ഷാഫി പറമ്പിലിന് ബിജെപി ബന്ധമെന്ന് ആരോപിച്ച് വെടി പൊട്ടിച്ചതോടെ പുറത്താക്കി; പാലക്കാട് തിരഞ്ഞെടുപ്പ് ചൂടായതോടെ വെടിനിര്‍ത്തല്‍; ഗ്രൂപ്പുകള്‍ തമ്മില്‍ കൈ കൊടുത്തു; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവ് സദ്ദാം ഹുസൈനെ തിരിച്ചെടുത്തു

പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവ് സദ്ദാം ഹുസൈനെ തിരിച്ചെടുത്തു

Update: 2024-10-21 10:03 GMT

പാലക്കാട്: ഉപതിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ചൂടുപിടിച്ചതോടെ, പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോരില്‍ വെടിനിര്‍ത്തല്‍. പുറത്താക്കിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെ തിരിച്ചെടുത്തു. ഗ്രൂപ്പുകള്‍ തമ്മിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണു നടപടി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് ആയിരുന്നു സദ്ദാം ഹുസൈന്‍.

പാലക്കാട്ട് ഇടഞ്ഞുനില്‍ക്കുന്ന യുവനേതാക്കളുമായി കഴിഞ്ഞ ദിവസം കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. അനുനയനീക്കത്തിന്റെ ഭാഗമായായിരുന്നു ചര്‍ച്ച. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ഐ ഗ്രൂപ്പുകാരെ തിരിച്ചെടുക്കണമെന്നാണ് യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂട്ടരാജി ഉണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയതായാണു വിവരം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായത്. കെപിസിസി സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയായിരുന്ന പി. സരിന്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എതിര്‍പ്പും വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ത്തി ആദ്യമായി കലാപക്കൊടി ഉയര്‍ത്തിയത്. പിന്നാലെ പാര്‍ട്ടി വിടുകയും സിപിഎമ്മിനൊപ്പം ചേരുകയും ചെയ്തു. സിപിഎം അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് രംഗത്തുവന്നതും പാര്‍ട്ടിക്ക് തലവേദനയായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം നില്‍ക്കാന്‍ ഐ ഗ്രൂപ്പ് നേരത്തെ ഉപാധികള്‍ മുന്നോട്ടുവച്ചിരുന്നു. കെ.എ സദ്ദാം ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. സദ്ദാമിനെ തിരിച്ചെടുക്കാന്‍ 48 മണിക്കൂര്‍ സമയം എന്ന നിര്‍ദേശവും ഐ ഗ്രൂപ്പിലെ നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു.

ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്ന കാലത്ത് പാലക്കാട് പത്രസമ്മേളനം വിളിച്ച സദ്ദാം, ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഷാഫി പറമ്പിലിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഷാഫിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പരിശോധിക്കണമെന്നും സദ്ദാം ഹുസൈന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2023 ജൂണ്‍ 28നായിരുന്നു സദ്ദാം ഹുസൈനെ കോണ്‍ഗ്രസ് പുറത്താക്കുന്നത്.

Similar News