അമ്മയുടെ ചികിത്സക്കെടുത്ത വായ്പ്പ കുടിശ്ശികയായി; യൂത്ത് കോണ്‍ഗ്രസുകാരനായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ ബിജെപിയുടെ ശ്രമം; ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍; നാമനിര്‍ദേശ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ നിറഞ്ഞ് രാഹുല്‍
ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസമായിരുന്നു ഇന്ന്. കല്‍പ്പറ്റയിലും എറണാകുളം ജില്ലയിലും അടക്കം യുഡിഎഫിന്റെ പ്രധാന സ്ഥാനാര്‍ഥികളുടെ പത്രിക പിഴവുകള്‍ ചൂണ്ടിക്കാട്ടി വരണാധികാരി തള്ളിയത് മുന്നണിക്ക് ക്ഷീണമായിരുന്നു. എന്നാല്‍, പാലക്കാട് മുന്‍സിപാലിറ്റിയിലും കോണ്‍ഗ്രസുകാരനായ സ്ഥാനാര്‍ഥിയുടെ പത്രിക തളളിക്കാന്‍ ശ്രമങ്ങള്‍ നടന്നു. എന്നാല്‍, ആ ശ്രമത്തെ ചെറുത്തു തോല്‍പ്പച്ചു യുഡിഎഫ് പ്രവര്‍ത്തകരുടെ ഹീറോയായി മാറിയത് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു.
അണികള്‍ക്കൊപ്പം നിന്ന് ചട്ടവും വരണാധികാരിക്ക് മുന്നില്‍ ചട്ടവും നിയമവും പറഞ്ഞ് രാഹുല്‍ വാദിച്ചപ്പോള്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനില്‍ എങ്കിലും പാലക്കാട് മണ്ഡലത്തില്‍ നിറഞ്ഞു നിന്ന് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി പ്രയത്ന്നിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. നേതൃതലത്തില്‍ തന്നെ എതിര്‍ക്കുന്നവരെ അണികളുടെ ബലത്തില്‍ താരമാകുകയാണ് രാഹുല്‍.
പാലക്കാട് നഗരസഭയിലെ 41-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ് വിപിന്റെ നോമിനേഷന്‍ തള്ളണമെന്ന് ബിജെപി സംസ്ഥാന ട്രഷറര്‍ കൃഷ്ണകുമാര്‍ ഉന്നയിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്റെ സര്‍ക്കുലര്‍ പ്രകാരം മത്സരിക്കുന്നതിന് യാതൊരു അയോഗ്യതയും ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വാദിക്കുകയായിരുന്നു. സംവാദത്തിനു ശേഷം റിട്ടേണിങ് ഓഫീസര്‍ പത്രിക സ്വീകരിച്ചു. വാര്‍ഡില്‍ വിപിന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.
യൂത്ത് കോണ്‍ഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ പി എസ് വിപിന്‍ മത്സരിക്കുന്ന കോര്‍പ്പറേഷനിലെ സംവരണ സീറ്റായ കാരക്കാട് സീറ്റിലാണ് മത്സരിക്കുന്നത്. മുന്‍പും കൗണ്‍സിലറായിട്ടുണ്ട് വിപിന്‍. അദ്ദേഹത്തിന്റെ അമ്മയുടെ ചികിത്സക്കായി എടുത്ത വായ്പ്പയില്‍ കുടിശ്ശിക വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് ബിജെപി നേതാക്കള്‍ ചെയ്തത്. ഈ ഘട്ടത്തില്‍ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തുന്ന മറ്റൊരു കൗണ്ടറിലായിരുന്നു രാഹുല്‍. ബിജെപി നേതാവും അഭിഭാഷകനുമായ കൃഷ്ണകുമാര്‍ പത്രിക തള്ളണമെന്ന ആവശ്യം ഉയര്‍ത്തിയതോടെയാണ് രാഹുലിന് അരികിലേക്ക് വിപിന്‍ എത്തുന്നത്.
