'പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ല; പ്രകാശനം ചെയ്യുന്നത് കൊണ്ട് എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നു പറയാനാവില്ല'; പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; പ്രകാശന വേദിക്ക് മുന്നില്‍ പുസ്തകത്തിന്റെ കവര്‍ കത്തിച്ച് പിഡിപി

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടന, ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം

Update: 2024-10-26 12:12 GMT

കോഴിക്കോട്: പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്ന് വിശദീകരിച്ച് പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. അബ്ദുള്‍ നാസര്‍ മദനി തീവ്രവാദചിന്ത വളര്‍ത്തിയെന്ന് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതേ സമയം പി ജയരാജന്റെ പുസ്തക പ്രകാശന വേദിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവര്‍ത്തകര്‍ പുസ്തകത്തിന്റെ കവര്‍ കത്തിച്ചു.

'പുസ്തകം പ്രകാശനം ചെയ്യുന്നത് കൊണ്ട് എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നു പറയാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ട്. അതിനെ അങ്ങനെ തന്നെ കാണണം. ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളു എന്നുമാണ് പുസ്തകത്തിന്റെ പൊതുവായ വിലയിരുത്തല്‍. ഇത് ഏറെ പ്രസക്തമായ നിലപാടാണ്.

കേരളത്തിലെ ഇസ്ലാമിന്റെ തുടക്കം മുതലുള്ള ചരിത്രം അപഗ്രഥിച്ച് വിലയിരുത്തുകയാണ് ഈ പുസ്തകം. മലബാര്‍ കലാപം മാപ്പിള ലഹളയല്ല സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന സമരമായിരുന്നെന്ന് പുസ്തകത്തിലുണ്ട്. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണോടെ കാണുന്നത് ശരിയല്ല. ഇസ്ലാമിക രാജ്യം സൃഷ്ടിക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. മുസ്ലീം ലീഗ് ഒരു പരിഷ്‌കരണ സംഘടനയാണ്. ലോകത്ത് സാമ്രാജ്യത്വത്തിന്റെ ചട്ടുകമാകലാണ് ജമാഇത്തെ ഇസ്ലാമിയുടെ പണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിന് സാര്‍വദേശീയ ഭീകര ബന്ധമില്ല. എന്നാല്‍, വര്‍ഗീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു. ആര്‍.എസ്.എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. രണ്ട് കൂട്ടരുടെയും അജണ്ട പൊളിച്ചാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ലീഗിന് ഈ നിലപാടില്ല. ഇസ്ലാമിക സാമ്രാജ്യം സൃഷ്ടിക്കാനാണ് ജമാഅത്ത് ശ്രമിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ ഭീകര സംഘടകളുമായി കൂട്ടുകൂടുന്നതാണ് ലീഗുണ്ടാക്കുന്ന വലിയ ആപത്ത്. ഭീകര സംഘടനകള്‍ക്ക് മാന്യത നല്‍കുന്നതാണിത്. ഇത് ലീഗ് അണികളെ ഭീകരവാദ സംഘടനകളിലേക്കെത്തിക്കും. ഇത് സംഘപരിവാറിനെ ശക്തിപ്പെടുത്തും. ഇത്തരക്കാരോട് സഹകരിക്കില്ലെന്നു പ്രഖ്യാപിക്കുകയാണ് വേണ്ടത്', മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഐ.എസ്. റിക്രൂട്ട്മെന്റ് സെന്ററാണ് എന്ന് പറയുന്നത് തെറ്റാണ്. അത് സംഘപരിവാരത്തിന്റെ പ്രചരണമാണ്. അതിനെ എതിര്‍ക്കണം. പള്ളിക്ക് കാവല്‍ നിന്ന് രക്തസാക്ഷിത്വം വരിച്ച യു.കെ. കുഞ്ഞിരാമന്റെ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയെ സംഘപരിവാര്‍ ബന്ധമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് അഭിമാനത്തോടെ പറയുന്ന കെ. സുധാകരന്റെ പാര്‍ട്ടിയുടെ കൂടെയാണ് ലീഗുള്ളത്.

