കെ.പി.സി.സി മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് 'ഗുഡ് ബൈ' പറഞ്ഞ് പുറത്തുപോയി സരിന്‍; ഇനി അറിയേണ്ടത് സിപിഎമ്മിലേക്ക് മറുകണ്ടം ചാടുമോ എന്ന്; 'ഷാഫി മാത്രമല്ല കോണ്‍ഗ്രസ്, റിബല്‍ വന്നാല്‍ പ്രതിരോധിക്കും' എന്ന് വികെ ശ്രീകണ്ഠന്റെ മറുപടിയും

കെ.പി.സി.സി മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് 'ഗുഡ് ബൈ' പറഞ്ഞ് പുറത്തുപോയി സരിന്‍; ഇനി അറിയേണ്ടത് സിപിഎമ്മിലേക്ക് മറുകണ്ടം ചാടുമോ എന്ന്; 'ഷാഫി മാത്രമല്ല കോണ്‍ഗ്രസ്, റിബല്‍ വന്നാല്‍ പ്രതിരോധിക്കും' എന്ന് വികെ ശ്രീകണ്ഠന്റെ മറുപടിയും

Update: 2024-10-16 06:11 GMT

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലുയര്‍ന്ന എതിര്‍പ്പ് മുതലാക്കാന്‍ സി.പി.എം രംഗത്തുവരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സരിന്റെ പ്രതിഷേധം. ഇടഞ്ഞുനില്‍ക്കുന്ന കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറര്‍ പി. സരിനുമായി സി.പി.എം ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, കെ.പി.സി.സി മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് സരിന്‍ 'ഗുഡ് ബൈ' പറഞ്ഞ് പുറത്തുപോയിരിക്കുകയാണ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് പി. സരിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു. താന്‍ മത്സരിക്കുമെന്ന് സരിന്‍ പലരോടും പറഞ്ഞിരുന്നതായും പറയപ്പെടുന്നു. എന്നാല്‍, തന്നെ തഴഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത് സരിന് കനത്ത തിരിച്ചടിയായി. സരിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും താല്‍പര്യം. എന്നാല്‍ ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും പിന്തുണയാണ് രാഹുലിനു തുണയായത്.

കെ. മുരളീധരനെയോ മറ്റേതെങ്കിലും നേതാവിനെയോ സ്ഥാനാര്‍ഥിയാക്കിയാല്‍പോലും തനിക്ക് കുഴപ്പമില്ലെന്നാണ് സരിന്റെ നിലപാട്. അതേസമയം, ഈ സാഹചര്യം മുതലാക്കാന്‍ സി.പി.എം നീക്കം തുടങ്ങിയിട്ടുണ്ട്. സരിന്‍ മറുകണ്ടം ചാടുമോ, അതോ സരിന് പിന്തുണയുമായി സി.പി.എം എത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സി.പി.എം അവയ്‌ലബിള്‍ ജില്ല കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. അതേസമയം, സരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിലും സജീവമാണ്.

പാലക്കാട് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം നേതൃത്വം വിവിധ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗം ആണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കൂടിയാണ്. ജില്ല കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും വേഗം കുറഞ്ഞിട്ടുണ്ട്.

അതേസമയം സരിന്റെ നീക്കത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമാക്കി എടുക്കുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഭിന്നതയുണ്ടായിട്ടില്ലെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ പി സരിനുമായി ഇതുവരെ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് വലിയൊരു പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഒരു മാനദണ്ഡമുണ്ടെന്നും ശ്രീകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സരിന് അതൃപ്തിയുണ്ടെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠന്റെ പ്രതികരണം.'സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ല. സജീവമായി പാര്‍ട്ടിയില്‍ ഉളള ഒരു വ്യക്തി സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിടുമെന്ന് പ്രതീക്ഷിക്കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു അതൃപ്തിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് വലിയൊരു പാര്‍ട്ടിയാണ്.

സ്വാഭാവികമായും പലരും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കും.പാലക്കാട് വിജയസാദ്ധ്യത കൂടിയ ഒരു മണ്ഡലമായതും ഒരു കാരണമാണ്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് കോണ്‍ഗ്രസിലുളള എല്ലാവര്‍ക്കും ബാധകമാണ്. എല്ലാ പാര്‍ട്ടിക്കും തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡമുണ്ട്. പലരും ജില്ല മാറിയും സംസ്ഥാനം മാറിയും മത്സരിച്ച് ജയിച്ച സാഹചര്യങ്ങളുണ്ട്. പാലക്കാട് തന്നെ മറ്റ് ജില്ലകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിജയിപ്പിച്ച പാരമ്പര്യം കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്.പാര്‍ട്ടിയുടെ തീരുമാനമാണ് അന്തിമം. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്, ആവശ്യക്കാരുമുണ്ട്.

സരിനുമായി ഇതുവരെ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഒരു നേതാവിന്റെ മാത്രം അഭിപ്രായങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പാലക്കാട് ജില്ലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനായി പാര്‍ട്ടി ഒ?റ്റക്കെട്ടായി പ്രവര്‍ത്തിക്കും.അല്ലെന്ന് പറയുന്നവര്‍ക്ക് ചില അജണ്ടകള്‍ ഉണ്ടാകും. അത് ബിജെപിയെ സഹായിക്കാനാണ്. സരിന്റെ വിയോജിപ്പ് എന്താണെന്ന് ആദ്യം അറിയട്ടെ. ഷാഫി പറമ്പില്‍ മാത്രമല്ല കോണ്‍ഗ്രസ്. എല്ലാവരും ഒ?റ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. റിബല്‍ വന്നാല്‍ പ്രതിരോധിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. എല്ലാവര്‍ക്കും കോണ്‍ഗ്രസില്‍ സ്പേസുണ്ട്'- ശ്രീകണ്ഠന്‍ വ്യക്തമാക്കി.

Tags:    

Similar News