എന്റെ ഹൃദയത്തില്‍ പിണറായി വിജയന്‍ വാപ്പയായിരുന്നു; അദ്ദേഹം തന്നെ കള്ളനാക്കി; ഞാന്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്തു; കേരളം വെള്ളരിക്കാപ്പട്ടണമായി മാറി; സ്വര്‍ണ്ണം പിടിക്കുന്നതില്‍ പോലീസിനും വിമര്‍ശനം; വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് അന്‍വര്‍
എന്റെ ഹൃദയത്തില്‍ പിണറായി വിജയന്‍ വാപ്പയായിരുന്നു
മലപ്പുറം: പോലീസിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കേരളം സ്‌ഫോടനാത്മകമായ അവസ്ഥയില്‍ നില്‍ക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. പൊലീസുകാരില്‍ 25 ശതമാനം പൂര്‍ണമായും ക്രിമിനലുകളാണ്. ക്രിമിനല്‍വല്‍ക്കരണം രാജ്യത്തിന്റെ പൊതുമുതല്‍ പോലും അടിച്ചുമാറ്റുന്നു. വിമാനത്താവളം വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സ്വര്‍ണ്ണക്കടത്തു വിഷയങ്ങളും അന്‍വര്‍ ആവര്‍ത്തിച്ചു. പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി.
പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പൊലീസ് പിടിച്ചത്? തുടര്‍ന്ന് ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്. സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി കഴിഞ്ഞ 3 വര്‍ഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തില്‍ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോള്‍ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാന്‍ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?
ഞാന്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്തു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ല.
വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. 9 പേജുള്ള പരാതി വായിച്ചുതീരാന്‍ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ല്‍ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി, അവനാണ് കാരണക്കാരാനെന്ന് ഞാന്‍ പറഞ്ഞു. അജിത് കുമാര്‍ ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാന്‍ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാന്‍ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസില്‍ നിന്നിറങ്ങിയത്.
പത്രക്കാര്‍ പുറത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞോയെന്നാണ് സിഎം പറഞ്ഞത്. ഞാന്‍ തൃശൂരില്‍ എത്തിയപ്പോള്‍ സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത വരികയാണ്. നാല് ഡിവൈഎസ്പിമാരെ ട്രാന്‍സ്ഫറെ ചെയ്തു. പലരും ചോദിച്ചു സന്തോഷമായില്ലേ എന്ന്, ആശ്വാസമായി എന്ന് പറഞ്ഞു. ശശിധരനു പകരം ആരെ എസ്പി ആക്കണമെന്ന് എന്നോട് ചോദിച്ചു. ആരുടെയും പേര് ഞാന്‍ പറഞ്ഞില്ല.
നേരത്തെ തന്റെ കുടുംബ മാഹാത്മ്യം പറഞ്ഞു കൊണ്ടാണ് അന്‍വര്‍ സംസാരിച്ചു തുടങ്ങിയത്. ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാന്‍ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വര്‍ഗീയവാദിയെന്നു പറയുന്നത്. ഇസ്‌ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാന്‍ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.
ഒരാള്‍ വിഷയം ഉന്നയിച്ചാല്‍ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് മുസ്‌ലിം വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുകയാണ്. ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാന്‍ 5 നേരം നമസ്‌കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചര്‍ച്ച. ഓം ശാന്തി, ആകാശത്തുള്ള കര്‍ത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാല്‍സലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.
എന്റെ നിലപാടുകള്‍ പറയാന്‍ പോവുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈശ്വര പ്രാര്‍ഥന നടക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം. ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്നു നിയമസഭയില്‍ എഴുതിക്കൊടുത്തു. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രാര്‍ഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാന്‍ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.
വര്‍ഗീയവാദിയാക്കി ചാപ്പ കുത്താന്‍ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈല്‍ ഫോണ്‍ അടിമകളാണ് ചെറുപ്പക്കാര്‍. നാട്ടില്‍ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈല്‍ ഫോണിലൂടെയാണെന്നും അന്‍വര്‍ പറഞ്ഞു.
വന്‍ ജനാവലിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വിശദീകരണ യോഗം. നിലമ്പൂരിലെ ചന്തക്കുന്നിലെ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ആയിരങ്ങളാണ് പങ്കെടുക്കാനെത്തിയത്. വര്‍ഗീയതയെക്കുറിച്ച് സംസാരിച്ചാണ് പി വി അന്‍വര്‍ യോഗം ആരംഭിച്ചത്. സിപിഎം മുന്‍ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍നിന്നും ആളുകള്‍ പരിപാടിക്കെത്തി. വൈകുന്നേരം 6.30ഓടെ പ്രകടനമായാണ് അന്‍വര്‍ യോഗസ്ഥലത്തേക്ക് എത്തിയത്. സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മേളനത്തിയവരിലുണ്ട്.