മലപ്പുറം എന്ന് കേട്ടാല്‍ മുസ്ലീം സമുദായത്തിനെതിരേ പറഞ്ഞു എന്നാണ് ചിലര്‍ പറയുന്നത്. എല്‍.ഡി.എഫ് ഭരണത്തില്‍ പോലീസ് ഏറ്റവും കൂടുതല്‍ കേസെടുത്തത് മലപ്പുറത്താണ് എന്നാണ് ലീഗ് പറയുന്നത്. ഇത് തെറ്റാണ്. ലീഗാണ് മലപ്പുറത്തെ അപമാനിക്കുന്നത്.' താരതമ്യേന ഏറ്റവും കുറവ് കുറ്റകൃകത്യങ്ങളുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം അബ്ദുള്‍ നാസര്‍ മദനി തീവ്രവാദചിന്ത വളര്‍ത്തിയെന്ന് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. മദനിയിലൂടെ യുവാക്കാള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നും പി.ജയരാജന്‍ ആരോപിച്ചിരുന്നു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. .

എന്നാല്‍ 2009ലെ മദനി - സിപിഎം സഹകരണത്തെ കുറിച്ച് പുസ്തകത്തില്‍ പി.ജയരാജന്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയില്‍ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജന്‍ പറയുന്നു. മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവില്‍ ഗൗരവമുളള പരിശോധന വേണം. ഇടപെടല്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്ന വിമര്‍ശനമാണ് കേള്‍ക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാന്‍ പ്രധാന പ്രതിബന്ധം ഇതാണെന്നും പുസ്തകത്തിലുണ്ട്.

കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റിനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വിരലിലെണ്ണാവുന്നവര്‍ ഐഎസില്‍ ആകൃഷ്ടരായി എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജന്‍ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരല്‍ നടക്കുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. അതേസമയം, ആര്‍എസ്എസിനെ സ്വത്വരാഷ്ട്രീയം കൊണ്ട് നേരിടാനാകില്ലെന്നും സ്വത്വാധിഷ്ഠിത കൂട്ടായ്മകള്‍ ആപത്കരമായ പ്രവണതയാണെന്നും ജയരാജന്റെ പുസ്തകത്തില്‍ പറയുന്നു.

പ്രതിഷേധിച്ച് പിഡിപി

പി ജയരാജന്റെ പുസ്തക പ്രകാശന വേദിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവര്‍ത്തകര്‍ പുസ്തകത്തിന്റെ കവര്‍ കത്തിച്ചു. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനംചെയ്തത്.


മദനി 90 കളില്‍ ആര്‍എസ്എസിനെതിരെ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം അലിയാര്‍ കുറ്റപ്പെടുത്തി. മദനിക്കെതിരായ ആരോപണത്തില്‍ പി ജയരാജനെ സംവാദത്തിന് വെല്ലുവിളിക്കുന്നു. മദനിക്ക് പി ജയരാജന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. സിപിഎം നിലപാട് ഇത് തന്നെയാണോയെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1990 മുതല്‍ മദനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നില്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു അലിയാര്‍ ഉന്നയിച്ച മറ്റൊരു കാര്യം. പ്രകോപന കുറ്റം ചുമത്തി കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നിലും കുറ്റം തെളിഞ്ഞിട്ടില്ല. ദേശവിരുദ്ധ പ്രവര്‍ത്തിയുടെ പേരില്‍ മദനിക്ക് എതിരെ എവിടെയും കേസില്ല. ബാബ്റി മസ്ജിദ് പ്രശ്‌നത്തിന് ശേഷം നടന്ന ഒറ്റപ്പാലം തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പിഡിപി പിന്തുണച്ചിരുന്നു. 1993 ലെ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ എസ്.ശിവരാമനാണ് പിന്തുണ നല്‍കിയത്. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മഹാത്മാ ഗാന്ധിയോടാണ് ഇ.എംഎസ് മദനിയെ ഉപമിച്ചത്. അത് ജയരാജന്‍ മറന്നത് എന്തുകൊണ്ടാണെന്നും അലിയാര്‍ ചോദിച്ചു.

ഉപതെരെഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന് പിഡിപി നിലപാട് തീരുമാനിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്നു നിലപാട് പറയും. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു തീരുമാനം എടുക്കും. പി.ജയരാജന്‍ പുസ്തകം അതിനെ സ്വാധീനിക്കില്ല. സിപിഎം നിലപാട് ഇങ്ങനെ എന്ന് കരുതുന്നില്ല. അങ്ങനെ എങ്കില്‍ നേതൃത്വം പറയട്ടെ. തൃശ്ശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വി.എസ്.സുനില്‍കുമാറിന് വേണ്ടി പിഡിപി സജീവമായി രംഗത്തുണ്ടായിരുന്നു. ധാരണക്കുറവ് കൊണ്ടാകാം ബിനോയ് വിശ്വത്തിന്റെ പ്രതികരണമെന്നും അലിയാര്‍ പറഞ്ഞു.

Similar News