'വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ? സഹോദരി പുത്രന് തീറെഴുതി കൊടുക്കാന്‍?' കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി വേങ്ങരയില്‍ പോസ്റ്ററുകള്‍; ഗ്രീന്‍ ആര്‍മിയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് രാവിലെ

Update: 2025-12-26 05:30 GMT

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പോസ്റ്റര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ സഹോദരി പുത്രന് തീറെഴുതി കൊടുക്കാന്‍ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. ഗ്രീന്‍ ആര്‍മി എന്ന പേരിലാണ് രാവിലെ മുതല്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പോസ്റ്റര്‍ പ്രചാരണത്തിലേക്ക് എത്തിയത്.

കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രനായ അബു താഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നേതൃത്വം നിശ്ചയിച്ചതാണ് ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. 'വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, സഹോദരി പുത്രന് തീറെഴുതി കൊടുക്കാന്‍?' എന്നാണ് പലയിടത്തും പ്രതൃക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.

'യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വാഹനത്തില്‍ കഞ്ചാവ് വെച്ച് അറസ്റ്റിലായ ക്രൂരനും മാഫിയ തലവനുമായ അബുതാഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നല്‍കുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും പരിചയവും ഉള്ള മുതിര്‍ന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ലെന്നും' പോസ്റ്ററിലുണ്ട്. വേങ്ങരയിലും പരിസരപ്രദേശത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'ഗ്രീന്‍ ആര്‍മി' എന്ന പേരിലാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ വേങ്ങരയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അബു താഹിറിനെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ പാര്‍ട്ടിയില്‍ കുടുംബവാഴ്ച അടിച്ചേല്‍പ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തീരുമാനം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയുള്ള ഈ പരസ്യ പ്രതിഷേധം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരം അബു താഹിറുമായി മുന്നോട്ട് പോകാനാണോ, അതോ പ്രതിഷേധം തണുപ്പിക്കാന്‍ നേതൃത്വം ഇടപെടലുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Tags:    

Similar News