ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന 'ക്യാപ്‌സ്യൂള്‍ വിദഗ്ധനും' ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്

ചാനല്‍ ചര്‍ച്ചയിലൂടെ സിപിഎമ്മിനെ ന്യായീകരിക്കുന്ന 'ക്യാപ്‌സ്യൂള്‍ വിദഗ്ധനും' ഒടുവില്‍ പിണറായി കൈവിട്ടു

Update: 2026-01-08 06:19 GMT

തിരുവനന്തപുരം: സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.

ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. യുവാക്കള്‍ നാടുവിടുന്നു അവസ്ഥയാണ് ഉള്ളതെന്നം റെജി ലൂക്കോസ് പറഞ്ഞു. അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കും. ബിജെപി നടത്തുന്ന വികസനം താന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയില്‍ നടത്തിയ വികസന പ്രവര്‍ത്തനം യാത്രയ്ക്കിടെ താന്‍ കണ്ടു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വര്‍ഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നല്‍കിയതെന്നും സിപിഎം.

ജനുവരി 11 ന് അമിത് ഷാ കേരളത്തിലെത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിയാസഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ മാറ്റം കാണും. ആര്‍ക്കാണ് വികസനത്തെ പറ്റി കാഴ്ചപ്പാടുള്ളത് എന്ന് ജനങ്ങളെ കൃത്യമായി മനസ്സിലാക്കി കൊടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കുറച്ചുകാലമായി സിപിഎമ്മിന്റെ രാഷ്ടീയ നിലപാടിന് വിരുദ്ധമായാണ് റെജി ലൂക്കോസ് പ്രവര്‍ത്തിച്ചിരുന്നത്. മുനമ്പം വഖഫ് വിഷയത്തില്‍ അടക്കെ റെജി ലൂക്കോസ് ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിരുന്നു. വഫഖ് നിയമം കാടവും കിരാതവും അപരിഷ്‌കൃതവുമാണെന്ന് റെജിലൂക്കോസ് അടുത്തിടെ നിലപാട് സ്വീകരിച്ചിരുന്നു. ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്റെ ഭീഷണി നിഴലിലാണെന്നും രാജ്യത്ത് വഖഫ് നിയമം അടിപ്പേല്‍പ്പിച്ച കോണ്‍ഗ്രസ് മാത്രമാണ് ഇതില്‍ യഥാര്‍ഥ കുറ്റവാളികളെന്നും റെജി ലൂക്കോസ് ആരോപിച്ചത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്റിലും നിയമസഭയിലും സിപിഎം ശക്തമായി എതിര്‍ത്തിരുന്നു. ഇതിനിടെയാണ് റെജി ലൂക്കോസ് സിപിഎമ്മിന് ഘടകവിരുദ്ധമായ നിലപാട് പറഞ്ഞതും.

മലയാള ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ റെജി ലൂക്കോസ് അമേരിക്കയിലാണ് കൂടുതല്‍ കാലവും ചെലവഴിച്ചത്. അമേരിക്കയില്‍ ആറ് വര്‍ഷം പത്രപ്രവര്‍ത്തന രംഗത്തു സജീവമായിരുന്നു. പിണറയി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ച ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് റെജി ലൂക്കോസ്. താന്‍ പിണറായിയുമായി വളരെ അടുപ്പമുണ്ടായിരുന്നു എന്നാണ് റെജി അവകാശപ്പെട്ടിരുന്നത്. കൈരളി ടി.വിയുമായി ദേശാഭിമാനിയുമയി അടക്കം സഹകരിച്ചിരുന്നത്. കോട്ടയം, കുറുമുള്ളൂര്‍, മനപ്പാട്ടുകുന്നേല്‍ ലൂക്കോസ്, മേരി ദമ്പതികളുടെ മകനാണ് റെജി ലൂക്കോസ്.

Tags:    

Similar News