പാലായില്‍ അപ്രതീക്ഷിത ട്വിസ്റ്റ് വരുമോ? ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാക്കള്‍; ഒപ്പം നിര്‍ത്താന്‍ ചരടു വലിച്ചു മന്ത്രി വി എന്‍ വാസവന്‍; ദിയയെ നഗരസഭാ അധ്യക്ഷയായും ബിനുവിനെ ഉപാധ്യക്ഷനാക്കാമെന്നുമുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ എല്‍ഡിഎഫ്; പാലയില്‍ യുഡിഎഫിന് പണി പാളുമോ?

പാലായില്‍ അപ്രതീക്ഷിത ട്വിസ്റ്റ് വരുമോ?

Update: 2025-12-23 08:44 GMT

കോട്ടയം: പാല നഗരസഭാ ഭരണം ആരുപിടിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ബിനു പുളിക്കക്കണ്ടവുമായി സിപിഎം നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി.മന്ത്രി വി എന്‍ വാസവനും സിപിഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പുളിക്കക്കണ്ടം കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് വാസവന്‍ നടത്തുന്നത്.

പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിലിന്റെയും കുടുംബത്തിന്റെയും തീരുമാനം നിര്‍ണ്ണായകമാണ്. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്.

ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമാണ് ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യങ്ങള്‍ എല്‍ഡിഎഫ് അംഗീകരിച്ചതായാണ് വിവരം. എന്നാല്‍ മുന്നണി പ്രവേശനത്തില്‍ ബിനു പുളിക്കക്കണ്ടം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന സ്വതന്ത്ര കൂട്ടായ്മ യോഗത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും യുക്തിസഹമായ തീരുമാനമെടുക്കാനും ഒരു വിഭാഗം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഇടതു നേതാക്കളുമായി ബിനു ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. നേരതതെ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ പാതി മനസ്സ് കാണിച്ചതോടെയാണു യുഡിഎഫ് ഭരണത്തിന്റെ സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍, ആ നീക്കം ഇപ്പോല്‍ പാളുമോ എന്നാണ് അറിയേണ്ടത്.

വനിതാ സംവരണമായ നഗരസഭ അധ്യക്ഷ സ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമാണ് ബിനു ഉയര്‍ത്തുന്നത്. ഇതിനൊപ്പം ബിനുവിന് ഉപാധ്യക്ഷ സ്ഥാനവും ആവശ്യപ്പെടുന്നുണ്ട്. 2 വര്‍ഷം അധ്യക്ഷ ഉപാധ്യക്ഷ സ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്നാണ് വിവരം. ഇതിനു ശേഷം സ്വതന്ത്രയായി ജയിച്ച മായാ രാഹുല്‍, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ എന്നിവര്‍ക്കും അധ്യക്ഷ സ്ഥാനം നല്‍കുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നു.

ദിയ അധ്യക്ഷയായാല്‍ പാലാ നഗരസഭയില്‍ ഒരുപിടി ചരിത്രങ്ങള്‍ പിറക്കും. ദിയ പാലാ നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയാകും. അച്ഛനും മകളും അധ്യക്ഷ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന അപൂര്‍വതയ്ക്കും പാലാ സാക്ഷിയാകും. ഇതിനൊപ്പം കേരള കോണ്‍ഗ്രസിന്റെ തട്ടകത്തില്‍, കേരള കോണ്‍ഗ്രസി (എം) ന്റെ പിന്തുണയില്ലാതെ ഒരു ഭരണ സമിതി പാലായില്‍ അധികാരത്തില്‍ എത്തും. എല്‍ഡിഎഫില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന് (എം) അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിസന്ധിയായും ഇതു മാറും.

എന്നാല്‍ പൂര്‍ണമായ യുഡിഎഫ് പിന്തുണ ഇപ്പോളും ബിനു പ്രഖ്യാപിക്കാത്തത് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇടതു അനുകൂല നീക്കം യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പുളിക്കക്കണ്ടം കുടുംബം മത്സരിച്ച സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സഹായിച്ചിരുന്നു. ഈ സഹായം കുടുംബം കാണാതെ ജനഹിതത്തിന് എതിരായി നില്‍ക്കുന്നന് വഞ്ചനാപരമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു.

Tags:    

Similar News