ട്വന്റി 20യോട് ഏറ്റുമുട്ടുന്നത് ഇടതുവലത് പാര്‍ട്ടികളുടെ കുറുവ സംഘം; തങ്ങളെ പേടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചു; ബെന്നി ബെഹനാനെ വെല്ലുവിളിച്ചാല്‍ മറുപടി പറയുന്നത് ശ്രീനിജന്‍; 32 കോടിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകള്‍ പുറത്ത് വിട്ട് സാബു ജേക്കബ്: 10 വര്‍ഷം കൊണ്ട് ട്വന്റി 20 ലാഭിച്ചത് 19% അധികമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍

ട്വന്റി 20യോട് ഏറ്റുമുട്ടുന്നത് ഇടതുവലത് പാര്‍ട്ടികളുടെ കുറുവ സംഘം

Update: 2025-12-06 10:34 GMT

കിഴക്കമ്പലം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടിയോട് മത്സരിക്കുന്നത് ഇടത്-വലത് മുന്നണികളുടെ 25 പാര്‍ട്ടികള്‍ അടങ്ങുന്ന കുറുവ സംഘമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ്. കേവലം 10 വര്‍ഷം മാത്രം പ്രായമുള്ള ട്വന്റി 20 പാര്‍ട്ടിയെ പ്രതിരോധിക്കാനാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും, സിപിഎം.ന്റെയും നേതാക്കള്‍ അവരുടെ മുഴുവന്‍ സമയവും ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനെ വെല്ലുവിളിച്ചാല്‍ സിപിഎം എം.എല്‍.എ ശ്രീനിജനാണ് മറുപടി പറയുന്നത്. ഇവരുടെ ഏക അജണ്ട ഉദ്യോഗസ്ഥരെയും കോണ്‍ട്രാക്ടറുമാരെയും കൂട്ട് പിടിച്ച് പൊതുജനങ്ങളുടെ നികുതി പണം അടിച്ചുമാറ്റുകയാണ്.

കിഴക്കമ്പലം പഞ്ചായത്തില്‍ 32 കോടി രൂപ നീക്കിയിരിപ്പില്ലെന്ന് ബെന്നി ബഹനാന്‍ എം.പി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പദ്ധതി വിഹിതം വേണ്ട വിധം നടപ്പാക്കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെ 2022 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ടാണ് പാര്‍ട്ടി തിരിച്ചടിച്ചത്.

2025-ല്‍ നികുതി പിരിവില്‍ പഞ്ചായത്ത് സെക്രട്ടറി ടി.അജി വരുത്തിയ വീഴ്ച്ചയായ 18600 രൂപയുടെ വരവ് നഷ്ടമല്ലാതെ 2022 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതം, തനത്് വരുമാനം, കേന്ദ്ര ഫണ്ടിന്റെ വിനിയോഗം, സംയുക്ത ഫണ്ട് വിനിയോഗം എന്നിവയില്‍ യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

10 വര്‍ഷം ട്വന്റി 20 ഭരിച്ചതിലൂടെ 32 കോടി രൂപ വിവിധ ബാങ്കുകളില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തതിന്റെ രേഖകള്‍ പാര്‍ട്ടി പ്രസിഡന്റ് പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 212 കോടി രൂപയുടെ വാര്‍ഷിക പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്. അഴിമതി തടഞ്ഞ് കാര്യക്ഷമമായി പദ്ധതികള്‍ നടപ്പാക്കിയതിലൂടെ പദ്ധതി വിഹിതത്തിന്റെ 19 ശതമാനത്തില്‍ അധികം രൂപ ഇടത്-വലത് പാര്‍ട്ടികള്‍ ഭരിക്കുന്ന പഞ്ചായത്തുകളിലേതിലും ലാഭിക്കാനും സാധിച്ചു.

ഇക്കുറി കൊച്ചി കോര്‍പ്പറേഷനിലും, മരട്, തൃപ്പുണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കൊല്ലം ജില്ലയിലെ പത്തനാപുരം പഞ്ചായത്ത് മുതല്‍ പാലക്കാട് മുതലമട പഞ്ചായത്തില്‍ വരെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ആകെ 880 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സിപിഎംന്റെയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ നേതാക്കളും ഭീക്ഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും പാര്‍ട്ടിയുടെ നിരവധി സ്ഥാനാര്‍ത്ഥികളെ പിന്‍തിരിപ്പിച്ചിട്ടുണ്ട്. ട്വന്റി20 പാര്‍ട്ടിയുടെ വളര്‍ച്ചയെയും, അഴിമതി രഹിത ഭരണത്തെയും ഈ പാര്‍ട്ടികള്‍ എത്രത്തോളം ഭയക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്നും സാബു ജേക്കബ് പറഞ്ഞു.

Tags:    

Similar News