അന്‍വറിനെ കൈവിടണമോ എന്നതിലെ യുഡിഎഫ് തീരുമാനത്തില്‍ പ്രതിഫലിക്കുക കോണ്‍ഗ്രസിലേയും ലീഗിലേയും പൊതു മനസ്സ് മാത്രം; നിലമ്പൂര്‍ എംഎല്‍എയുടെ ആരോപങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കും; 'രാഹുലിന്റെ ഡിഎന്‍എയില്‍' കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സജീവം

5 വിഷയങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം

By :  Remesh
Update: 2024-09-27 02:14 GMT

തിരുവനന്തപുരം: പിവി അന്‍വറിനെ യുഡിഎഫും കോണ്‍ഗ്രസും പൂര്‍ണ്ണമായും കൈവിടില്ല. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഇടതുബന്ധം ഉപേക്ഷിച്ച പി.വി.അന്‍വറിനെ നിരുത്സാഹപ്പെടുത്താതെ മുന്നോട്ടുപോകാനാണ് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനം. കോണ്‍ഗ്രസിലെ പ്രബല വിഭാഗം അന്‍വറിനൊപ്പമാണ്. അന്‍വറിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അന്‍വര്‍ വേണ്ടെന്ന നിലപാടുള്ളവരുമുണ്ട്. മുസ്ലീം ലീഗിലെ പ്രധാന നേതാക്കളും ആശയക്കുഴപ്പത്തിലാണ്. ഇതെല്ലാം മാറുമ്പോള്‍ അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് അന്തിമ തീരുമാനം എടുക്കും. മുന്നണിയിലെ ബാക്കി പാര്‍ട്ടികള്‍ക്കൊന്നും അന്‍വറില്‍ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല.

അന്‍വറിന്റെ രാഷ്ട്രീയഭാവി ചര്‍ച്ചചെയ്യാന്‍ സമയമായില്ലെന്നും ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗം വിലയിരുത്തി. 5 വിഷയങ്ങള്‍ ഉയര്‍ത്തി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ സമരം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു. അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നില്ല യുഡിഎഫ് യോഗമെങ്കിലും അതും ചര്‍ച്ചയായി. അന്‍വര്‍ ഇടതുബന്ധം ഉപേക്ഷിച്ചെങ്കിലും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യില്ല. അന്‍വര്‍ ആരോപിക്കുന്നതെല്ലാം പ്രതിപക്ഷം നേരത്തേ ഉന്നയിച്ചതാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധനാ പ്രസ്താവന കോണ്‍ഗ്രസിന് ഇപ്പോഴും തലവേദനയാണ്. അന്‍വര്‍ ചെറിയ തിരുത്തല്‍ പെടുത്തി. എന്നാല്‍ മാപ്പു പറഞ്ഞാലേ അന്‍വറുമായി സഹകരിക്കാന്‍ കഴിയൂവെന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതു വികാരം.

മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘം, എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ട്, സ്വര്‍ണക്കടത്ത് സ്വര്‍ണം പൊട്ടിക്കല്‍ എന്നീ 5 വിഷയങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സമരത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വിശദീകരിക്കും. ഇതിനൊപ്പം അന്‍വറിനൊടുള്ള യുഡിഎഫ് നിലപാടും തെളിയും. എംഎം ഹസനും പികെ കുഞ്ഞാലിക്കുട്ടിയും തനിക്ക് എതിരാണെന്ന തരത്തില്‍ അന്‍വര്‍ പ്രതികരിച്ചിരുന്നു. പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തി. ഇതെല്ലാം യുഡിഎഫിനേയും പലതരത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്. സി.പി.എമ്മിന്റെ സകല ചങ്ങലക്കെട്ടുകളും തകര്‍ത്ത്, മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനുംനേരേ പൊട്ടിത്തെറിച്ച് പി.വി. അന്‍വര്‍ നടത്തിയ വെളിപ്പെടുത്തല്‍ പക്ഷേ യുഡിഎഫിന് അനുകൂലമാണ്.

എസ്. സുജിത് ദാസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന കാലയളവില്‍ എ.ഡി.ജി.പി.യുടെ നിര്‍ദേശത്തോടെ പിടികൂടിയ 188 സ്വര്‍ണക്കടത്ത് കേസുകള്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സത്യസന്ധരായ പോലീസുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് അന്‍വര്‍ വെല്ലുവിളിച്ചു. സ്വര്‍ണക്കടത്തിലെ പോലീസിന്റെ കള്ളക്കളി വെളിപ്പെടുത്താന്‍ രണ്ട് വീഡിയോകളും പ്രദര്‍ശിപ്പിച്ചു. തൃശ്ശൂര്‍പ്പൂരം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ കലക്കിയത് കേന്ദ്രത്തിലെ ബി.ജെ.പി.യെക്കൊണ്ട് 'ആവശ്യമുള്ളവര്‍' നിര്‍ദേശിച്ചതുകൊണ്ടാണെന്നുകൂടി അദ്ദേഹം ആരോപിച്ചു.

മുഹമ്മദ് റിയാസിനെ വളര്‍ത്താനല്ല പാര്‍ട്ടിസംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത്. കോടിയേരി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. പാര്‍ട്ടിസെക്രട്ടറി എം.വി. ഗോവിന്ദന്‍ നിസ്സഹായനാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും എ.ഡി.ജി.പി. അജിത്കുമാറുമുള്‍പ്പെട്ട കൂട്ടുകെട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളിലുള്ളവര്‍ക്കിടയില്‍ അവിശുദ്ധകൂട്ടുകെട്ടുണ്ട്. അതാണ് താനുന്നയിച്ച ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ ലീഗും കോണ്‍ഗ്രസുമൊന്നും തയ്യാറാകാത്തത് എന്നും അന്‍വര്‍ പറഞ്ഞു വയ്ക്കുന്നു.

Tags:    

Similar News