വിദേശത്ത് നിന്ന് കൊണ്ടുവന്ന 900 ഗ്രാമില്‍ 500 ഗ്രാം പൊലീസ് മുക്കി; വീഡിയോ തെളിവുകള്‍ പ്രദര്‍ശിപ്പിച്ച് പി വി അന്‍വര്‍; ആരോപണങ്ങളില്‍ നടപടി ഇല്ലാതെ വന്നപ്പോള്‍ താന്‍ ഡിറ്റക്ടീവ് ആകേണ്ടി വന്നുവെന്നും അന്‍വര്‍

വീഡിയോ തെളിവുകള്‍ പ്രദര്‍ശിപ്പിച്ച് പി വി അന്‍വര്‍

Update: 2024-09-26 12:48 GMT

നിലമ്പൂര്‍: പൊലീസുകാര്‍ സ്വര്‍ണം തട്ടിയെടുത്തതിന്റെ തെളിവുകള്‍ വീഡിയോ സഹിതം അവതരിപ്പിച്ച് പി വി അന്‍വര്‍.ആരോപണങ്ങളില്‍ നടപടി ഇല്ലാതെവന്നപ്പോള്‍ തനിക്ക് ഒരു ഡിറ്റക്ടീവ് ആകേണ്ടി വന്നുവെന്ന് എംഎല്‍എ പറഞ്ഞു. വിമാനത്താവളംവഴി കൊണ്ടുവരുന്ന സ്വര്‍ണം പിടിച്ചെടുക്കുന്ന പോലീസ് അതില്‍നിന്ന് എടുത്തശേഷം കുറഞ്ഞ അളവിലുള്ള സ്വര്‍ണം മാത്രമാണ് കോടതിയിലും കസ്റ്റംസിന് മുമ്പിലും സമര്‍പ്പിക്കുന്നതെന്നും പി.വി. അന്‍വര്‍ ആരോപിച്ചു. ഇത്തരത്തില്‍ രണ്ടു കേസുകളില്‍ ഉള്‍പ്പെട്ടവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സ്വര്‍ണം പൊലീസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

നാല് വര്‍ഷത്തോളം വിദേശത്ത് കഴിഞ്ഞ് 2023 ല്‍ നാട്ടിലെത്തിയ യുവാവിന്റെ കേസും മറ്റൊരു കുടുംബത്തിന്റെ കേസും ചൂണ്ടിക്കാട്ടിയായിരുന്നു അന്‍വര്‍ ആരോപണം. 900 ഗ്രാം സ്വര്‍ണം വിദേശത്തുനിന്ന് കൊണ്ടു വന്നത് പോലീസ് പിടിച്ചെടുത്തിരുന്നു. ഇത് കസ്റ്റംസിലേക്ക് സമര്‍പ്പിച്ചപ്പോള്‍ 524 ഗ്രാം ആയി മാറിയെന്നും പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണവുമായെത്തിയവരെ പുളിക്കലിലെ ആശുപത്രിയിലാണ് സ്‌കാന്‍ ചെയ്തത്. ഇത് സ്വര്‍ണമുണ്ടെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഇതില്‍ നിന്ന് ഉരുക്കിയെടുത്ത ശേഷം സുജിത് ദാസിന്റെ സംഘം പിടിച്ചെടുത്തെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

പോലീസിന് വിവരം നല്‍കുന്നത് കസ്റ്റംസ് ആണ്. സ്‌കാന്‍ ചെയ്യുമ്പോള്‍ കസ്റ്റംസ് കാണുന്നുണ്ട്. എന്നാല്‍, അവര്‍ അത് പിടിക്കാതെ സുജിത് ദാസിന്റെ സംഘത്തിന് വിവരം നല്‍കും. കസ്റ്റംസ് പിടിച്ചെടുത്താല്‍ അതിന്റെ ശതമാനത്തില്‍ പരിധിയുണ്ട്. പുറത്തുനിന്നാണെങ്കില്‍ അതില്‍ അമ്പത് ശതമാനത്തോളം അവര്‍ക്കെടുക്കാമെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച 188 കേസുകളില്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറുണ്ടോ എന്നും അന്‍വര്‍ വെല്ലുവളിച്ചു.

മുഖ്യമന്ത്രി മലപ്പുറം ജില്ല എന്ന് ആവര്‍ത്തിക്കുന്നുണ്ടല്ലോ? എന്താണ് ഉദ്ദേശം. സത്യസന്ധമായി പറയണ്ടേ അദ്ദേഹം. ആ വിമാനത്താവളം മലപ്പും ജില്ലയില്‍ ആയതുകൊണ്ടും അതിന്റെ മുറ്റത്തുനിന്ന് പിടിക്കുന്നതുകൊണ്ടുമാണ് 129 കേസ് മലപ്പുറത്ത് ആയത്. അവിടന്ന് ഏഴ് കിലോമീറ്റര്‍ പോയാല്‍ കോഴിക്കോട് ജില്ലയാണ്. ഈ രീതിയില്‍ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കരുതെന്നും പി.വി. അന്‍വര്‍ പറഞ്ഞു

Tags:    

Similar News