രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം; സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം പങ്കെടുത്തു; സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു; ഫ്‌ലക്‌സ് ബോര്‍ഡ് വെച്ച് എല്ലാവരെയും അറിയിച്ച് പൊതുപരിപാടികളിലേക്കും കടക്കുന്നു; തടയുമെന്ന് പ്രഖ്യാപിച്ചവരെ സൈഡാക്കി രാഹുല്‍ സജീവം
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം
പാലക്കാട്: തന്റെ നിയമസഭാ മണ്ഡലമായ പാലക്കാട് സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സ്വകാര്യ ചടങ്ങുകള്‍ക്ക് അപ്പുറം സര്‍ക്കാര്‍ പരിപാടികളിലും എംഎല്‍എ സാന്നിധ്യമറിയിച്ചു. സിപിഎം ഭരിക്കുന്ന കണ്ണാടിഗ്രാമ പഞ്ചായത്തിലെ തരുവക്കുര്‍ശ്ശി വാര്‍ഡിലെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ പറയുമ്പോഴാണ് സര്‍ക്കാര്‍ പരിപാടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്.
അംഗന്‍വാടി വര്‍ക്കര്‍,ആശാവര്‍ക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.അതേസമയം,പരിപാടിയുടെ ഉദ്ഘാടനം രാഹുലാണ് ചെയ്യുന്നതെന്ന ബോര്‍ഡോ നോട്ടീസോ ഇറക്കിയിരുന്നില്ല. ലൈംഗികാരോപണവിവാദങ്ങള്‍ക്ക് പിന്നാലെ പാലക്കാട് തിരിച്ചെത്തിയ രാഹുല്‍ മൂന്ന് സര്‍ക്കാര്‍ പരിപാടികളിലാണ് പങ്കെടുത്തത്.
കഴിഞ്ഞാഴ്ച പാലക്കാട് - ബംഗളൂരു കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആര്‍ടിസിയുടെ പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങള്‍ക്ക് ശേഷം രാഹുല്‍ പങ്കെടുത്ത ആദ്യത്തെ സര്‍ക്കാര്‍ പരിപാടിയായിരുന്നു ഇത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പാലക്കാട് നഗരസഭയിലെ 36 ാം വാര്‍ഡ് കുടുംബശ്രീ പരിപാടിയുടെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിച്ചിരുന്നു.
ഇന്ന് രായിരി പഞ്ചായത്തിലെ പൂഴിത്തോട് റോഡിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. രാഹുലിന് അഭിവാദ്യം അര്‍പ്പിച്ച് മുസ്‌ലിം ലീഗ് ഫ്‌ളക്‌സ് ബോര്‍ഡടക്കം സ്ഥാപിച്ചിട്ടുണ്ട്. ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎല്‍എയുടെ പരിപാടി. അതുകൊണ്ട് തന്നെ സിപിഎം, ബിജെപി പ്രതിഷേധം ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
ഇതുവരെ പാലക്കാട്ടെ രാഹുലിന്റെ പൊതുപരിപാടികള്‍ ആരെയും അറിയിക്കാതെയും ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കാതെയുമാണ് നടത്തിയിരുന്നതെങ്കില്‍ റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തുന്നത്. വിവാദങ്ങളുണ്ടായി ഒന്നര മാസത്തിനുശേഷമാണ് രാഹുലിന്റെ പേരില്‍ ഇത്തരത്തിലൊരു ഫ്‌ലക്‌സ് മണ്ഡലത്തില്‍ സ്ഥാപിക്കുന്നത്. പരിപാടിയില്‍ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയും ഡിവൈഎഫ്‌ഐയും അറിയിക്കുന്നത്. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് നടക്കുന്നത്.
എംഎല്‍എ ഫണ്ട് അനുവദിച്ച രാഹുല്‍ പൂഴിക്കുന്നം കോണ്‍ക്രീറ്റ് റോഡ് എന്ന സ്വപ്ന പദ്ധതിക്ക് എംഎല്‍എ ഫണ്ട് അനുവദിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കും പദ്ധതി യഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച വാര്‍ഡ് മെമ്പര്‍ എച്ച് ഷമീറിനും അഭിനന്ദനങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലുള്ളത്. പത്തു ലക്ഷം രൂപ എംഎല്‍എ ഫണ്ട് അനുവദിച്ചുകൊണ്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നതെന്നും ഇതിനാല്‍ തന്നെ എംഎല്‍എ ആണ് റോഡ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ഇത്തരത്തില്‍ തീരുമാനിച്ചതെന്നും വാര്‍ഡ് അംഗം എച്ച് ഷമീര്‍ പറഞ്ഞു.