സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് 70,000 വോട്ടിന്; ആറല്ല, 11 വോട്ടിന്റെ ക്രമക്കേടുണ്ടെങ്കിലും അത്രയും വരില്ലല്ലോ? വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല; ജനങ്ങളെ വിഡ്ഡികളാക്കാന് ശ്രമിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കൂവെന്ന് രാജീവ് ചന്ദ്രശേഖര്‍
സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് 70,000 വോട്ടിന്;
തിരുവനന്തപുരം: തൃശൂര്‍ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖര്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയും പിണറായി വിജയനും നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് ഇല്ലെന്നും പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാജീവ് ചന്ദ്രശേഖര്‍.
പത്തുകൊല്ലം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു. ജനങ്ങളെ വിഡ്ഡികളാക്കാന് ശ്രമിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുക്കുകയാണ് ആക്ഷേപമുള്ളവര്‍ ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, അവരുടെ ബി ടീമാണ് സിപിഐഎം. ഒന്നര കൊല്ലം മുന്‍പ് നടന്ന സുരേഷ് ഗോപിയുടെ വിജയം എങ്ങനെ ഇപ്പോള്‍ ചര്‍ച്ചയാകുന്നുവെന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖര്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും പല നാടകങ്ങളും നടത്തുമെന്നും ആരോപിച്ചു.
'70,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ വിജയത്തില്‍ ഇന്ന് എന്തിനാണ് ഒരു വിവാദം? ആറല്ല 11 വോട്ടിന്റെ കാര്യമായാലും 70,000 വോട്ടിന്റെ അത്രയും വരില്ലല്ലോ. നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണ്. പകുതി നുണയും പകുതി സത്യവും വെച്ച് പ്രൊപ്പഗന്‍ഡ ചെയ്യുകയാണ്. ഫ്‌ലാറ്റിലെ വോട്ട് ചേര്‍ക്കലില്‍ ക്രമവിരുദ്ധത കാണുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിന്റെ പോക്കറ്റ് ആണെങ്കില്‍ കോടതിയുണ്ടല്ലോ. എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സുരേഷ് ഗോപിയോട് ചോദിക്കണം,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ ഓരോന്നും പറയുന്നത്. കഴിഞ്ഞ 10 വര്‍ഷം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇപ്പോള്‍ നടത്തുന്നത്. നുണകളാണ് പ്രചരിപ്പിക്കുന്നത്. കോടതിയോ, കമ്മീഷനോ പറഞ്ഞാല്‍ തെളിവുകള്‍ നല്‍കാം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലെത്തി. വന്ദേഭാരത് എക്സ്പ്രസില്‍ രാവിലെ 9.30 ഓടെയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് സുരേഷ് ഗോപിക്ക് നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായിരുന്നില്ല.
കനത്ത പൊലീസ് സുരക്ഷാ സന്നാഹത്തോടെയാണ് സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനു പുറത്തേക്ക് പോയത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ സുരേഷ് ഗോപി, ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാന്‍ പോയി. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. പ്രവര്‍ത്തകരുടെ ആരോഗ്യവിവരങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചറിഞ്ഞു.
ആശുപത്രിയിലെത്തിയപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. എന്നാല്‍ ചികിത്സയില്‍ കഴിഞ്ഞ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി, ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്നു മാത്രം പ്രതികരിച്ചു. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപി, സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച തൃശൂര്‍ ചേറൂരിലെ എംപി ഓഫീസിലെത്തി. മുന്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍, ജില്ലാ നേതാവ് ഹരി തുടങ്ങിയവര്‍ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി.
സുരേഷ് ഗോപിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാര്‍ച്ചില്‍ സുരേഷ് ഗോപിയും പങ്കെടുത്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. ക്രമക്കോട് ആരോപണം പാര്‍ട്ടി തള്ളിയിരുന്നു.