരുര്‍. ഇന്ത്യയെക്കുറിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ് ഈ ധാരണ അദ്ദേഹം വെച്ചുപുലര്‍ത്തുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ കെ കാമരാജ് പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നൊള്ളു. പക്ഷേ പ്രായോഗിക തലത്തിലും ഭരണാധികാരി എന്ന നിലയിലും കാമരാജ് അതി പ്രഗത്ഭനായ നേതാവായിരുന്നു. ഇതേ പോലെ നിരവധി നേതാക്കള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നന്നേ കുറവായിരുന്നു, അവര്‍ ജനമനസുകള്‍ കീഴടക്കിയവരാണെന്ന കാര്യവും കുര്യന്‍ ലേഖനത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

കേരളവും കേന്ദ്രവും ഭരിക്കുന്ന ഏകാധിപത്യ സര്‍ക്കാരുകളോട് കോണ്‍ഗ്രസ് തുറന്ന യുദ്ധത്തിലാണ്. കോണ്‍ഗ്രസ് മുക്ത ഇന്ത്യക്കായി പ്രതിജ്ഞ എടുത്തിരിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന പിണറായി സര്‍ക്കാരുമായി കോണ്‍ഗ്രസ് നിരന്തര ഏറ്റുമുട്ടലിലാണ്. ഇത്തരമൊരു ഘട്ടത്തിലാണ് തരൂര്‍ ഒരു തരത്തിലും നീതികരിക്കാനാവാത്ത ഡിമാന്റുകളുമായി പൊതുമധ്യത്തിലേക്ക് വന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര വേദികളില്‍ നടത്തേണ്ട ചര്‍ച്ചയാണ് പൊതുമണ്ഡലത്തിലേക്ക് വലിച്ചിട്ടത്. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി മൂലം ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന് കര്യന്‍ കുറ്റപ്പെട്ടുത്തി.

Tags:    

Similar News