തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? യഥാര്‍ഥപ്രതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം; ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് ബന്ധമുള്ള 'കുറുവ സംഘ'മെന്ന് രാജീവ് ചന്ദ്രശേഖര്‍

തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല?

Update: 2026-01-10 12:46 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് ബന്ധമുള്ള 'കുറുവ സംഘ'മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് യഥാര്‍ത്ഥ പ്രതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സമാനമായ ആരോപണങ്ങളുമായി ബിജെപി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി.

കേസില്‍ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണക്കൊള്ളയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എതിരായ സമരത്തിന്റെ ഭാഗമായി ജനുവരി 14-ന് മകരവിളക്ക് ദിവസം എന്‍ഡിഎയുടെ നേതൃത്വത്തില്‍ വീടുകളിലും നാടുകളിലും അയ്യപ്പജ്യോതി തെളിയിക്കുമെന്നും ഇത് പ്രതിഷേധങ്ങളുടെ തുടക്കമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

സ്വര്‍ണ്ണക്കൊള്ളക്കേസിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്ഐടി) നടപടികള്‍ ദുരൂഹമാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് തന്ത്രിയുടെ അറസ്റ്റെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യം പ്രസക്തമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് കടകംപള്ളിയാണെന്നും പ്രതികളുമായി അദ്ദേഹത്തിന് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പ്രതികളില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രന്റെയും പി.എസ്. പ്രശാന്തിന്റെയും പേര് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭണ്ഡാരം സൂക്ഷിക്കാന്‍ തന്ത്രിക്ക് അധികാരമില്ലെന്നും കൊള്ള നടന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി ദേവസ്വം ബോര്‍ഡാണെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ആചാരം ലംഘിച്ചെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്ന പ്രസ്താവനയും അദ്ദേഹം നടത്തി.

Tags:    

Similar News