യുഡിഎഫില്‍ പ്രവേശനം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ടാക്കാന്‍ അന്‍വര്‍; വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി ആര്യാടന്‍ ഷൗക്കത്തിന് പരിഹാസം; സിനിമ എടുക്കുന്ന ആള്‍ അല്ലെയെന്ന് ചോദ്യം; സ്ഥാനാര്‍ഥിയായി ഷൗക്കത്ത് എത്തിയാല്‍ എതിര്‍ക്കുമെന്ന നിലപാട് യുഡിഎഫ് പ്രവേശനത്തില്‍ കല്ലുകടിയാകും
യുഡിഎഫില്‍ പ്രവേശനം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ടാക്കാന്‍ അന്‍വര്‍
തിരുവനന്തപുരം: യുഡിഎഫില്‍ പ്രവേശനം ആഗ്രഹിക്കുമ്പോഴും കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ടാക്കാന്‍ തൃണണൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിന്റെ ശ്രമം. നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ഥിയാകണം എന്ന കാര്യത്തിലാണ് അന്‍വര്‍ നിബന്ധന മുന്നോട്ടു വെച്ചിരിക്കുന്നത്. വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കില്‍ തീരുമാനം മാറുമെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നത്. അന്‍വറിന്റെ ഈ നിലപാട് യുഡിഎഫ് പ്രവേശനത്തില്‍ വെല്ലുവിളിയായി മാറുമെന്ന കാര്യം ഉറപ്പാണ്.
നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്തിനെ പിന്തുണക്കില്ലെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നത്. ആര്യാടന്‍ ഷൌക്കത്ത് ആരാണ് എന്നായിരുന്നു ചോദ്യം. ആര്യാടന്‍ മുഹമ്മദിന്റെ മകനല്ലേ. സിനിമ എടുക്കുന്ന ആള്‍ അല്ലെ. അദ്ദേഹം നാട്ടില്‍ ഉണ്ടോ എന്നും അന്‍വര്‍ പരിഹസിച്ചു. ഷൌക്കത്ത് മത്സരിച്ചാല്‍ പിന്തുണ നല്‍കല്‍ പ്രയാസമാണ്. ജയിക്കുന്നതും പ്രയാസമാണെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ജോയി സ്ഥാനാര്‍ഥിയായാല്‍ 40,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്.
ഇനി 482 ദിവസം മാത്രമാണ് പിണറായിക്ക് ബാക്കിയുള്ളതെന്ന് അന്‍വര്‍ പറഞ്ഞു. ഇന്നുമുതല്‍ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണ്. മലയോര കര്‍ഷരുടെ മുഴുവന്‍ പിന്തുണയും ആര്‍ജിച്ചുകൊണ്ടായിരിക്കും പിണറായിസത്തിനെതിരായ പോരാട്ടം. പിവി അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് പോയിട്ട് ഒരുരോമം പോലും പോയില്ലെന്ന് പറയുന്നവര്‍ പാര്‍ട്ടിയിലുണ്ട്. അത് നമുക്ക് കാണാം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ യുഡിഎഫിന് മുന്നില്‍ ഒരു ഡിമാന്റ് വയ്ക്കുന്നു. മലയോരമേഖലയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ അറിയുന്ന ആളായിരിക്കണം നിലമ്പൂരിലെ സ്ഥാനാര്‍ഥി. മലയോര ജനതയെ നന്നായി അറിയുന്ന ആളാണ് നിലവിലെ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് തന്റെ അഭിപ്രായമെന്നും അന്‍വര്‍ പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തിനെ സിനിമ, സാംസ്‌കാരിക നായകനായിട്ടേ തനിക്ക് അറിയുകയുള്ളു. അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് നാളായി. സാധാരണ കല്യാണത്തിനൊക്കെ പോകുമ്പോള്‍ കാണേണ്ടതാണ്. അതിനുപോലും കാണാറില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ കഥയെഴുതുകയാണെന്നാണ് പറഞ്ഞത്. കഥയെഴുതുന്നയാളെ അങ്ങനെ പുറത്തുകാണില്ലല്ലോയെന്നും അന്‍വര്‍ പറഞ്ഞു.
അന്‍വറിനെതിരെ നിലമ്പൂരില്‍ നിലപാട് സ്വീകരിക്കുന്ന നേതാവാണ് ആര്യാടന്‍ ഷൗക്കത്ത്. അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളില്‍ വിമര്‍ശിക്കുന്നതാണ് ഷൗക്കത്തിനെതിരായ ആരോപണത്തിന്റെ കാര്യം. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായി കേരളത്തില്‍ സഹകരിക്കുന്നതില്‍ അടക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടാണ് നിര്‍ണായകമാകുക. തൃണമൂല്‍ കോണ്‍ഗ്രസുകാരെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിയ്ക്കാനാകില്ലെന്നും യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് കെ മുരളീധരന്‍ രംഗത്തുവന്നിരുന്നു.
മമത ബാനര്‍ജി ഇന്ത്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചവരാണവര്‍. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസുകാര്‍ക്ക് തൃണമൂലിനെ ദഹിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.