'പൊലീസ് ഇതൊന്നു കാണൂ...'-ഷാഫിയെ അടിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; 'ശ്രീ വിജയന്‍, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കും'മെന്നും പാലക്കാട് എംഎല്‍എ; ശസ്ത്രക്രിയക്ക് വിധേയനായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ രാഹുല്‍ സന്ദര്‍ശിച്ചു

'പൊലീസ് ഇതൊന്നു കാണൂ...'-ഷാഫിയെ അടിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-10-11 07:35 GMT

കോഴിക്കോട്: ഷാഫി പറമ്പില്‍ എം.പിയെ പേരാമ്പ്രയില്‍ പൊലീസ് മര്‍ദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. 'പൊലീസ് ഷാഫി പറമ്പിലിനെ തല്ലിയില്ല എന്ന് ഇന്നലെ മുതല്‍ പച്ചക്ക് കള്ളം പറയുന്ന പോലീസ് ഇതൊന്നു കാണൂ, കള്ളം മാത്രം പറയുന്ന അഭ്യന്തര മന്ത്രിക്ക് പറ്റിയ പൊലീസ് തന്നെ' എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമത്തില്‍ ദൃശ്യം പോസ്റ്റ് ചെയ്തത്. ശസ്ത്രക്രിയക്ക് വിധേയനായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ചു.

പേരാമ്പ്രയില്‍ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ അനുനയിപ്പിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍. ഇതിനിടെ, മുഖാമുഖം നിന്ന പൊലീസുകാര്‍ ഷാഫിയുടെ തലയ്ക്കും മുഖത്തും ലാത്തികൊണ്ട് ആവര്‍ത്തിച്ച് അടിക്കുന്നത് രാഹുല്‍ പങ്കുവെച്ച ദൃശ്യത്തില്‍ കാണാം. എന്നാല്‍, പൊലീസ് മര്‍ദിച്ചിട്ടില്ലെന്നും ടിയര്‍ ഗ്യാസ് പൊട്ടിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതാണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍, ഈ വാദം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യം.

പൊലീസ് അക്രമത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫോട്ടോയും രാഹുല്‍ ഇന്നലെ പങ്കുവെച്ചിരുന്നു. 'നിങ്ങള്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണ്ണ മോഷണം മറയ്ക്കാന്‍ നിങ്ങള്‍ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങള്‍ മറുപടി പറയേണ്ടി വരും ശ്രീ വിജയന്‍, പറയിപ്പിക്കും ഈ നാട്' എന്ന അടിക്കുറിപ്പോടെയാണ് രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച് ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ രാഹുല്‍ പങ്കുവെച്ചത്.


Full View

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജിലാണ് ഷാഫി പറമ്പില്‍ എം.പി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റത്. പ്രതിഷേധക്കാരെ മുഖാമുഖം നിന്ന് നേരിട്ട പൊലീസ് ലാത്തികൊണ്ട് ഷാഫിയുടെ തലക്കും മുഖത്തും മര്‍ദിക്കുകയായിരുന്നു. മൂക്കിന് സാരമായി പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഞ്ചുദിവസം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്രയില്‍ യു.ഡി.എഫ് ഹര്‍ത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാന്‍ ശ്രമിച്ച യു.ഡി.എഫ് പ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയില്‍ പ്രകടനം നടത്തി.

ആദ്യം നടന്ന സി.പി.എം പ്രകടനം മാര്‍ക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാന്‍ഡില്‍ നിലയുറപ്പിച്ച സി.പി.എം പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാല്‍, പിരിഞ്ഞു പോകാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തയാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഗ്രനേഡ് കൈയില്‍നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീണ്‍ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടര്‍ച്ചയായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയുംചെയ്തു.

Tags:    

Similar News