പ്രസിഡന്റായിരിക്കവേ നല്‍കിയ പിന്തുണക്ക് നന്ദി; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയില്‍ കൂടെയുണ്ടാകും; ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രത്‌നകുമാരിക് അഭിനന്ദനങ്ങള്‍ അറിയിച്ച് പോസ്റ്റ്
പ്രസിഡന്റായിരിക്കവേ നല്‍കിയ പിന്തുണക്ക് നന്ദി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രതിനിധി രത്‌നകുമാരിക്ക് ആശംസകള്‍ അറിയിച്ച് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹാര്‍ദ്ദവുമാണ് ജില്ലാ പഞ്ചായത്തിന്റെ വിജയമെന്ന് ദിവ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ കാലയളവില്‍ തുടങ്ങി, പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ സൂചിപ്പിച്ചു.
ഭരണസമിതി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്നും നാല് വര്‍ഷത്തിനുള്ളില്‍ കണ്ണൂരിലെ ജനതക്ക് അഭിമാനിക്കാന്‍ കഴിയുന്ന നിരവധി നേട്ടങ്ങളാണ് കൈവരിച്ചതെന്നും പി പി ദിവ്യ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉള്‍പ്പെടെ നാല് സംസ്ഥാന അവാര്‍ഡുകള്‍ എന്നിങ്ങനെ പഞ്ചായത്തിന്റെ നേട്ടങ്ങളെക്കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷവും 10 മാസവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരിക്കവേ തനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ സുഹൃത്തുക്കള്‍, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ എന്നിവര്‍ക്ക് ദിവ്യ നന്ദി പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയില്‍ കൂടെയുണ്ടാകുമെന്നും ദിവ്യ പറഞ്ഞു.
കണ്ണൂര്‍ എ.ഡി.എമായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് കുറ്റാരോപിതയായ ദിവ്യ രാജിവെച്ചതിനാലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷയായിരുന്നു കെ.കെ രത്‌നകുമാരി. പരിയാരം ഡിവിഷനില്‍ നിന്നുള്ള അംഗമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ ആണ് മത്സരിച്ചത്.
ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രത്‌നകുമാരിക്ക് അഭിനന്ദനങ്ങള്‍. ..
നമ്മുടെ ഭരണസമിതി അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുകയാണ്...ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹര്‍ദ്ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിജയം..
കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാന്‍ ഈ നാല് വര്‍ഷം കൊണ്ട് നാം നേടിയ നേട്ടങ്ങള്‍ നിരവധിയാണ്.
സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം
സ്വരാജ് ട്രോഫി ഉള്‍പ്പെടെ 4 സംസ്ഥാന അവാര്‍ഡുകള്‍..
1500 പുസ്തകങ്ങള്‍ ഒരു വേദിയില്‍ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാര്‍ഡ് സ്വന്തമാക്കി. .
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 4 വര്‍ഷം മുന്‍പ് പ്രതി ദിനം 800 പേരായിരുന്നു ചികിത്സ തേടി എത്തിയിരുന്നതെങ്കില്‍ ഇന്നത് 3500 ലേറെയായി ഉയര്‍ന്നിരിക്കുന്നു.
കാഴ്ച പരിമിതിയുള്ള സഹോദരങ്ങള്‍ക്ക് പ്രസിദ്ധമായ സാഹിത്യ കൃതികള്‍ ബ്രയ്ലി ലിപിയില്‍ വായിക്കാന്‍10 പുസ്തകങ്ങള്‍ തയ്യാറായി കഴിഞ്ഞു.
കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും,ഹോമിയോ ആശുപത്രിയിലും ഉണ്ടായ മാറ്റങ്ങള്‍ അഭിമാനകരമാണ്..
സ്മൈല്‍ പദ്ധതിയിലൂടെ കഴിഞ്ഞ3 വര്‍ഷം SSLC പരീക്ഷാ ഫലം വന്നപ്പോള്‍ കണ്ണൂരിന്റെ സ്ഥാനം ഒന്നാമതാണ്..
ഓര്‍ത്തെടുക്കുമ്പോള്‍ അനേകം നേട്ടങ്ങള്‍ നമുക്കുണ്ട്.
പൂര്‍ത്തിയാക്കാന്‍ ചിലതുണ്ട്...
സ്ത്രീ പദവി പഠനം...രാജ്യത്ത് ആദ്യമാണ് ഒരു ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും ചേര്‍ത്തുപിടിച്ചു ജില്ലയുടെ റിപ്പോര്‍ട്ട് തയ്യാറാകുന്നത്. പൂര്‍ത്തിയാക്കണം
സ്മാര്‍ട്ട് ഐ പദ്ധതിയിലേടെ 1500 cctv ക്യാമറകള്‍ അതിവേഗം കണ്‍ തുറക്കണം.
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സെക്കണ്ടറി ജില്ലയാവണം.
വിവര സഞ്ചയ്കയിലൂടെ സമ്പൂര്‍ണ വിവര ശേഖരണം പൂര്‍ത്തിയാക്കണം.
ജില്ലാ ആശുപത്രിയില്‍ MRI സ്‌കാനിങ് ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കണം.
കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് പൂര്‍ത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണ്. .
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയില്‍ കൂടെ ഞാനുമുണ്ട്. ..
നമ്മുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍. ..
അതിമഹത്തായ ചരിത്ര പാരമ്പര്യമുള്ള
മണ്ണാണ് നമ്മുടേത്
ചെറുശ്ശേരിയുടെ തൂലിക സഞ്ചരിച്ച
കേസരിയുടെ ആദ്യ കഥ പിറന്ന
ഇന്ദുലേഖയിലൂടെ ചിന്തയുടെ വെളിച്ചം പകര്‍ന്ന
പഴശ്ശിയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമേകിയ
ഏ.കെ.ജിയും
അഴിക്കോടനും നായനാരും
കെ. കരുണാകരനു മുള്‍പ്പെടുന്ന നിരവധി
ജനനേതാക്കള്‍ക്ക് ജന്മം നല്‍കിയ ,
കലയുടെ
കൈത്തറിയുടെ
തിറയുടെ ഈ നാടിനെ
നമുക്ക് ഇനിയുമേറെ
ഉയരത്തിലെത്തിക്കണം
കഴിഞ്ഞ 3 വര്‍ഷവും 10 മാസവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരിക്കവേ എനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ സുഹൃത്തുക്കള്‍, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍. എല്ലാവര്‍ക്കും എന്റെ നന്ദി. .
പി പി ദിവ്യ (മുന്‍ പ്രസിഡന്റ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് )