ആഗോള അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രം; എം.കെ. സ്റ്റാലിനും പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയും; ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് പിണറായി മാപ്പപേക്ഷിക്കണം; അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
ആഗോള അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രം
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിശ്വാസി സംഗമം എന്ന പേരില്‍ സെപ്റ്റംബര്‍ 20ന് പമ്പാതീരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ 'അയ്യപ്പ സംഗമം' നടത്തുന്നത് നാടകവും ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് രാജീവ് ആരോപിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയും. ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് പിണറായി മാപ്പപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 20ന് പമ്പാതീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് മുഖ്യാതിഥിയാകുക.
ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പോയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക. ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാകുമെന്നാണ് സംഗമത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്.