സന്ദീപ് വാര്യരെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നു; ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാമല്ലോ? പാണക്കാട് തങ്ങളെ കണ്ടെന്ന വാര്‍ത്ത കണ്ടപ്പോള്‍ ബാബറി മസ്ജിദ് ഓര്‍ത്തു; സാദിഖലി തങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍; വിമര്‍ശിച്ചു മുഖ്യമന്ത്രി

സന്ദീപ് വാര്യരെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നു

Update: 2024-11-17 07:30 GMT

പാലക്കാട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയത് മാദ്ധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദീപ് വാര്യര്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാന്‍ പോയ വാര്‍ത്ത കണ്ടു. അത് കണ്ടപ്പോള്‍ പണ്ടത്തെ ഒറ്റപ്പാലത്തെ തിരഞ്ഞെടുപ്പാണ് ഓര്‍മവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'സന്ദീപ് വാര്യര്‍ പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങളെ കാണാന്‍ പോയ വാര്‍ത്ത കണ്ടു. അത് കണ്ടപ്പോള്‍ പണ്ടത്തെ ഒറ്റപ്പാലത്തെ തിരഞ്ഞെടുപ്പാണ് ഓര്‍മ വന്നത്. ബാബറി മസ്ജിദ് തകര്‍ത്ത ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. ആ തിരഞ്ഞപ്പെടുപ്പില്‍ ബാബറി മസ്ജിദ് വിഷയം ഉയര്‍ന്നുനിന്നിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ആയിരുന്നു. ആ സംഘത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റുമായിരുന്നുവെന്നും പിണറായി പറഞ്ഞു.

സ്വാഭാവികമായും വലിയ പ്രതിഷേധം ഉണ്ടായി. അന്ന് ശക്തമായ ഒരു വികാരം ഉയര്‍ന്നുവന്നു. അതിന് കൂട്ടുനിന്ന കോണ്‍ഗ്രസിനും കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെയും വികാരം ഉയര്‍ന്നുവന്നു.ആ ഘട്ടത്തില്‍ നമ്മുടെ കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ മുസ്ലീം ലീഗ് ഇരിക്കുകയായിരുന്നു. ഇവിടെയും അത് വലിയ അമര്‍ഷം സൃഷ്ടിച്ചു. ബാബറി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിക്കണമെന്ന ആവശ്യം ലീഗ് അണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നു. പക്ഷേ മന്ത്രി സ്ഥാനം വളരെ പ്രധാനമായി അവര്‍ കണ്ടു.

അങ്ങനെ ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോണ്‍ഗ്രസിന്റെ കൂടെ അന്ന് മുസ്ലീം ലീഗ് തുടര്‍ന്നു. ഇതില്‍ വ്യാപകമായ അമര്‍ഷം ലീഗ് അണികളില്‍ ഉണ്ടായി. അപ്പോഴാണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വന്നത്. അന്നത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ബഹുമാനിക്കുന്ന ഒരാള്‍ ആയിരുന്നു. ഇപ്പോഴത്തെ സാദിഖ്അലി ശിഹാബ് തങ്ങളെ പോലെയല്ല. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാന്‍ എത്തി. പക്ഷേ തങ്ങളെ കാണാന്‍ ആരും വന്നില്ല. ലീഗ് അണികള്‍ ബാബറി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിച്ചു.

ആ പ്രതിഷേധം അന്ന് എന്തിന്റെ ഭാഗമായിരുന്നു.ലീഗിന് ശരിയായ നിലപാട് എടുക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു. കോണ്‍ഗ്രസിനോട് കൂടെ നിന്ന് അതിന്റെ ഭാഗമായി കോണ്‍ഗ്രസ് കാണിച്ച തെറ്റായ നിലപാട് ലീഗ് എതിര്‍ക്കാത്തത് കൊണ്ടാണ് ആ പ്രതിഷേധം നടന്നത്. ഇപ്പോള്‍ ഒരാള്‍ വന്നപ്പോള്‍, ഇന്നലെ വരെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ? ഇദ്ദേഹം ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാമല്ലോ അതിന്റെ അമര്‍ഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വര്‍ത്തമാനം പറഞ്ഞാല്‍ തണുപ്പിക്കാന്‍ കഴിയുമോ? അതിന് വേണ്ടിയാണ് ഇതെന്ന് കണ്ടാല്‍ മനസിലാകുമെന്നും പിണറായി പറഞ്ഞു.

അതേസമയം സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയും പിണറായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ല. സാദിഖലി തങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News