എന്റെ പാഠപുസ്തകത്തിലെ ഹീറോ, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്; വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല;, കോടതീല്‍ കണ്ടിപ്പാ പാക്കലാം..! മുഹമ്മദ് ഷമ്മാസിന് പി പി ദിവ്യയുടെ മറുപടി പിണറായിക്ക് ഒപ്പമുള്ള ചിത്രം സഹിതം

എന്റെ പാഠപുസ്തകത്തിലെ ഹീറോ, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്;

Update: 2025-01-24 11:39 GMT

കണ്ണൂര്‍: സിപിഎം നേതാവ് പി.പി ദിവ്യയ്‌ക്കെതിരെ ആരോപണവുമായി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഇന്ന് വീണ്ടും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് ഷമ്മാസ് ഇന്ന് വീണ്ടും രംഗത്തുവന്നത്. അതേസമയം ഷമ്മാസിന് പിപി ദിവ്യയുടെ മറുപടി മുഖ്യമന്ത്രി പിണറായി വിജയന്റ ചിത്രം സഹിതമാണ്.

തന്റെ പാഠ പുസ്തകത്തിലെ ഹീറോ മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പി.പി. ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി എന്നും ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദിവ്യയുടെ പോസ്റ്റ്.

ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാന്‍ കണ്ടു വളര്‍ന്ന നേതാവ്.... എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്... കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളര്‍ന്ന നേതാവല്ല സഖാവ് പിണറായി.എന്റെ പാഠ പുസ്തകത്തിലെ ഹീറോ.അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം.... അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യില്‍ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോള്‍ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല..... കോടതീല് കണ്ടിപ്പാ പാക്കലാം..

അതേസമയം പി.പി ദിവ്യയ്‌ക്കെതിരെ ആരോപണവുമായി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഇന്ന് വീണ്ടും രംഗത്തുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിര്‍മ്മാണ കരാറുകള്‍ നേരിട്ടു നല്‍കിയിട്ടുണ്ടെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം.

ജില്ലാ കളക്ടര്‍ ചെയര്‍മാനും പി.പി. ദിവ്യ ഗവേണിങ്ങ് ബോഡി അംഗവുമായ ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ് കോടികളുടെ കരാര്‍ പ്രവൃത്തികള്‍ നേരിട്ട് ലഭിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നടന്ന പ്രവൃത്തികളില്‍ ഏറ്റവും കൂടുതല്‍ തുകയുടെ കരാര്‍ നിര്‍മ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് അരുണ്‍ കെ. വിജയന്‍ ജില്ലാ കളക്ടറായിരുന്ന കാലയളവിലാണെന്നും കളക്ടറുടെ ഇടപെടലുകളില്‍ സംശയം ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. പി.പി. ദിവ്യയ്ക്ക് വേണ്ടി കളക്ടര്‍ വഴിവിട്ട് സഹായം ചെയ്‌തോ എന്നും ദിവ്യയുടെ ബിനാമി ഇടപാടുകള്‍ക്ക് കൂട്ടുനിന്നോ എന്നുള്ളതും അന്വേഷിക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.

ദിവ്യയുടെ ബിനാമി കമ്പനിയായ കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ആദ്യ പ്രവൃത്തിയായ പടിയൂര്‍ എ.ബി.സി. കേന്ദ്രത്തിന്റെ നിര്‍മ്മാണ കരാര്‍ ലഭിച്ചത് ജില്ലാ നിര്‍മ്മിതി കേന്ദ്ര വഴിയാണെന്നും ഷമ്മാസ് ആരോപിച്ചു. പാലക്കയം തട്ടിലെ ബിനാമി സ്വത്തിടപാടില്‍ ബിനാമി കമ്പനി ഉടമയുടെയും ദിവ്യയുടെ ഭര്‍ത്താവിന്റെയും പേരിലുള്ള രേഖകള്‍ തയ്യാറാക്കിയത് ഒരേ അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണെന്നും സര്‍ക്കാര്‍ ജീവനക്കാരനായ ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ ജോലി കൃഷി എന്നാണ് സ്ഥലം വാങ്ങിയ രേഖയില്‍ സാക്ഷ്യപ്പെടുത്തിയതെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടി. ദിവ്യയുടേയും ഭര്‍ത്താവിന്റെയും ബിനാമികളുടെയും 'കൃഷി' യുടെ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും ഷമ്മാസ് ആരോപിച്ചു.

ബിനാമി കമ്പനിയും പി.പി. ദിവ്യയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും വിജിലന്‍സിന് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷമ്മാസ് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്നും ഷമ്മാസ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷമ്മാസ്.

Tags:    

Similar News