ഇതോടെ രാഹുല്‍ എത്തി തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിക്കായി ശക്തമായി വാദിച്ചു. ബാങ്കുകള്‍, സര്‍വീസ് സഹകരണ സംഘങ്ങള്‍, അല്ലെങ്കില്‍ കെ.എസ്.എഫ്.ഇ. പോലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള ഏതൊരു കുടിശ്ശികയും സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നല്‍കാനുള്ള 'കുടിശ്ശികയായി' നിയമപരമായി കണക്കാക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി വാദിച്ചു.
അതിനാല്‍, നിലവിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം അത് അയോഗ്യതയ്ക്ക് കാരണമാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ (റിട്ടേണിങ് ഓഫീസര്‍മാര്‍) അവര്‍ പുറത്തിറക്കിയ നിലവിലെ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ സര്‍ക്കുലറിലാണ് യോഗ്യതയുടെയും അയോഗ്യതയുടെയും മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥര്‍ ജഡ്ജിമാരല്ലെന്നും കമ്മീഷന്റെ സ്വന്തം സര്‍ക്കുലറിനപ്പുറം നിയമം വ്യാഖ്യാനിക്കാനോ മാറ്റിവെക്കാനോ അവര്‍ക്ക് അധികാരമില്ലെന്നും രാഹുല്‍ ഉറപ്പിച്ചു പറഞ്ഞു. നിയമത്തെക്കുറിച്ചോ സര്‍ക്കുലറിനെക്കുറിച്ചോ ഉള്ള ഏതൊരു തര്‍ക്കവും കോടതിയില്‍ ഉന്നയിക്കേണ്ട വിഷയമാണ്.
സമ്പത്തോ സാമ്പത്തിക ബാധ്യതകളില്ലായ്മയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കിയിരുന്ന പഴയ രീതി മാറ്റുന്നതിനായി, നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തതെന്നും പാലക്കാട് എംഎല്‍എല്‍ ചൂണ്ടിക്കാട്ടി. പണക്കാര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നാണോ നിലപാട് എന്നും ബിജെപി നേതാക്കളോടായി രാഹുല്‍ ചോദിച്ചു. ഇതോടെ 'നീ വലിയ ആളവണ്ടടാ... എന്നു പറഞ്ഞത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ തിരിഞ്ഞു. ചെറിയ വാക്കു തര്‍ക്കമുണ്ടായെങ്കിലും രാഹുലിന്റെ കൃത്യമായ ഇടപെടലില്‍ യുഡിഎഫ് സ്ഥാനാര്‍തിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു.
രാഹുലിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇവിടെ വിജയിച്ചത്. രാഹുലിന്റെ ഇടപെടല്‍ പ്രവര്‍ത്തകരിലും ആവേശമുണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പാലക്കാട് സജീവമാകാനാണ് രാഹുല്‍ ഒരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. സസ്‌പെന്റ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയുടെ ഔദോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതില്‍ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.
പാലക്കാട് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക റോളില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍ അടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിരുന്നു. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ച വേളയിലും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. സിപിഎം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. 24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെഎസ്യുക്കാരിയുടെ സ്ഥാനാര്‍ഥിത്വം നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കില്‍ നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ, എന്നാണ് എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പാലക്കാട് മണ്ഡലത്തില്‍ രാഹുലിനെ തടയുമെന്ന് പ്രഖ്യാപിച്ച സിപിഎമ്മും ബിജെപിയുമെല്ലാം ആ നീക്കം ഉപേക്ഷിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നിറഞ്ഞ് പരിപാടികളുമായി സജീവമാണ് രാഹുല്‍ ഇപ്പോള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് കോര്‍പ്പറേഷനില്‍ അടക്കം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയാല്‍ രാഹുല്‍ വീണ്ടും കോണ്‍്രസിന്റെ താരമുഖമായി മാറുമെന്നത് ഉറപ്പാണ്.
