ചെന്താരകത്തെ പുകഴ്ത്താന്‍ ക്യാപ്ടന്‍ എത്തുന്നു; പിപി ദിവ്യയെ പോലുള്ള വിവാദങ്ങള്‍ക്ക് മേലേ പറക്കാന്‍ പുതിയ രാഷ്ട്രീയ ചിന്തയുമായി പി ജയരാജന്റെ പുസ്തകം; പിണറായിയും പാലോളിയും പിജെയെ പുകഴ്ത്തുമോ? പിണറായിയെ ജയരാജന്‍ പ്രശംസ കൊണ്ട് മൂടുമോ? സിപിഎം രാഷ്ട്രീയം ഒരു പുസ്തക പ്രകാശനത്തില്‍ വഴിമാറുമോ?
കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ എഴുതിയ 'കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കുമ്പോള്‍ അതിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. എന്‍ജിഒ യുണിയന്‍ ഹാളില്‍ വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിക്കും. മുതിര്‍ന്ന സിപിഎം നേതാവ് പലോളി മുഹമ്മദ്കുട്ടി ആദ്യപ്രതി ഏറ്റുവാങ്ങും. സംസ്ഥാന രാഷ്ട്രീയത്തില്‍ പി ജയരാജന്റെ പങ്ക് കൂടുമെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ ചടങ്ങിലെ സാന്നിധ്യമെന്നാണ് വിലയിരുത്തല്‍.
ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു ശേഷം പി ജയരാജന്‍ പാര്‍ട്ടി മുഖ്യധാരയിലേക്ക് അതിശക്തമായി തിരിച്ചു വരുന്നുവെന്ന സന്ദേശവും പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിലൂടെ നല്‍കുന്നുണ്ട്. നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ് പി. ജയരാജന്‍. വരുന്ന സംസ്ഥാന സമ്മേളനത്തോടെ പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തുമെന്ന സൂചനയുമുണ്ട്. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമര്‍ശത്തിന് ശേഷമാണ് പൊളിറ്റിക്കല്‍ ഇസ്ലാമിനെ കുറിച്ച് പി ജയരാജന്‍ എഴുതിയ പുസ്തകവും പുറത്തിറങ്ങുന്നത്. പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി എന്തു പറയുമെന്ന കാര്യം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ്.
പ്രസിദ്ധീകരണത്തിന് മുന്‍പേ വിവാദമായതാണ് ഈ പുസ്തകം.അധികാരത്തില്‍ പിടിമുറുക്കിയ ഹിന്ദുത്വശക്തികളെപ്പോലെ തന്നെ കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമും ദോഷകരമായി സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചാണ് പി ജയരാജന്‍ തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.ഹിന്ദുത്വ തീവ്രവാദശക്തികളുടെ സമൂഹത്തിലെ നുഴഞ്ഞുകയറ്റത്തെ കുറിച്ചു 2003-ല്‍ ചിന്താ പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയമെന്ന വായനക്കാരില്‍ നിന്നും നല്ല സ്വീകാര്യത ലഭിച്ചുവെന്ന് പി ജയരാജന്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന തിരിച്ചറിവില്‍ നിന്നാണ് തുടര്‍ച്ചയായി മറ്റൊരു പുസ്തകം കൂടി എഴുതിയത്. മതനിരപേക്ഷതയ്ക്ക് പേരുകേട്ട മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടെയിലും സ്വത്വവാദവും വര്‍ഗീയ തീവ്രവാദ ആശയങ്ങളും രൂപപ്പെടുന്നതിനെ കുറിച്ചുള്ള പഠനമാണ് പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിലെ പ്രതിപാദ്യവിഷയമെന്നും പി.ജയരാജന്‍ അറിയിച്ചിരുന്നു. മദനിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചയായി.
