രാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതുകൊണ്ട് വേറെ ആളെ നിര്‍ത്തുമെന്ന് ആദ്യം; പെരുന്നയില്‍ വെച്ച് എംഎല്‍എ ചെവിയില്‍ സ്വകാര്യം പറഞ്ഞപ്പോള്‍ കുര്യന്‍ 'ഫ്‌ലാറ്റ്'; മാങ്കൂട്ടത്തിലിനെ വെട്ടാന്‍ നോക്കിയ പി.ജെ കുര്യന് ഒടുവില്‍ മലക്കംമറിച്ചില്‍; സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണം

മാങ്കൂട്ടത്തിലിനെ വെട്ടാന്‍ നോക്കിയ പി.ജെ കുര്യന് ഒടുവില്‍ മലക്കംമറിച്ചില്‍

Update: 2026-01-02 11:21 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.ജെ.കുര്യന്‍. പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്ത് വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യനെ നേരിട്ട് കണ്ടു സംസാരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി കുര്യന്‍ രംഗത്തെത്തിയത്. രാഹുല്‍ പി.കെ. കുര്യനോട് ചെവിയില്‍ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പാലക്കാട് സീറ്റില്‍ ആരെ നിര്‍ത്തിയേക്കും എന്ന ചോദ്യത്തിന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, 'വേറെ ആളെ നിര്‍ത്തും. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ലാത്തതുകൊണ്ട് വേറെ ആളെ നിര്‍ത്തും. കോണ്‍ഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാര്‍ഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്' എന്നാണ് താന്‍ പ്രതികരിച്ചതെന്ന് കുര്യന്‍ വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം താന്‍ പറഞ്ഞിട്ടില്ലെന്നും, മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പി.ജെ. കുര്യന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് യുവത്വത്തിന് ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. താന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുന്നതിനിടെയാണ് പി.ജെ. കുര്യന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. താന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ ഒരു ഡസനോളം പേര്‍ക്ക് മുഖ്യമന്ത്രി മോഹമുണ്ടെന്നും, ഇത്തവണ എം.പി.മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ സാധ്യത കുറവാണെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.

അന്‍പത് സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ നീക്കമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലൈംഗിക പീഡനക്കേസുകളില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്നും യുവജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആദ്യഘട്ടത്തില്‍ കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു.

പി ജെ കുര്യന്റെ വിശദീകരണ കുറിപ്പ് ഇങ്ങനെ:

സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല

ശ്രീ രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല.

ശ്രീ രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല.


Full View

കോണ്‍ഗ്രസില്‍ പെരുന്തച്ചന്‍ കോംപ്ലക്സ് ആര്‍ക്കും പാടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സീറ്റ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ത്യാഗികള്‍ ഇല്ലെന്നും എന്നാല്‍ തനിക്ക് ത്യാഗിയാകാനും പറ്റുമെന്നും വിഡി സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ റിട്ടയര്‍ ചെയ്യേണ്ടി വരും. 10 വര്‍ഷം കഴിയുമ്പോള്‍ താനും റിട്ടയര്‍മെന്റിനെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തിയല്ല യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കികൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക.

തെരഞ്ഞെടുപ്പിലൊരു യുവത്വവും തിളക്കവും ഉണ്ടാകും. എന്നാല്‍, മുതിര്‍ന്ന നേതാക്കളെ പാടെ മാറ്റണമെന്നല്ല പറയുന്നതെന്നും അവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും ജയിക്കാന്‍ പറ്റുന്ന യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സീറ്റ് നല്‍കുകയെന്നതാണ് തീരുമാനമെന്നും വിഡി സതശന്‍ പറഞ്ഞു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ റിട്ടയര്‍ ചെയ്യേണ്ടിവരും.

യുഡിഎഫ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ ഉത്തരാവാദിത്തം തനിക്ക് കൂടുതലാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ മുന്നണിക്കുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. നിലവില്‍ 80 മുതല്‍ 85 സീറ്റില്‍ യുഡിഎഫിനാണ് മേല്‍ക്കൈയുള്ളത്. നിയമസഭയില്‍ 100ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News