യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി വി അന്‍വര്‍ പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി; യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ആകുന്നത് ചെയ്യുമെന്ന് തങ്ങള്‍; വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന്
യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി വി അന്‍വര്‍ പാണക്കാട്ട്
മലപ്പുറം: യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ എം.എല്‍.എ പാണക്കാട് തറവാട്ടിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 12 മണിയോടെയാണ് അന്‍വര്‍ പാണക്കാട്ടെത്തിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അന്‍വര്‍ നിര്‍ണായക രാഷ്ട്രീയ നീക്കമെന്ന നിലയില്‍ പാണക്കാട്ടേക്ക് എത്തിയത്. അതേസമയം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കരുതലോടെയാണ് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ളതെല്ലാം ചെയ്യും. ശക്തിക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും മാത്രമാണ് തങ്ങള്‍ പറഞ്ഞത്. എന്നാല്‍ താന്‍ വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും അന്‍വര്‍ പറഞ്ഞു.
നേരത്തെ, അന്‍വറിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും ഇപ്പോള്‍ കാണുന്നത് കാവ്യ നീതിയാണെന്നും സതീശന്‍ പറഞ്ഞു. അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം. ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അന്‍വറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കണമെന്ന ആവശ്യം യുഡിഎഫില്‍ സജീവമായി തന്നെ ഉയരുന്നുണ്ട്. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ അന്‍വര്‍ ജാമ്യം കിട്ടി തിങ്കളാഴ്ച വൈകീട്ടാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വന നിയമ ഭേദഗതിക്കെതിരെ അന്‍വര്‍ ആഞ്ഞടിച്ചിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ലെന്നും നിയമം പാസായാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.
വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്. റവന്യൂ വകുപ്പ് കൈമാറിയ ഭൂമികളില്‍ വനവത്കരണം നടത്തി. ജനങ്ങള്‍ പോയി വനത്തില്‍ വീട് വെച്ചതല്ല, മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്.
കാര്‍ബണ്‍ ഫണ്ടില്‍ നിന്നു പത്ത് പൈസ പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല. 10,000 ഹെക്ടര്‍ കേരളത്തില്‍ വനം വര്‍ധിച്ചു. ഭൂമി ഇവിടെ പെറ്റുപെരുകുന്നുണ്ടോ? സെക്രട്ടേറിയറ്റിന് അകത്തുവരെ പുലി വരുന്ന സാഹചര്യം ഉണ്ടാകും. വനഭേദഗതി ബില്‍ നിയമമായാല്‍ പുഴകളുടെ നിയന്ത്രണവും വനംവകുപ്പിന്റെ കൈകളിലാവും. കുടിവെള്ള പദ്ധതികളെ പോലും ഇത് ബാധിക്കും. ബില്‍ മറച്ചുവെച്ച് പാസാക്കാനാണ് നീക്കം നടത്തിയത്. റോഷി അഗസ്റ്റിന്‍ മലയോര കര്‍ഷകരുടെ രക്ഷകന്‍ അല്ലേ? എന്താണ് മിണ്ടാതിരിക്കുന്നത്. സി.പി.ഐ മന്ത്രിമാര്‍ പ്രകൃതി സ്നേഹികളല്ലേ? വനം വകുപ്പ് മന്ത്രിയെ മാറ്റാത്തതിലും അന്‍വര്‍ വിമര്‍ശിച്ചു.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രി ആക്കിയാല്‍ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല. അതുകൊണ്ടാണ്. മന്ത്രിയെ മാറ്റാത്തത്. ക്രൈസ്തവ സമൂഹമാണ് ബില്ല് കൊണ്ട് ഏറ്റവും ദോഷം അനുഭവിക്കുന്നതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പ് അതിഥി മന്ദിരങ്ങള്‍ തെമ്മാടിത്ത കേന്ദ്രങ്ങളാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വണ്ടികള്‍ എന്തിനാണ്? യു.ഡി.എഫ് നേതൃത്വം ഈ വിഷയം ഏറ്റെടുക്കണം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരണം. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം.
കേരളത്തില്‍നിന്നുതന്നെ ഇതിന് തുടക്കം കുറിക്കണം. അതിന് വേണ്ടി 2026ല്‍ യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നും അന്‍വര്‍ പറഞ്ഞു. വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടി മുഴുവന്‍ യു.ഡി.എഫ് നേതാക്കളെയും കാണും. മുന്നണി പ്രവേശനം ഒന്നുമല്ല ഇപ്പോഴത്തെ വിഷയം. കേരളത്തില്‍ നൂറോളം കര്‍ഷക സംഘടനകള്‍ ഉണ്ട്. മലയോര മേഖലയിലെ സഭകളുണ്ട്. അവരെയൊക്കെ യു.ഡി.എഫ് ഒരുമിച്ച് നിര്‍ത്തണം. ആദിവാസികള്‍ക്ക് നല്‍കുന്ന പത്തില്‍ ഒന്ന് പോലും അവര്‍ക്ക് ലഭിക്കുന്നില്ല. ആദിവാസി ദലിത് മേഖലയില്‍ യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.