അബ്ദുള്‍ നാസര്‍ മദനി മുസ്ലീം യുവാക്കള്‍ക്കിടയില്‍ തീവ്രവാദചിന്ത വളര്‍ത്തിയെന്ന് തന്റെ പുസ്തകത്തിലെ പി.ജയരാജന്റെ പരാമര്‍ശം ചര്‍ച്ചയായി കഴിഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ആര്‍.എസ്.എസ് മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്ന് പി. ജയരാജന്‍ പുസ്തകത്തില്‍ തുറന്നു പറയുന്നു. മദനിയിലൂടെ യുവാക്കാള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജന്‍ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. സിപിഎമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റിന് ശേഷമാകും പിണറായി കോഴിക്കോട് എത്തുക. സിപിഎമ്മിലെ ചെന്തരാകമാണ് പിജെ. ക്യാപ്ടനാണ് പിണറായി. ഏറെ കാലത്തിന് ശേഷം ചെന്താരകവും ക്യാപ്ടനും ഒരുമിക്കുന്നുവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പിപി ദിവ്യ അടക്കമുള്ള വിവാദങ്ങളില്‍ സിപിഎം നയങ്ങളില്‍ മാറ്റവും പ്രതീക്ഷിക്കുന്നു. ജയരാജന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയത്തിലേക്ക് പിണറായി പോകുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഒരുകാലത്ത് സിപിഎമ്മില്‍ വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയ നേതാവായിരുന്നു കണ്ണൂരിലെ പി ജയരാജന്‍. പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് കൂട്ടായ്മയുണ്ടാക്കിയും, പാട്ടുകളും കവിതയുമൊഴുതിയുമൊക്കെ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ ആഘോഷിച്ചിരുന്നു. സ്വന്തമായി ഫാന്‍സ് അസോസിയേഷന്‍ ഉള്ള കേരളത്തിലെ ഏക നേതാവാണ് പി ജയരാജന്‍ എന്ന് പറയാം. രണ്ടുവര്‍ഷം മുമ്പ് ഭീഷ്മപര്‍വം സിനിമയിലെ മമ്മൂട്ടിയുടെ 'ചാമ്പിക്കോ' മോഡല്‍ ഫോട്ടോ എടുക്കല്‍, പിജെയുടെ പേരില്‍ അണികള്‍ വൈറലാക്കിയിരുന്നു. എതിരാളികള്‍ കാലനെന്നും യമരാജനെന്നും വിളിക്കുമ്പോഴും, അയാള്‍ പാര്‍ട്ടി അണികളുടെ കണ്‍കണ്ട ദൈവമാണ്. രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍പോയാല്‍ അറിയാം, നൂറുകണക്കിന് പ്രശ്‌നങ്ങളുമായി വരുന്ന ആളുകളുടെ തിരക്ക്. തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ സംഘത്തിലെ അംഗം ഉള്‍പ്പെടെയുള്ള നിരവധി സംഘപരിവാറുകള്‍ സിപിഎമ്മിലേക്ക് എത്തിക്കാന്‍ പിജെക്കായി. അമ്പാടിമുക്ക്‌പോലുള്ള ഒരു ഗ്രാമം ഒന്നടങ്കം സിപിഎമ്മിലെത്തി. അണികളുടെ പ്രശ്‌നങ്ങള്‍ക്കായി മുന്‍പിന്‍ നോക്കാതെ എടുത്തുചാടുന്ന പിജെയൂടെ സ്വഭാവം വലിയ ആരാധകരെ സൃഷ്ടിച്ചു. അവര്‍ പി ജയരാജന്റെ പേരില്‍ കഥയും കവിയും എഴുതി. മഹാഭാരതത്തിലെ ശ്രീകൃഷ്ണനാക്കി ചിത്രം വരച്ചു. പാട്ടുണ്ടാക്കി. അതോടെ സിപിഎമ്മിനുതന്നെ സംശയമായി. ജയരാജന്‍ വിഎസിനെപോലെ പാര്‍ട്ടിക്ക് മുകളില്‍ വളരുമോ?
ഈ വ്യക്തിപുജ വിവാദം പി ജയരാജന്‍ എന്ന 71കാരായ നേതാവിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോയത്. ഇപ്പോള്‍ സിപിഎം സംസ്ഥാന കമ്മറ്റിയിലെ ഒരു അംഗംമാത്രമാണ് പിജെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുത്തില്ല. സംസ്ഥാന സെക്രട്ടറിയേറ്റിലും എടുത്തില്ല. ആകെയുള്ളത് ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാര്‍ എന്ന 'ഒണക്ക' സ്ഥാനം മാത്രം. പക്ഷേ ഇപ്പോഴിതാകാര്യങ്ങള്‍ മാറി മറിയുകാണ്. പി ജയരാജന്‍ രചിച്ച, ഇറങ്ങുന്നതിന് മുമ്പേ വിവാദമായ 'കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തുന്നത് പിണറായി വിജയയനാണ്. പി ജെയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള ഒരു മടങ്ങിവരവായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിക വിമര്‍ശനവുമായി സിപിഎം സിപിഎമ്മിന്റെ കേരളത്തിലെ മാറുന്ന അടവുനയത്തിന്റെ തുടക്കമായും ഈ പുസ്തക പ്രകാശനം വിലയിരുത്തപ്പെടുന്നുണ്ട്. കാരണം ഹിന്ദുത്വരാഷ്ട്രീയത്തെ അതിശക്തമായി വിമര്‍ശിക്കുന്ന സിപിഎം എപ്പോഴും പൊളിറ്റിക്കല്‍ ഇസ്ലാമിനോടൊ ഇസ്ലാമിക മതമൗലികവാദത്തോടോ മൗനം പാലിക്കയാണ് പതിവ്. പക്ഷേ ഈ വണ്‍സൈഡ് നവോത്ഥാനവാദം കാരണം, പാര്‍ട്ടി അനുഭാവികളില്‍ ഒരു പങ്ക് സംഘപരിവാറിനൊപ്പം നീങ്ങുന്ന എന്ന തിരിച്ചറിവാണ്, പാര്‍ട്ടിയുടെ മനം മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.