സ്ത്രീയും പുരുഷനും തുല്യരല്ലെന്നും ലീഗിന് ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായമുണ്ടെന്നും ലീഗ് നേതാവ് പി.എം.എ സലാം; സലാമിനെ ന്യായീകരിച്ച് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും; സലാമിനെ ലിംഗനീതിയെ കുറിച്ചുള്ള നഴ്സറി ക്ലാസില്‍ വിടണമെന്നു ആനി രാജ; വിവാദ പരാമര്‍ശം ചര്‍ച്ചയാകുമ്പോള്‍
സലാമിന്റെ വിവാദ പരാമര്‍ശം ചര്‍ച്ചയാകുമ്പോള്‍
മലപ്പുറം: സ്ത്രീയും പുരുഷനും തുല്യമല്ലെന്നു ഇന്നു രാവിലെ പ്രസ്താവന നടത്തിയ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് സമസ്ത നേതാവും എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂരും രംംത്ത്. ഇസ്ലാമില്‍ ഒരു സ്ത്രീ എങ്ങനെ ആവണമെന്ന് മുസ്ലിങ്ങള്‍ തീരുമാനിക്കുമെന്നും അത് അംഗീകരിക്കേണ്ടവര്‍ അംഗീകരിച്ചാല്‍ മതിയെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടെന്നും തുല്യ നീതിയാണ് വേണ്ടതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണെങ്കില്‍ കെ.എസ്. ആര്.ടി. സി ബസുകളില്‍ പിന്നെ എന്തിനാണ് സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റുകള്‍?. റെയില്‍വേയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കോച്ചുകള്‍ നല്‍കുന്നതും തുല്യതക്കെതിരല്ലേ? സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യനീതിയാണ് വേണ്ടത്. വേദങ്ങളിലും സമാനായ പരാമര്‍ശങ്ങള്‍ ഉണ്ട്. ശബരിമലയിലെ സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയാനാകില്ലെന്നാണു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞത്. തുല്യനീതിയാണ് വേണ്ടത്. സ്ത്രീയും പുരുഷനും തുല്യരാണെന്ന പ്രായോഗികമല്ലാത്ത, മനുഷ്യ യുക്തിക്കെതിരായ വാദം സമൂഹത്തില്‍ കൈയടി കിട്ടാന്‍ കൊണ്ടുവരുന്നതാണ്. തുല്യരാണെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ലീഗിന് ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായമുണ്ട്. ഒളിമ്പിക്സില്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്ത മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റുകളാണ്. ശൗചാലയം വെവ്വേറെയാണ്. ഇതെല്ലാം ഇവര്‍ വ്യത്യസ്തരായതിനാലാണ്. ഈ അഭിപ്രായത്തില്‍ നിന്ന് ലീഗ് മാറില്ല. കാന്തപുരം വിഭാഗവുമായി മുസ്ലിം ലീഗിന് എതിര്‍പ്പില്ല. മതസമുദായത്തിലെ ആചാര്യന്മാര്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും എടക്കരയില്‍ മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
അതേ സമയം മുസ്ലിം ലീഗ് സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടെന്ന് വിഷയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സമിതിയിലും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലും വനിതകളുണ്ട്. ഭാവിയില്‍ മറ്റു ഭാരവാഹിത്വങ്ങളിലേക്കും വനിതകളെ പരിഗണിക്കും. നിയമസഭ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിച്ചിട്ടുണ്ട്. ലീഗിന്റെ അഭിപ്രായം മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശത്തനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്തെത്തി. ലിംഗനീതിയെ കുറിച്ചുള്ള നഴ്സറി ക്ലാസില്‍ സലാമിനെ വിടണമെന്നും വിഷയത്തെ കുറിച്ച് ചെറിയ ക്ലാസില്‍ നിന്ന് അവബോധം നല്‍കണമെന്നും ആനി രാജ പറഞ്ഞു. സലാം പറയുന്നതാണോ പാര്‍ട്ടി നിലപാട് എന്ന് ലീഗ് വ്യക്തമാക്കണം. ഇന്നത്തെ കാലത്ത് ഒരു നേതാവും പറയാന്‍ പാടില്ലാത്തതാണ് സലാം പറഞ്ഞത്. പുരുഷ മേധാവിത്വ പ്രവണത വെളിപ്പെട്ടെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.