എയിംസ് തന്റെ പോക്കറ്റിലുണ്ടെന്ന് സുരേഷ്ഗോപി നിരന്തരം പറഞ്ഞു, കിട്ടിയത് വട്ടപ്പൂജ്യം; മോദിയുടെ വികസിത ഭാരതത്തിൽ കേരളമില്ലേ?; ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റ് കേരളത്തിന് സമ്പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ബി.ജെ.പി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കറ്റിലുണ്ടെന്ന് നിരന്തരം പറഞ്ഞിട്ടും ബഡ്ജറ്റിൽ സംസ്ഥാനത്തിന് ലഭിച്ചത് വട്ടപ്പൂജ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ 2014ലെ ആദ്യ ബഡ്ജറ്റ് മുതൽ കേരളത്തോട് തുടർച്ചയായ അവഗണനയാണ് കേന്ദ്രം കാണിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
എയിംസ്, അതിവേഗ റെയിൽപാത തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം വന്നെങ്കിലും അതിലൊന്ന് പോലും കേരളത്തിന് ലഭിക്കുമെന്ന സൂചനയില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെപ്പറ്റി വാചാലനായപ്പോൾ, മോദിയുടെ വികസിത ഭാരതത്തിൽ കേരളം ഉൾപ്പെടില്ലേ എന്ന ചോദ്യമാണ് ബഡ്ജറ്റ് വന്നപ്പോൾ ഉയരുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രധാനമന്ത്രിയും മറ്റു ബി.ജെ.പി നേതാക്കളും റോഡ്‌ഷോയുമായി കേരളത്തിന്റെ തെരുവുകളിലിറങ്ങുകയും ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യും. എന്നാൽ പിന്നീട് അവയെല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി മാറുകയാണ് പതിവ്. ഏഴ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോൾ അതിലെങ്കിലും കേരളത്തെ ഉൾപ്പെടുത്തേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കറ്റിലുണ്ടെന്നും എപ്പോൾ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞിരുന്നത്. എന്നാൽ ബഡ്ജറ്റ് വന്നപ്പോൾ കേരളത്തിന് കിട്ടിയത് ഒന്നുമില്ലാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.